പ്രണയം ഇങ്ങനെയുമാണ്

കവിത: ജിബിന.എ.എസ്

ഒരുമിച്ച് നനഞ്ഞ
മഴയുടെ കുളിര്
വിട്ടകന്നത് നന്നായി.

തീരത്ത് പതിഞ്ഞ
നമ്മുടെ കാല്‍പ്പാടുകള്‍
കടലെടുത്ത് പോയതും നന്നായി

കണ്ണുകള്‍ തമ്മില്‍ ഇടഞ്ഞിട്ടും
പ്രണയം ചൂടുപിടിച്ചിട്ടും
ചുംബനമോ ആലിംഗനമോ
നമ്മുക്കിടയില്‍
പ്രത്യക്ഷപ്പെടാതിരുന്നതും നന്നായി

ഒരുമിച്ച് കണ്ട ആ സിനിമയില്‍
നായകനും നായികയും
ഒന്നാവാതിരുന്നതും നന്നായി

നമ്മള്‍ കൈമാറിയ
അക്ഷരപ്രണയം മായ്ക്കാന്‍
ക്ലിയര്‍ചാറ്റും ഡിലീറ്റ് ബട്ടണും
കണ്ണില്‍പ്പെട്ടതും നന്നായി

ഇനി മറവിയിലേക്ക്
ധൈര്യമായ് ഊര്‍ന്നിറങ്ങാം.
ചോദ്യം ചെയ്യാനെത്തുന്ന
ഓര്‍മ്മകള്‍ ഒരിക്കലും തെളിവുകൾ നിരത്തില്ല

Leave a Reply

Your email address will not be published. Required fields are marked *