യുഗപുരുഷന്‍റെ ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണാമം
നവോത്ഥാന നായകന്‍ അയ്യന്‍കാളിയുടെ ചരമവാര്‍ഷികമാണ് ഇന്ന്.
തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരിൽ 1863 ൽ ജനിച്ച അയ്യങ്കാളി 1905 ൽ സാധുജന പരിപാലന സംഘം എന്ന സംഘടന സ്ഥാപിച്ചുകൊണ്ടാണ് ജാതിവ്യവസ്ഥയ്ക്ക് എതിരായ പോരാട്ടത്തിന് തുടക്കമിട്ടത്.
അധഃസ്ഥിത ജനതയ്ക്ക് പൊതുവഴിയിലൂടെ സഞ്ചരിക്കാനുള്ള സ്വാതന്ത്യ്രത്തിനുവേണ്ടിയായിരുന്നു ആദ്യ പോരാട്ടം.സവര്‍ണ്ണര്‍ മാത്രമുപയോഗിച്ചിരുന്ന വില്ലുവണ്ടിയിൽ തിരുവനന്തപുരത്തെ പൊതുവഴിയിലൂടെ ‘വില്ലുവണ്ടി യാത്ര’ നടത്തി അദ്ദേഹം ജാതിമേധാവിത്വത്തെ വെല്ലുവിളിച്ചു. എല്ലാ ജാതിക്കാർക്കും പൊതുനിരത്തിലൂടെ സഞ്ചരിക്കാനുള്ള സ്വാതന്ത്യ്രം ലഭിച്ചതോടെയാണ് ആ സമരം അവസാനിച്ചത്.
പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാർഥികളെ സർക്കാർ സ്കൂളുകളിൽ പ്രവേശിപ്പിക്കാനായിരുന്നു അടുത്ത പോരാട്ടം. ഒരു വർഷത്തോളം നീണ്ട പ്രക്ഷോഭത്തിന്റെ ഫലമായി 1910 ൽ എല്ലാവർക്കും വിദ്യാഭ്യാസത്തിന് അനുമതി ലഭിച്ചു. അധഃസ്ഥിത സ്‌ത്രീകൾ ജാതി ചിഹ്നമെന്നോണം കഴുത്തിലണിഞ്ഞിരുന്ന കല്ലുമാലകൾ ഉപേക്ഷിക്കാൻ അയ്യങ്കാളി ആഹ്വാനം ചെയ്തു.1914 ലെ കല്ലുമാല സമരം കേരള ചരിത്രത്തിലെ നാഴികകല്ലായിരുന്നു.
ശ്രീമൂലം പ്രജാസഭയിലേക്ക് 1912 ൽ അയ്യങ്കാളി നാമനിർദേശം ചെയ്യപ്പെട്ടു. 25 വർഷം ആ പദവിയിൽ തുടർന്നു. 1914 മേയിൽ ‘സാധുജന പരിപാലിനി’ പത്രം തുടങ്ങി. ക്ഷേത്രപ്രവേശന വിളംബരം നടത്തിയതിന് തിരുവിതാംകൂർ മഹാരാജാവിനെ അഭിനന്ദിക്കാനെത്തിയ മഹാത്മാഗാന്ധി ഇതിനു പിന്നിലെ അയ്യങ്കാളിയുടെ പ്രവർത്തനം മനസ്സിലാക്കി അദ്ദേഹത്തെ വെങ്ങാനൂരിൽ സന്ദർശിച്ചു. 1937 ജനുവരി 14ന് ആയിരുന്നു ആ കൂടിക്കാഴ്ച. 1941 ജൂൺ 18 ന് അയ്യങ്കാളി അന്തരിച്ചു.