അനശ്വരമായി വാലിയുടെ പാട്ടുകള്‍

അമ്മാ എൻറഴയ്ക്കാതെ ഉയിരില്ലയേ അമ്മാവേ വണങ്കാതെ ഉയർവില്ലയേ നേരിൽനിൻറ് പേശും ദൈവം പെറ്റ തായൻറി വേറൊൻറ് യേത്……’ പി. വാസുവിന്റെ സംവിധാനത്തിൽ രജനീകാന്ത് നായകനായ മന്നൻ എന്ന ചിത്രത്തിലെ ഈ ഗാനം താൻ സംഗീതം നൽകിയ ഗാനങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടവയുടെ പട്ടികയിലാണ് ഇളയരാജ അടയാളപ്പെടുത്തിയിരിക്കുന്നത്. ഈ തമിഴ്ഗാനം പാടി ഉജ്വലമാക്കിയത് സാക്ഷാൽ യേശുദാസ്! ഒരുപക്ഷേ, യേശുദാസിന്റെ ഏറ്റവും വലിയ തമിഴ് ഹിറ്റ്.

തമിഴ് ചലച്ചിത്ര ഗാനരചയിതാവും, അഭിനേതാവും, കവിയുമായിരുന്നു ടി.എസ്. രംഗരാജൻ എന്ന വാലി. അഞ്ച് ദശകത്തോളം തമിഴ് സിനിമയില്‍ ഗാനരചയിതാവ് എന്ന വാക്കിന്റെ പര്യായമായിരുന്ന വാലി എന്ന ടി.എസ്. രംഗരാജന്‍. പതിനായിരത്തിലേറെ പാട്ടുകള്‍ രചിച്ചിട്ടുള്ള വാലി എം.ജി.ആറിന്റെ സ്വന്തം പാട്ടെഴുത്തുകാരനായാണ് അറിയപ്പെട്ടിരുന്നത്. തമിഴിലെ ഒട്ടുമിക്ക പ്രശസ്ത സംഗീത സംവിധായകരും വാലിയുടെ വരികള്‍ക്ക് ഈണം പകര്‍ന്നിട്ടുണ്ട്.

കണ്ണദാസന്‍ കത്തിജ്ജ്വലിച്ച് നില്‍ക്കെ തമിഴ് സിനിമയ്ക്കായി എഴുതിത്തുടങ്ങിയ വാലി ഏറ്റവുമൊടുവില്‍ ധനുഷ് നായകനായി അഭിനയിച്ച ‘മരിയാന്‍’ വസന്തബാലന്‍ സംവിധാനം ചെയ്ത കാവ്യ തലൈവന്‍ എന്ന സിനിമകൾക്ക് വേണ്ടിയാണ് അദ്ദേഹം അവസാനമായി പാട്ടുകളെഴുതിയത്.

സത്യ, ഹേ റാം, പാര്‍ത്താലേ പരവശം, പൊയ്ക്കാല്‍ കുതിരൈ തുടങ്ങിയ സിനിമകളില്‍ വാലി അഭിനയിച്ചിട്ടുമുണ്ട്. മലയാളത്തിലെ എക്കാലത്തെയും മെഗാഹിറ്റായ മണിച്ചിത്രത്താഴിലെ ‘ഒരുമുറൈ വന്ത് പാര്‍ത്തായാ…’ എന്ന ഗാനത്തിലെ തമിഴ് വരികള്‍ രചിച്ചത് വാലിയായിരുന്നു. കടുത്ത ദാരിദ്ര്യത്തില്‍ മനം‌മടുത്ത് ആത്മഹത്യയില്‍ അഭയം തേടിയാലോ എന്ന് ചിന്തിച്ച ഒരുകാലം വാലിക്ക് ഉണ്ടായിരുന്നു. സുമൈതങ്കി എന്ന ചിത്രത്തില്‍ കണ്ണദാസന്‍ എഴുതിയ ‘മയക്കമാ കലക്കമാ’ എന്ന ഗാനത്തിലെ വരികളാണ് അദ്ദേഹത്തെ തുടര്‍ന്ന് ജീവിക്കാന്‍ പ്രേരിപ്പിച്ചത്. 1931 ഒക്ടോബർ 29 ന് ശ്രീനിവാസ അയ്യങ്കാർ, പൊന്നമ്മാൾ ദമ്പതികളുടെ മകനായി ജനിച്ചു. ദീർഘകാലം ആകാശവാണിയിൽ സേവനമനുഷ്ഠിച്ചു.

‘അപൂര്‍വസഹോദരങ്ങള്‍’ എന്ന സിനിമയില്‍ പ്രണയനൈരാശ്യത്തോടെ നായകന്‍ പാടുന്ന ഗാനം എഴുതാനായി കമലഹാസന്‍ വാലിയെ സമീപിച്ചു. വാലി ഗാനം എഴുതിനല്‍കി. എന്നാല്‍ കമലിന് തൃപ്തിയായില്ല. ആറുതവണ ആ ഗാനം മാറ്റിയെഴുതി. ഒടുവില്‍ പാട്ടെഴുതിനല്‍കിയിട്ട് വാലി പറഞ്ഞു – “ഇതുക്കുമേലൈ എന്നാലെ എഴുത മുടിയാത്”(ഇതില്‍ കൂടുതലായി എനിക്ക് എഴുതാന്‍ കഴിയില്ല). ആ ഗാനമാണ് “ഉന്നൈ നിനച്ചേന്‍ പാട്ടുപഠിച്ചേന്‍ തങ്കമേ ജ്ഞാനതങ്കമേ…”. ആ പാട്ട് ദേശീയ പുരസ്കാരത്തിന് അര്‍ഹമായി.

‘തൊട്ടാല്‍ പൂ മലരും…..’ ഉള്‍പ്പെടെയുള്ള ഭാവതീവ്രമായ ഗാനങ്ങള്‍ പിറന്ന അതേ തൂലികയില്‍ നിന്നുതന്നെയാണ് ‘മുക്കാല മുക്കാബല……’ ‘ചിക്പുക്ക് റെയിലേ…..’ തുടങ്ങിയ കിടിലന്‍ നമ്പറുകളും ആസ്വാദകരിലേക്കെത്തിയത്.

1958-ല്‍ ‘അഴകര്‍മലൈ കള്ളന്‍’ എന്ന സിനിമയ്ക്കുവേണ്ടി ഗാനങ്ങള്‍ രചിക്കുന്നതിന് അവസരം ലഭിച്ചതാണ് വാലിയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. ‘നല്ലവന്‍ വാഴ്‌വന്‍’ എന്ന എം.ജി.ആര്‍. ചിത്രത്തിനുവേണ്ടി പാട്ടെഴുതിയതോടെ വാലി തമിഴ് സിനിമാവേദിയില്‍ കാലുറപ്പിച്ചു.

എം.ജി.ആറിന്റെ രാഷ്ട്രീയപ്രവേശത്തില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള ‘നാന്‍ ആണയിട്ടാല്‍….’, ‘പുതിയ വാനം പുതിയ ഭൂമി….’ , ‘യേമാട്രാതെ യേമാട്രാതെ….’ എന്നീ പാട്ടുകള്‍ വാലിയുടെ തൂലികയില്‍നിന്ന് പിറന്നവയാണ്. ‘കര്‍പ്പകം’ എന്ന സിനിമയില്‍ വാലി എഴുതിയ ‘പക്കത്തു വീട്ട് പരുവ മച്ചാന്‍….’ എന്ന പാട്ടിലെ വരികളുടെ സൗന്ദര്യം കണ്ട് 1963-ല്‍ ചെന്നൈയില്‍ നടന്ന പൊതുയോഗത്തില്‍ കണ്ണദാസന്‍, വാലിയെ തന്റെ പിന്‍ഗാമിയായി പ്രഖ്യാപിച്ചിരുന്നു.

‘പടകോട്ടി’ എന്ന എം.ജി.ആര്‍.സിനിമയിലുള്ള ‘തൊട്ടാല്‍ പൂ മലരും…..’ എന്ന ഒരൊറ്റ ഗാനം മതി വാലിയെ തമിഴര്‍ എക്കാലവും ഓര്‍ക്കാന്‍ എന്ന് അടുത്തിടെ അന്തരിച്ച ടി.എം. സൗന്ദര്‍രാജന്‍ ഒരിക്കല്‍ പറഞ്ഞിരുന്നു. അഞ്ചുതവണ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയിട്ടുള്ള വാലിയെ 2007-ല്‍ രാഷ്ട്രം പത്മശ്രീ നല്‍കി ആദരിച്ചു. 2013 ജൂലൈ 18- ന് അന്തരിച്ചു.


കടപ്പാട് : വിവിധ മാധ്യമങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *