ലാലേട്ടന്റെ 61-ാം ജന്മദിനം ആഘോഷമാക്കി ആരാധകർ

രാത്രി പന്ത്രണ്ട് മണിക്ക് തന്നെ ജന്മദിനാശംസകളുമായി ലാലിന്റെ പ്രിയ ഇച്ചിക്ക(മമ്മൂട്ടി )പിറന്നാൾ ആശംസയുംമായി എത്തി. അതെ മോഹന്‍ലാലിന്റെ 61-ാം ജന്മദിനം ആഘോഷമാക്കുകയാണ് ആരാധകരും സുഹൃത്തുക്കളും.

നിരവധി പേരാണ് മോഹന്‍ലാലിന് ആശംസകളുമായി എത്തിയിരിക്കുന്നത്. പ്രിയദര്‍ശന്‍, ആസിഫ് അലി, സംയുക്ത, നിവിന്‍ പോളി, പൃഥ്വിരാജ്, ടൊവിനോ തുടങ്ങി സിനിമാ മേഖലയിലെ നിരവധി സഹപ്രവര്‍ത്തകരും താരത്തിന്റെ ജന്മദിനത്തില്‍ ആശംസകള്‍ അറിയിച്ചു.

പിറന്നാളാശംസകള്‍ സ്റ്റീഫന്‍! പിറന്നാളാശംസകള്‍ അബ്റാം. പിറന്നാളാശംസകള്‍ ലാലേട്ടാ എന്നായിരുന്നു പൃഥ്വി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

കുസൃതി ഒളിപ്പിച്ച കണ്ണുകളും, പ്രണയം നിറഞ്ഞ മുഖവും ,ചരിഞ്ഞുള്ള നടത്തവും – ഇത്രയും കേൾക്കുമ്പോൾ തന്നെ മലയാളികൾ മനസ്സിൽ ഒരു പാട്ട് മൂളും ചങ്കല്ല ,ചങ്കിടിപ്പാണ് ഏട്ടനെന്ന് . അതെ ചങ്കിടിപ്പ് തന്നെയാണ് മോഹൻലാൽ .


1980 ലെ പ്രതിനായകത്വത്തിൽ ആരംഭിച്ച നടന പ്രയാണം ഇന്ന് ഇരുന്നൂറ് കോടി ക്ലബിലാണ് നിൽക്കുന്നത് . അതിനിടയിൽ പ്രണയത്തിന്റെ ,നർമ്മത്തിന്റെ , ശൃംഗാരങ്ങളുടെ ,വില്ലത്തരത്തിന്റെ പല മാനറിസങ്ങളും മലയാളി കണ്ടു കഴിഞ്ഞു. ഇപ്പോൾ സംവിധാന കലയിലേക്കും പിച്ചവച്ചുകഴിഞ്ഞു ലാലേട്ടൻ.

കിലുക്കത്തിലെ ജോജി മലയാളിയെ ഏറെ ചിരിപ്പിച്ചപ്പോൾ ,തൂവാനത്തുമ്പികളിലെ ജയകൃഷ്ണനും,പാദമുദ്രയിലെ മാതു പണ്ടാരവും മനസ്സിൽ ഒളിപ്പിച്ച പ്രണയങ്ങളെ വീണ്ടും ഓർമ്മിപ്പിച്ചു . ജീവിക്കാൻ മോഹം തോന്നുന്നുവെന്ന് പറഞ്ഞ ചിത്രത്തിലെ വിഷ്ണുവിനെ കണ്ട് കണ്ണ് തുടച്ചവരും മലയാളികൾ തന്നെ .

നായികയുമായി ബാറിലിരുന്ന് പ്രണയിക്കുന്ന സുഖമോ ദേവിയിലെ സണ്ണിയുടെ ധൈര്യം മലയാള സിനിമയിൽ ഇന്നു വരെ ഒരു കാമുകനും കാട്ടിയിട്ടില്ല . പലരും രഹസ്യമായെങ്കിലും ആഗ്രഹിച്ചിരുന്നു സ്വന്തം കാമുകിയുമൊത്ത് ഇത്തരമൊരു അവസരമെന്നതും സത്യം .

ഐ വി ശശിയുടെ ദേവാസുരത്തിൽ ദേവനും,അസുരനും ഒരുമിച്ച മംഗലശേരി നീലകണ്ഠനായി മോഹൻലാൽ മീശ പിരിച്ചെത്തിയപ്പോൾ അത് പൗരുഷത്വത്തിന്റെ പ്രതീകമായി മാറി . ഫ്യൂഡൽ തെമ്മാടി എന്ന വിശേഷണത്തെ മനസ്സുകൊണ്ട് സ്വീകരിച്ച നായകനായിരുന്നു ദേവാസുരത്തിലേത് . നിസഹായായ നായികയെ ഭീഷണിപ്പെടുത്തി നൃത്തം ചെയ്യിക്കുമ്പോൾ ജയിക്കാൻ മാത്രം ജനിച്ചതാണോ ഈ നായകൻ എന്ന സംശയം പോലും നമ്മിൽ ഉണരും .

‘ ആനി മോനെ സ്നേഹിക്കുന്നപോലെ മാഗിയ്ക്ക് എന്നെ സ്നേഹിക്കാമോ ‘ എന്ന് ചോദിക്കുന്ന ദശരഥത്തിലെ രാജീവ് മേനോനെ കണ്ട് മക്കളെ കൂടുതൽ ചേർത്ത് പിടിച്ച അമ്മമാരും ഉണ്ടായി . എവിടെയോ ഒളിപ്പിച്ച് വച്ച പ്രേമത്തെ മഴയുടെ അകമ്പടിയിൽ ക്ലാരയുടെ കാതിലോതിയ ജയകൃഷ്ണൻ . ഒരിക്കലും ഒരു പെണ്ണിന്റെയും നാശം താൻ മൂലമാകരുതെന്ന് ആഗ്രഹിച്ച മണ്ണാർത്തൊടിയിലെ ജയകൃഷ്ണന്റെ വിവാഹഭ്യർത്ഥന ക്ലാര നിരസിക്കുമ്പോഴാണ് വിരഹത്തിന്റെ വേദന കാഴ്ച്ചക്കാരും അറിഞ്ഞത് .

അങ്ങനെ എത്രയെത്ര കഥാപാത്രങ്ങൾ. രാജാവിന്റെ മകനിലെ വിൻസന്റ് ഗോമസിനെ കണ്ടതോടെ അധോലോക നായകന്മാരുടെ ആരാധകരായി മാറിയ മലയാളികൾ . അതങ്ങനെ നീണ്ടു ഭൂമിയിലെ രാജാക്കന്മാര്‍, നാടുവാഴികള്‍, ആര്യന്‍, അഭിമന്യു അങ്ങനെ . നീതിയുടെയും ധാര്‍മികതയുടെയും സാമൂഹ്യനന്മയുടെയും ഭാഗത്തു നില്‍ക്കുന്ന സവിശേഷ വ്യക്തികളായിരുന്നു മോഹൻലാലിന്റെ അധോലോക നായകന്മാർ , അത് തിയേറ്ററുകളെ ഇളക്കി മറിക്കുകയും ചെയ്തു.

മലയാളം സിനിമ ആദ്യാമയി 100 കോടിയും 150 കോടിയും 200 കോടിയുപമൊക്കെ കടന്നത് ഈ നടനവിസ്മയത്തിന്റെ ചിത്രങ്ങളിലൂടെയായിരുന്നു. പുതിയ കാലത്തും പുലിമുരുകനായും, സ്റ്റീഫൻ നെടുമ്പള്ളിയായും, ജോർജുകുട്ടിയായുമെല്ലാം വിസ്മയിപ്പിച്ചു ലാലേട്ടൻ. ദൃശ്യത്തിന്റെ രണ്ടാം ഭാഗമെത്തിയിട്ടും മോഹൻലാലിന്റെ മാനറിസങ്ങളിൽ യാതൊരു മാറ്റവും കാണാനായില്ല ആരാധകർക്ക്. നെയ്യാറ്റിൻകര ഗോപന് വേണ്ടിയും കുഞ്ഞാലി മരക്കാറിന് വേണ്ടിയും അബ്രാം ഖുറേഷി അബ്രാമിനും വേണ്ടിയുള്ള കാത്തിരിപ്പിലാണ് മലയാളക്കര.

പലപ്പോഴും മലയാളികൾ എങ്ങനെയൊക്കെ പെരുമാറണമെന്ന് ആഗ്രഹിച്ചോ. പ്രണയിക്കണമെന്ന് ആഗ്രഹിച്ചോ അതൊക്കെയായി മോഹൻലാൽ. മലയാളിയുടെ വിവിധ ഭാവങ്ങളുടെ ഒരു സമ്പൂർണ്ണ സർവകലാശാല

Leave a Reply

Your email address will not be published. Required fields are marked *