പി പത്മരാജന്‍റെ കഥാപാത്രങ്ങള്‍

മഹാലക്ഷമി (ഗവേഷക വിദ്യാര്‍ത്ഥിനി)

മലയാള സിനിമയെ ലോക ചലച്ചിത്രോത്സവങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തിയ അനുഗ്രഹീത പ്രതിഭയായിരുന്നു പി. പത്മരാജന്‍. ‘കലാകാരന്‍ എന്ന നിലയില്‍ തന്റെ സാന്നിദ്ധ്യം നിത്യമായി അടയാളപ്പെടുത്തിയ അദ്ദേഹം കേവലം നാലര പതിറ്റാണ്ടുകൊണ്ട് താന്‍ കണ്ടുതീര്‍ത്ത കാഴ്ചകളൊക്കെയും കഥയായും, നോവലായും, തിരക്കഥയായും, ചലച്ചിത്രമായും രേഖപ്പെടുത്തി.’ മധ്യവര്‍ഗ്ഗത്തിന്റെ ജീവിതാനുഭവങ്ങള്‍ സ്വാഭാവികമായ തീവ്രതയോടെ, പ്രണയത്തിന്റെ സകല ഭാവങ്ങളും പച്ചയായി, സ്ത്രീ-പുരുഷ ബന്ധങ്ങള്‍ ഒളിവില്ലാതെ കൗമാരത്തിന്റെ വിഹ്വലതകള്‍ ഒട്ടും മറയില്ലാതെ, ഗ്രാമീണ ഭംഗിയില്‍ പുതുമഴയില്‍ പൊങ്ങുന്ന മണ്ണിന്റെ സുഗന്ധംപോലെ അദ്ദേഹം അനുവാചകര്‍ക്ക് സമ്മാനിച്ചു. നാട്ടിന്‍പുറത്തെ നന്മതിന്മകളും കരുത്തുമുള്ള സാധാരണക്കാരായിരുന്നു പത്മരാജന്റെ കഥാപാത്രങ്ങള്‍.


ധാരാളം ചെറുകഥകള്‍ പ്രസിദ്ധീകരിച്ചതിനുശേഷം 1969 ല്‍ ആദ്യനോവലായ ‘താഴ് വാരം’ പ്രസിദ്ധീകരിച്ചു. ഇത് അപൂര്‍ണ്ണമാണ്. 70-ല്‍ സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ‘നക്ഷത്രങ്ങളെ കാവല്‍’ എന്ന കൃതിയിലൂടെയാണ് നോവലിസ്റ്റ് എന്ന നിലയില്‍ പത്മരാജന്‍ മലയാളികള്‍ക്ക് പരിചിതനാകുന്നത്. ‘പത്മരാജന്‍ എന്ന നോവലിസ്റ്റ് തന്റെ രചനാകാലത്ത് പലപ്പോഴും യാഥാസ്ഥിതികത്വത്തെ നിഷേധിക്കുകയും പാരമ്പര്യത്തെ ചോദ്യം ചെയ്യുകയും തന്റേതായ ശരികളിലൂടെ കടന്നു പോകുകയും ചെയ്തുകൊണ്ട് ഒരാധാനുകനാവുകയായിരുന്നു.’


നഗരജീവിതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന നോവലായ, ഉദകപ്പോള നോവലിസ്റ്റായ പത്മരാജന്‍ തന്നെ തൂവാനത്തുമ്പികള്‍ എന്ന സിനിമയാക്കിയപ്പോള്‍ എഴുത്തുകാരന്റെ സ്വാതന്ത്ര്യം രണ്ടിലും ദൃശ്യമാകുന്നു. നോവലിലെ ഒരിഴയെ സിനിമയില്‍ വികസിപ്പിച്ചെടുക്കുന്നു. നഗരത്തില്‍ വേശ്യാലയം നടത്തി ജീവിക്കുന്ന തങ്ങളുടെ പരിചയക്കാരനായ ‘ഞാന്‍’ നോവലിലെ കഥ പറയുമ്പോള്‍ ഋഷി, ജയകൃഷ്ണന്‍ തുടങ്ങി ഒരുപാട് സുഹൃത്തുക്കള്‍ അയാള്‍ക്കുണ്ട് എന്നാല്‍ സിനിമയില്‍ ജയകൃഷ്ണന്‍ എന്ന പേരുകാരനായി ‘ഞാന്‍’ മാറുകയാണ്. ജയകൃഷ്ണന്റെ സൗഹൃദങ്ങളുടെയും വ്യക്തി ജീവിതത്തിന്റെയും കഥയാണ് സിനിമ.
1987 ലാണ് കഥ, തിരക്കഥ, സംഭാഷണം എന്നിവ എഴുതി തൂവാനത്തുമ്പികള്‍ എന്ന ചലച്ചിത്രം പത്മരാജന്‍ സംവിധാനം ചെയ്തത്. നോവലില്‍ നിന്ന് ഒരുപാട് വ്യത്യാസങ്ങള്‍ നമുക്ക് ഈ സിനിമയില്‍ ദര്‍ശിക്കാനാവും. അതുപോലെ തന്നെ സാമ്യങ്ങളും. നോവലിലെ ‘ഞാന്‍’ എന്ന വ്യക്തിയെയും ജയകൃഷ്ണന്‍ എന്ന കഥാപാത്രത്തെയും ഒരുമിച്ച് ചേര്‍ത്ത് ചില സ്വഭാവ വ്യത്യാസങ്ങള്‍ സിനിമയില്‍ പത്മരാജന്‍ വരുത്തുന്നു. ധാരാളം സ്വഭാവ വൈകൃതങ്ങള്‍ക്ക് ഉടമയായിരുന്നു നോവലിലെ ജയകൃഷ്ണന്‍ എന്നാല്‍ സിനിമയില്‍ അയാളുടെ സ്വഭാവത്തിലെ ഓരോ അംശവും നമ്മളെ അയാളിലേക്ക് അടുപ്പിച്ചു.


നോവലിലെ ക്ലാരയും രാധയും സിനിമയില്‍ ഒരുപാട് മാറുന്നു. നോവലിലെ ക്ലാരയ്ക്ക് ‘ഞാന്‍’ ആയിട്ടാണ് അടുപ്പം. അവള്‍ ജയകൃഷ്ണനുമൊന്നിച്ച് തങ്ങളെ വെട്ടിച്ച് കൂനൂരിലേക്ക് പോകുന്നു. ഇത് അവള്‍ പറഞ്ഞിട്ടാണ് ‘അയാള്‍’ അറിയുന്നത്. പക്ഷേ സിനിമയില്‍ അവളെ വേശ്യാവൃത്തിയിലേക്ക് എത്തിക്കുന്നതിനുള്ള നിമിത്തം ജയകൃഷ്ണനാണ്. നോവലിലെ ജയകൃഷ്ണന്റെ ഭാര്യയായ രാധ അപ്രധാന കഥാപാത്രമാണ്. പക്ഷേ സിനിമയില്‍ രാധ ആദ്യന്തം ജയകൃഷ്ണന്റെ കാമുകിയായി നിറഞ്ഞുനില്‍ക്കുന്നു.
രാധയോടുള്ള ജയകൃഷ്ണന്റെ പ്രണയാഭ്യര്‍ത്ഥനയും അതില്‍നിന്നുണ്ടായ സംഭവവികാസങ്ങളിലൂടെയാണ് സിനിമയിലെ കഥ വികസിച്ചു വരുന്നത്. ഒരുപക്ഷെ രാധയുടെ പ്രതികരണത്തിന്റെ തുടര്‍ച്ചയായിട്ടാണ് തങ്ങളോടൊപ്പം ക്ലാരയുടെ പ്രശ്‌നത്തില്‍ ഇടപെടുന്നത്. ഒടുവില്‍ രാധയ്ക്ക് വേണ്ടി അറിഞ്ഞുകൊണ്ടുതന്നെ ക്ലാര അയാളുടെ ജീവിതത്തില്‍ നിന്നു മാറുന്നു. ഗാര്‍ഹികാന്തരീക്ഷത്തില്‍ തികച്ചും വ്യത്യസ്തനായ ഒരാളായിരുന്നു സിനിമയിലെ ജയകൃഷ്ണന്‍. എപ്പോള്‍ എങ്ങനെ പെരുമാറുമെന്ന് ആര്‍ക്കും മുന്‍കൂട്ടി നിശ്ചയിക്കാനാകാത്ത പ്രകൃതം. കൂട്ടുകാര്‍ക്കുവേണ്ടി എന്തും ചെയ്യുന്ന അയാളുടെ ഓ രോ പെരുമാറ്റവും ആസ്വാദകര്‍ക്ക് അയാളില്‍ വെറുപ്പ് ഉണ്ടാക്കുന്നില്ല. നിഗൂഡ ഫലിതത്തില്‍ പ്രിയങ്കരനായിരുന്നു പത്മരാജന്‍. നോവലിലെ കുടികിടപ്പുകാരനെ ഒഴിപ്പിക്കുന്ന രംഗം ജഗതി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന രാവുണ്ണി നായര്‍ തുറന്ന ചിരി പ്രേക്ഷകര്‍ക്ക് നല്‍കുന്നു.
തങ്ങള്‍ക്ക് നോവലിലും സിനിമയിലും ഒരുപോലെ പ്രാധാന്യം കിട്ടി. നോവലിലെ ഋഷി സകല ദുശീലങ്ങള്‍ക്കും അടിമയാണ്. പക്ഷേ സിനിമയിലെ ഋഷി പിശുക്കുകൊണ്ട് പ്രേക്ഷക ശ്രദ്ധ നേടുന്നു. തന്റെ പ്രിയ കഥപാത്രങ്ങള്‍ക്ക് സിനിമയില്‍ അവര്‍ക്കു ചേരുന്ന അഭിനേതാക്കളെ തെരഞ്ഞെടുക്കുന്നതിന് പത്മരാജന്‍ കാണിച്ച വൈദഗ്ദ്ധ്യം തൂവാനത്തുമ്പികളുടെ മറ്റൊരു പ്രത്യേകതയാണ്. മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ മികവുറ്റ കഥാപാത്രമാണ് മണ്ണാറത്തൊടിയിലെ ജയകൃഷ്ണന്‍ നോവലിലെ ഒരുപാട് കഥാപാത്രങ്ങള്‍ നമ്മുടെ മനസ്സിലൂടെ കയറിയിറങ്ങുന്നു. അതില്‍ നിന്ന് കുറച്ചുപേരെ മാത്രം തെരഞ്ഞെടുത്ത് തേച്ചു മിനുക്കിയാണ് സിനിമയില്‍ പത്മരാജന്‍ അവതരിപ്പിക്കുന്നത്.


നോവലിലെ 3 പ്രധാന കഥാപാത്രങ്ങളായ കരുണാകരമേനോന്‍, ദേവി, ശാരദ ഇവരെ സിനിമയില്‍ തീര്‍ത്തും ഒഴിവാക്കി. അതുപോലെതന്നെ സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നതും നോവലില്‍ പ്രധാനമായിട്ടുള്ള ഒരു കഥാപാത്രമാണ് മഴ. മഴയുടെ വശ്യ സൗന്ദര്യം ഒപ്പിയെടുക്കുവാന്‍ കഥാകാരന് രണ്ട് മാധ്യമങ്ങളിലും കഴിഞ്ഞു. ജയകൃഷ്ണനും ക്ലാരയും കണ്ടുമുട്ടുമ്പോഴെല്ലാം മഴയുണ്ടായിരുന്നു. അവരുടെ ജീവിതത്തെ മഴയുമായി ചേര്‍ത്താണ് പത്മരാജന്‍ അവതരിപ്പിച്ചത്. മഴയും ഇരുട്ടും, കടല്‍ത്തിരയും, രതിയും നനഞ്ഞ ഉടലിന്റെ ശുദ്ധ സൗന്ദര്യമായി ചിത്രത്തില്‍ നിറയുകയാണ്.


വേശ്യ പകല്‍വെളിച്ചത്തില്‍ അവഗണിക്കപ്പെടുന്നവളും നിന്ദ്യയുമാണ്. പാര്‍ശ്വവത്ക്കരിക്കപ്പെട്ട വ്യക്തിത്വമുള്ള വേശ്യയെ അങ്ങനെ ഒരിക്കല്‍പ്പോലും അവതരിപ്പിക്കാതെ ബുദ്ധിയും സൗന്ദര്യവും തന്റേതായ നിലപാടുകളുമുള്ള വ്യക്തിത്വമാര്‍ന്ന നായികയാക്കിമാറ്റിയ അദ്ദേഹം സമൂഹത്തിന്റെ കപടതയാണ് ഈ സിനിമയിലൂടെ പൊളിച്ചു കളഞ്ഞത്. ഉദകപ്പോളയുടെ ഒരംശത്തെ മാത്രമാണ് തൂവാനത്തുമ്പികള്‍ക്ക് വേണ്ടി ചലച്ചിത്രകാരന്‍ ഉപയോഗപ്പെടുത്തിയത്. ഒരംശത്തെ വിപുലീകരിച്ച് പൂര്‍ണ്ണ ആസ്വാദനത്തിന് ഉതുകന്ന ഒരു കലാസൃഷ്ടിയാക്കി മാറ്റുന്നതില്‍ സംവിധായകന്‍ നൂറുശതമാനം വിജയിച്ചതായി രണ്ട് മാധ്യമങ്ങളും അനുഭവിച്ചറിഞ്ഞ ആസ്വാദകന് മനസ്സിലാകും. സിനിമയിലെ ജയകൃഷ്ണനെ രൂപപ്പെടുത്തിയപ്പോള്‍ ഞാന്‍ എന്ന കഥാപാത്രത്തെ മുഴുവനായി ആവാഹിച്ചു. നോവലിലെ ജയകൃഷ്ണന്റെ എല്ലാ ദുശ്ശീലങ്ങളും ഒറ്റയടിക്ക് സംവിധായകന്‍ സിനിമയിലില്ലാതാക്കി. മാത്രവുമല്ല ‘ഞാന്‍’, ‘ജയകൃഷ്ണന്‍’ എന്നീ വിരുദ്ധസ്വഭാവക്കാരെ ഒന്നുചേര്‍ത്തു ജയകൃഷ്ണന്‍ എന്ന പ്രത്യേക സ്വഭാവക്കാരനെ സൃഷ്ടിച്ചപ്പോള്‍ ഞാനെന്ന വ്യക്തിയുടെ ജീവിതത്തിന്റെ ഒരു ഭാഗം മാത്രമേ സംവിധായകന്‍ ഉപയോഗിച്ചുള്ളു. അപ്രധാന കഥാപാത്രങ്ങളെ പ്രധാനമാക്കിയും പ്രധാന കഥാപാത്രങ്ങളെ അപ്രധാനമാക്കിയും നോവലിന്റെ ആത്മാവ് നഷ്ടപ്പെടുത്താതെയുള്ള ഒരു സാദൃശ്യ അനുവര്‍ത്തനമാണ് സംവിധായകന്‍ തൂവാനത്തുമ്പിയില്‍ നടപ്പിലാക്കിയത്. ഉദകപ്പോളയുടെ ബഹുസ്വരതയെ തൂവാനത്തുമ്പികള്‍ക്കുവേണ്ടി മാറ്റി എഴുതിയ പത്മരാജനിലെ കവിത്വമാര്‍ന്ന കലാകാരനെയാണ് ഇവിടെ നമുക്ക് കാണാനാവുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *