ആരോഗ്യ വകുപ്പിന്റെ കോവിഡ് അവബോധ വീഡിയോകൾക്ക് ശബ്ദമായ ദമ്പതികൾ.

ആലപ്പുഴ ജില്ല ആരോഗ്യ വകുപ്പിന്റെ കോവിഡ് അവബോധ വീഡിയോകൾ കഴിഞ്ഞ ഒരു വർഷമായി സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. ആലപ്പുഴ ആരോഗ്യ വകുപ്പിന്റെ മാസ്സ് മീഡിയ വിഭാഗത്തിന്റെ ആശയങ്ങൾക്ക് ശബ്ദം നൽകി അവിഷ്കരിക്കുന്ന ദമ്പതികളെ നമുക്കും പരിചയപ്പെടാം. ആലപ്പുഴ വളവനാട് സ്വദേശിയായ കണ്ണനുണ്ണിയും ഭാര്യ അനു കണ്ണനുണ്ണിയുമാണ് വീഡിയോകളുടെ ശിൽപികൾ.

ആരോഗ്യവകുപ്പ് മാസ്സ് മീഡിയവിഭാഗം ഓഫീസറായ സുജയാണ് കഴിഞ്ഞ വർഷം ഏപ്രിലിൽ ലോക്ക്ഡൗൺ കാലത്ത് ആദ്യമായി ഒരു അവബോധ വീഡിയോ എന്ന ആശയവുമായി കണ്ണനുണ്ണിയെ സമീപിക്കുന്നത്. ഇതിനായി മാസ്സ് മീഡിയ ഓഫീസർ നൽകിയ ആശയം റാം ജി റാവു സ്പീക്കിങ്ങിലെ കമ്പിളിപുതപ്പ് എന്ന മുകേഷിന്റെ ഫോൺ വിളി രംഗമായിരുന്നു.കോവിടകാല ആഘോഷങ്ങളിൽ മനസുകൊണ്ട് മാത്രം പങ്കുചേരാം എന്നതായിരുന്നു വീഡിയോയുടെ ആശയം.

അവബോധ വിഡിയോ സമൂഹമാധ്യമങ്ങളിൽ ഹിറ്റായതോടെ കിലുക്കത്തിലെ രേവതിയുടെയും മോഹൻലാലിന്റേയും
അങ്കമാലിയിലെ അമ്മാവൻ എന്ന് തുടങ്ങുന്ന രംഗം വച്ച് കോവിഡ്കാല യാത്രകൾ ഒഴിവാക്കി സമ്പർക്ക വ്യാപനം തടയാം എന്ന മെസേജുമായി പുറത്ത് വന്ന വിഡിയോ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു. ഒരു വർഷത്തിന് ഇപ്പുറവും അത് സമൂഹമാധ്യമങ്ങളിൽ വൈറലായി തന്നെ തുടരുകയാണ്. പിന്നീട് ഇന്ദ്രൻസും ജനാർദ്ദനനുമായുള്ള മാന്നാർ മത്തായിയിലെ രംഗം അനുകരിച്ച് റൂം ക്വാറന്റിയിൻ നന്നായി ചെയ്യാനുള്ള അവബോധ വിഡിയോ വന്നു.

ഇത്തവണ കോവിഡിന്റെ രണ്ടാം തരംഗ സമയത്ത് വാതിലുകളും ജനലുകയും തുറന്ന് കൊറോണ വൈറസ് തങ്ങി നിന്ന് പകരാനുള്ള സാധ്യത ഒഴിവാക്കുക എന്ന മെസേജുമായി ഇറങ്ങിയ ആലപ്പുഴ ആരോഗ്യ വകുപ്പിന്റെ മണിച്ചിത്രതാഴിലെ ശോഭനയും മോഹൻലാലും ജനൽ തുറക്കുന്ന രംഗം ഇപ്പോൾ സമൂഹമാധ്യമകളിൽ ശ്രദ്ധനേടുന്നുണ്ട്. ഗോഡ്ഫാദറിലെ അഞ്ഞൂറാൻ ഇന്നസെന്റിന്റെ കഥാപാത്രത്തെ കാണാൻ എത്തുന്ന രംഗം കോവിഡ് കാലത്ത് കുട്ടികളെ യാത്രയ്ക്ക് കൊണ്ടുപോകാതിരിക്കുക എന്ന മെസേജുമായി എത്തിയതും കൈയടി നേടി.

മാസ്സ് മീഡിയ വിഭാഗത്തിലെ സുജ, ചിത്ര, അരുൺ എന്നീ ഓഫീസർമാരാണ് ആശയം നൽകുന്നത്. ചെയ്ത വിഡിയോ ഡി എം ഒ കൂടി അപ്പ്രൂവ് ചെയ്താണ് സമൂഹമാധ്യമങ്ങളിൽ എത്തുക എന്നാണ് കണ്ണനുണ്ണിയും അനുവും പറയുന്നത്.

ആരോഗ്യ വകുപ്പിനായും ജനനന്മയാക്കയും കോവിഡ് കാലത്ത് ഇത്രയും ചെയ്യാനാവുന്നതിൽ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്ന് ഇരുവരും പറയുന്നു. മിമിക്രി കലാകാരനും,റേഡിയോ ജോക്കിയുമാണ് കണ്ണനുണ്ണി. ഒരു സ്ത്രീ സംരംഭകയാണ് അനു കണ്ണനുണ്ണി.

Leave a Reply

Your email address will not be published. Required fields are marked *