വിദേശി ഗാഗ് ഫ്രൂട്ട് വിളയിച്ച് ആലപ്പുഴ സ്വദേശി
കണ്ണിന് കുളിര്‍മയേകി വിദേശി ഗാഗ് പഴങ്ങള്‍ പടര്‍ന്ന് പന്തലിച്ച് നില്‍ക്കുകയാണ്. നൂറിലധികം ഗാഗ് പഴങ്ങളാണ് വിളവെടുപ്പിന് തയ്യാറായി നില്‍ക്കുകയാണ്.വിയറ്റ്‌നാം, തായ്‌ലന്റ് കമ്പോഡിയ, ആസ്‌ട്രേലിയ എന്നിവിടങ്ങളിലാണ് സാധാരണ ഗാഗ് പഴങ്ങള്‍ കൃഷി ചെയ്യുന്നത്.
സ്വര്‍ഗ്ഗത്തിലെ കനി എന്ന വിശേഷണമുള്ള ഈ പഴത്തിന്‍റെ വിത്തുകള്‍ പ്രമോദ് വാങ്ങിയത് കലവൂര്‍ പാം ഫൈബര്‍ അസി.മാനേജരായ കൊച്ചി അയ്യമ്പുഴയില്‍ ജോജോയുടെ കൈയില്‍നിന്നാണ്. ആറ് വിത്ത് അടങ്ങിയ പാക്കറ്റിന് 300 രൂപയാണ് വില.
ഏകദേശം ഒന്നര മാസത്തോളമാണ് ഇതിന്റെ മുള പൊട്ടാന്‍ ആവശ്യം. വിത്ത് കിളിര്‍ത്ത ശേഷം വള്ളി പടര്‍പ്പുകള്‍ വന്നു തുടങ്ങും. വളരെ വേഗത്തിലാണ് പിന്നീടുള്ള വളര്‍ച്ചയെന്ന് പ്രമോദ് പറയുന്നു. ചെടിയില്‍ നിറയെ പൂക്കള്‍ വിരിയും. ഇതില്‍ വിരിയുന്ന പൂക്കളും തളിരിലകളും പാചകത്തിനായി ഉപയോഗിക്കാം.
കേരളത്തില്‍ പല സ്ഥലങ്ങളിലും ഗാഗ് കൃഷി നടക്കുന്നുണ്ടെങ്കിലും ഒരേസമയം നൂറിലധികം കായ്കളെന്നത് ഇത് ആദ്യമാണ്. നാലാം മാസമായതോടെയാണ് കായ്ക്കാന്‍ തുടങ്ങിയത്. പച്ചയാണ് പുതിയ കായ്കള്‍ക്ക് നിറം. രണ്ടാംഘട്ടത്തില്‍ മഞ്ഞയാകും. കുറച്ചു കൂടി പാകമാകുമ്പോഴേക്കും ഓറഞ്ച് നിറത്തിലെത്തും. ചുവപ്പിലെത്തുന്നതോടെ പഴം പാകമാകും.
കായയില്‍നിന്ന് ചെടിയിലേക്കുള്ള തണ്ടും ചുവന്ന് തുടങ്ങുന്നതോടെ പറിച്ചെടുക്കാം. ഫലം പാകമായി കഴിഞ്ഞാല്‍ ഏകദേശം 15 ദിവസത്തോളം കായ്കള്‍ വള്ളി പടര്‍പ്പില്‍ കിടക്കും. അതിനു ശേഷമാണ് ഞെട്ടറ്റ് താഴെ വീഴുന്നത്. ഗാഗിന്റെ വിപണി വില കിലോക്ക് 1200 രൂപയാണ്. വൈറ്റമിനുകളുടെ കലവറയാണ് ഗാഗ് പഴമെന്ന് പ്രമോദ് പറഞ്ഞു. ചാണകം, കോഴിവളം, പച്ചില എന്നിവയാണ് വളം.