ജനനായകന്‍റെ ഓര്‍മ്മകള്‍ക്ക് 20 വര്‍ഷം

കുറിക്കു കൊള്ളുന്ന വിമര്‍ശനവും നര്‍മത്തില്‍ ചാലിച്ച സംഭാഷണവും അസാമാന്യ പ്രസംഗ വൈഭവയും കൊണ്ട് മലയാളികളുടെ മനസ്സ് കീഴടക്കിയ കേരളത്തിന്റെ മുഖ്യമന്ത്രിയും സി.പി.എമ്മിന്റെ നേതാവുമായിരുന്ന ഏറമ്പാല കൃഷ്ണൻ നായനാർ എന്ന ഇ.കെ. നായനാർ. 11 വർഷം ഭരണാധികാരിയായിരുന്ന ഏറ്റവും കൂടുതൽ കാലം കേരളം ഭരിച്ച മുഖ്യമന്ത്രി…3 തവണയായി 4009 (4010 എന്നും പറയുന്നുണ്ട്‌) ദിവസം. 1980 മുതൽ 1981 വരെയും 1987 മുതൽ 1991 വരെയും 1996 മുതൽ 2001 വരെയും കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു.

കണ്ണൂർ ജില്ലയിലെ കല്ല്യാശ്ശേരിയിൽ ഏറമ്പാല നാരായണി അമ്മയുടേയും എം. ഗോവിന്ദൻ നമ്പ്യാരുടേയും മകനായി 1919 ഡിസംബർ 9-ന് ജനിച്ചു. സ്വാതന്ത്ര്യ സമരത്തിൻ്റെ ആവേശം ഉൾക്കൊണ്ട് സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോഴെ കോൺഗ്രസ് പാർട്ടിയിൽ പ്രവർത്തനം തുടങ്ങി. കോൺഗ്രസിലെ ഇടതുപക്ഷ ചിന്താഗതിക്കാർ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയ്ക്ക് രൂപം നൽകിയപ്പോൾ അവർക്കൊപ്പമായി പ്രവർത്തനം. മൊറാഴ കയ്യൂർ സമരങ്ങളോടെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃനിരയിലേക്കുയർന്നു. കയ്യൂർ- മൊറാഴ സമരങ്ങളിൽ വഹിച്ച പങ്കിനെ തുടർന്ന് ഒളിവിൽ പോകേണ്ടി വന്ന മൂന്നാം പ്രതിയായ നയനാരൊഴികെ മറ്റു മുഖ്യപ്രതികളെല്ലാം തൂക്കിലേറ്റപ്പെട്ടു. 1964 ൽ സിപിഐ ദേശീയ കൗൺസിൽ നിന്ന് ഇറങ്ങിപ്പോന്ന് സിപിഐ (എം) എന്ന പാർട്ടിയുടെ രൂപീകരണത്തിന് ചുക്കാൻ പിടിച്ചു.

അടിയന്തരാവസ്ഥകാലത്ത് വീണ്ടും ഒളിവിൽ പോവേണ്ടി വന്ന നായനാർ 1980 ൽ ആദ്യമായി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി. പിന്നീട് 1987 , 2001 വർഷങ്ങളിൽ 2 പ്രാവശ്യം കൂടി നായനാർ ആ പദവി അലങ്കരിച്ചു. 2004 മെയ് 19 ന് അന്തരിച്ചു. കേരളം കണ്ട ഏറ്റവും വലിയ വിലാപ യാത്രയായി കണ്ണൂരെത്തിച്ച മൃതദേഹം എ കെ ജി, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള എന്നിവരുടെ ശവകുടീരങ്ങൾക്ക് സമീപം സംസ്‌കരിച്ചു.

കൃതികൾ : ദോഹ ഡയറി, സമരത്തിച്ചൂളയിൽ (മൈ സ്ട്രഗിൾസ് എന്ന സ്വന്തം ആത്മകഥയുടെ മലയാള വിവർത്തനം), അറേബ്യൻ സ്കെച്ചുകൾ, എന്റെ ചൈന ഡയറി, മാർക്സിസം ഒരു മുഖവുര, അമേരിക്കൻ ഡയറി, വിപ്ലവാചാര്യന്മാർ, സാഹിത്യവും സംസ്കാരവും, ജെയിലിലെ ഓർമ്മകൾ എന്നീ കൃതികൾ
രചിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *