ഗൗരിയുടെ ലോകം. 3
നായരുടെ വരവു നിർത്തിയ കാര്യം ഗൗരിയുടെ നായര് , പ്രസവിച്ചു കിടക്കുന്ന നാത്തൂനോടു പറഞ്ഞു. നാത്തൂനാ വിവരം ഗൗരിയുടെ ഓപ്പയോടും.
ഓപ്പയുടെ ഭാഗത്തു നിന്ന് പ്രത്യേകിച്ച് ചോദ്യോത്തരങ്ങൾ ഒന്നുമുണ്ടായില്ല എന്നത് നാത്തൂനെ തെല്ല് അത്ഭുതപ്പെടുത്തി. ഗൗരിക്ക് ഒട്ടും അത്ഭുതമുണ്ടായില്ല. അല്ലെങ്കിലും ഓപ്പ എന്റെയല്ലേ എന്ന ഭാവമായിരുന്നു ഗൗരിക്ക്.
നാത്തൂനാകെ ബേജാറിലായിരുന്നു. അവരൊരിക്കലും ഗൗരിയെ വിഷമിപ്പിക്കാൻ ഇഷ്ടപ്പെട്ടില്ല. അവർ പതിനഞ്ചാം വയസിൽ
വിവാഹിതയായി ആ വീട്ടിലെത്തിയതാണ്. ഒരിക്കലും ഗൗരി നാത്തൂനെക്കൊണ്ട് ഒരു ജോലിയും ചെയ്യിച്ചിട്ടില്ല. ഒരു വാക്കു കൊണ്ടു പോലും നോവിച്ചിട്ടില്ല. മക്കൾ മൂന്നുപേരെ നാത്തൂൻ പ്രസവിച്ചു എന്നേയുള്ളു. വളർത്തിയത് ഗൗരിയാണ്. തന്നെക്കാൾ ഇളയ ലക്ഷ്മിയെ ഗൗരി മകളെന്ന പോൽ സ്നേഹിച്ചു. ആസ്നേഹം നാത്തൂൻ ലക്ഷ്മി അറിഞ്ഞ് സ്വീകരിക്കയും തിരിച്ചു നൽകുകയും ചെയ്യുന്നുണ്ട്. ലക്ഷ്മി നാലാമത്തെ പ്രസവത്തിന് സ്വന്തം വീട്ടിൽ പോയ സമയത്തായിരുന്നു ഗൗരിയുടെ വിവാഹം. വളരെയേറെ ആലോചനകൾ വന്നതിനു ശേഷമാണ് ഗൗരി വിവാഹത്തിനു സമ്മതിച്ചത്. അതും ഒരു ചെറിയ ചടങ്ങായി നടത്തുവാനേ ഗൗരി സമ്മതിച്ചുള്ളു. അതിന്റെ ഉള്ളുകള്ളികളൊന്നും നാത്തൂൻ ലക്ഷ്മിക്കു മനസ്സിലായില്ല. പെറ്റെണീറ്റ് ഭർതൃവീട്ടിലെത്തിയിട്ടും ഗൗരി ഒന്നും പറഞ്ഞു മില്ല, ലക്ഷ്മി ചോദിച്ചുമില്ല.
ഗൗരി പ്രസവിച്ചത് ഒരു ആൺകുട്ടിയെയാണ്.
പെണ്ണാവാത്തതിൽ കുറച്ചൊന്നുമായിരുന്നില്ല ഗൗരി സങ്കടപ്പെട്ടത്. ഗൗരിയുടെ സങ്കടം കുറച്ചൊന്നു കുറഞ്ഞത് ലക്ഷ്മിയുടെ മകളെ താലോലിക്കുവാൻ ഉള്ളതു കൊണ്ടായിരുന്നു.
ഗൗരിയുടെ മകൻ അനന്തൻ കാണെക്കാണെ സുന്ദരനും മിടുക്കനുമായി വളർന്നു. അമ്മാവനും അമ്മായിക്കും പ്രിയപ്പെട്ടവൻ തന്നെയായിരുന്നു. എന്തിനും ഏതിനും അമ്മാവന് അനന്തനെത്തന്നെ കൂട്ടു വേണം. അമ്മാവൻ അനന്തനെ തന്റെ പിൻ ഗാമിയാക്കുവാൻ നിശ്ചയദാർഢ്യത്തോടെ പരിശ്രമിക്കുക തന്നെയായിരുന്നു. പിതാവ് കൂടെയില്ല എന്നതിൽ വലിയ പ്രശ്നമൊന്നും സമൂഹത്തിന് ഇല്ലാത്ത കാലമായതിനാൽ
രാജേന്ദ്ര മേനോന്റെ അനന്തിരവൻ എന്ന അഡ്രസ്സ്, മംഗലത്തു തറവാട്ടിലെ ഏക പുരുഷ പ്രജ എന്ന സ്ഥാനം അനന്തനു നൽകിയത് വലിയ സ്വീകാര്യത തന്നെയായിരുന്നു.
പത്താം ക്ലാസ് പരീക്ഷ നല്ല നിലയിൽ പാസ്സായ അനന്തന് നഗരത്തിലെ പേരു കേട്ട കോളജിൽ തന്നെ പ്രവേശനം ലഭിച്ചു
സ്വന്തം മക്കളെ നാട്ടിൽത്തന്നെ പഠിപ്പിക്കുന്ന മേനോൻ അനന്തിരവനെ നഗരത്തിലെ കോളജിൽ ചേർത്തു പഠിപ്പിക്കുന്നത് നാട്ടുകാർക്കെല്ലാം അത്ഭുതം തന്നെയായിരുന്നു.
വലിയ സംഭവ വികാസങ്ങളൊന്നുമില്ലാതെ
കാലം ഒഴുകി . അനന്തൻ നിയമ ബിരുദധാരിയായി. നഗരത്തിന്റെ പ്രശസ്തനായ വക്കീൽനന്ദകുമാര മേനോന്റെ ജൂനിയറായി പ്രാക്റ്റീസും തുടങ്ങി.
അമ്മാവൻമേനോന്റെ മക്കൾ സാമാന്യം നല്ല ഉദ്യോഗങ്ങളിലേക്ക് എത്തിപ്പെട്ടിരുന്നു അക്കാലത്തു തന്നെ.
ജീവിതം സ്വഛസുന്ദരമായി ഒഴുകുന്ന ഈ ഘട്ടത്തിലാണ് കാലം അതിന്റെ രൗദ്രത പതിയെ പതിയെ പുറത്തെടുത്തത്.
ഒരു സുപ്രഭാതത്തിൽ നാടുണർന്നത് ഞെട്ടിപ്പിയ്ക്കുന്ന ഒരു വാർത്ത കേട്ടാണ്.
വക്കീൽ അനന്തൻ മേനോൻ തന്റെ പിതാവിന്റെ തറവാട്ടിലേക്ക് താമസം മാറ്റിയിരിക്കുന്നു.
രാജേന്ദ്ര മേനോൻ സ്തബ്ധനായി ഇരുന്നു പോയി. ഗൗരിയും ലക്ഷ്മിയും കണ്ണുനീർ തൂകിക്കൊണ്ട് മേനോന് ഇരു വശവും ഇരുന്നു.
മേനോന്റെ മക്കൾ ജോലിസ്ഥലങ്ങളിൽ നിന്ന് പാഞ്ഞെത്തി. മംഗലത്തു തറവാട് വല്ലാത്തൊരു ഉലച്ചിലിൽ ആടി നിൽക്കും പോലെ കുടുംബാംഗങ്ങൾക്കുതോന്നി. ഒരിക്കൽ പോലും അനന്തനെ മകനായി അംഗീകരിക്കാത്ത വ്യക്തിയായിരുന്നു പ്രഭാകരക്കൈമ്മൾ എന്ന ഗൗരിയുടെ പിരിഞ്ഞു പോയ ഭർത്താവ്. ഇതിപ്പോൾ എന്തിനുള്ള പുറപ്പാടാണാണ് എന്ന് എല്ലാവരും ഭയന്നു. അകന്നവർ അടുക്കുമ്പോഴും അടുത്തവർ അകലുമ്പോഴും സൂക്ഷിക്കണമെന്നല്ലേ അറിവുള്ളവർ പറയുന്നത്.
തുടരും