സെല്‍ഫി എടുക്കുന്നത് നിരോധിച്ച ഇന്ത്യയിലെ പ്രദേശം

ഏതെങ്കിലും സ്ഥലത്ത് വിസിറ്റ് ചെയ്താല്‍ ഒരു സെല്‍ഫി എടുത്ത് നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുക എന്നത് നിര്‍ബന്ധമാണ്.സെൽഫികൾ ഓർമകളുടെ അടയാളപ്പെടുത്തൽ കൂടിയാണ്. എന്നാൽ സെൽഫികൾ ട്രെൻഡായി മാറി തുടങ്ങിയതോടെ അപകടങ്ങളും കൂടി . അതി സാഹസികമായുള്ള സെല്‍ഫിയെടുക്കലാണ് ഇതിന് കാരണം. സെല്‍ഫി എടുക്കുന്നതിലൂടെ അപകടങ്ങള്‍ പെരുകിയതോടെ പലയിടങ്ങളിലും സെല്‍ഫി നിരോധിച്ച് ഉത്തപവുകള്‍ ഇറക്കി. അത്തരത്തിലൊരുപ്രദേശമാണ് ഗുജറാത്തിലെ ഡാങ് ജില്ല.


സപുതാര ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഉള്‍പ്പെ‌ടുന്ന ഡാങ് ജില്ലയിലാണ് സെല്‍ഫിക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ജൂൺ 23 ന് പുറത്തിറക്കിയ പൊതു വിജ്ഞാപന പ്രകാരം അപകടങ്ങൾ തടയാൻ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സെൽഫികൾ ക്ലിക്കുചെയ്യുന്നത് ജില്ലാ ഭരണകൂടം വിലക്കിയിട്ടുണ്ട്. പ്രത്യേകിച്ച് ധാരാളം വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന സ്ഥലങ്ങളിൽ ആണ് നിരോധനം കർശനമാക്കിയിരിക്കുന്നത്. അശ്രദ്ധമായ സെൽഫി എടുപ്പ് കാരണം നിരവധി അപകടങ്ങളും മറ്റും ഉണ്ടായ സാഹചര്യത്തിലാണ് വിലക്ക് ഏർപ്പെടുത്തിയത്.

നിരോധിക്കപ്പെട്ട സ്ഥലങ്ങളിൽ സെൽഫി എടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പോലീസ് ഇതിനെ കുറ്റകൃത്യമായി തന്നെയാവും പരിഗണിക്കുക. അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ടി കെ ദാമർ ജൂൺ 23 ന് പ്രസിദ്ധീകരിച്ച പരസ്യ വിജ്ഞാപനം അനുസരിച്ച് ഈ ഉത്തരവ് ലംഘിച്ച് ആരെങ്കിലും പിടിക്കപ്പെട്ടാൽ, ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 188 (പൊതുസേവകൻ കൃത്യമായി പ്രഖ്യാപിച്ച ഉത്തരവിനോടുള്ള അനുസരണക്കേട്) പ്രകാരം കേസെടുക്കുമെന്ന് വിജ്ഞാപനത്തിൽ മുന്നറിയിപ്പ് നൽകുന്നു.

സെൽഫിയെടുക്കുന്നത് മാത്രമല്ല മഴക്കാലത്ത് കുളിക്കാനോ വസ്ത്രങ്ങൾ കഴുകാനോ, ജോലി ചെയ്യാനോ പ്രദേശവാസികൾ ഏതെങ്കിലും നദിയിലേക്കോ ജലാശയങ്ങളിലേക്കോ പ്രവേശിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *