ഇന്‍റര്‍നെറ്റ് വേഗതയില്‍ ഇന്ത്യ ഏറെ മുന്നിലെന്ന് റിപ്പോര്‍ട്ട്

ബ്രോഡ്‌ബാൻഡ് വേഗതയില്‍ രാജ്യം ഏറെ മുന്നിലായതായി റിപ്പോര്‍ട്ട് . ആഗോള സൂചിക റിപ്പോർട്ടിലെ മൊത്തത്തിലുള്ള നിശ്ചിത ബ്രോഡ്‌ബാൻഡ് ഡൗൺലോഡ് വേഗതയിൽ രാജ്യം കൈവരിച്ച ഏറ്റവും ഉയർന്ന ശരാശരി വേഗത 62.45 Mbps ആണ്. ഇതോടെ ഫിക്സഡ് ബ്രോഡ്ബാൻഡ് വേഗത്തിൽ ഇന്ത്യ 68 -ആം സ്ഥാനം നിലനിർത്തി. ആഗോള ഇന്റർനെറ്റ് സ്പീഡ് ടെസ്റ്റ് ഏജൻസിയായ ഊക്‌ലയുടെ പുതിയ റിപ്പോർട്ട് പ്രകാരമാണ് ഈ കണ്ടെത്തൽ.

രാജ്യത്ത് ഇത് വരെ ലഭിച്ചതിൽ ഏറ്റവും മികച്ച ബ്രോഡ്ബാൻഡ് വേഗമാണ് ഓഗസ്റ്റിൽ ലഭിച്ചത്. ഇന്നലെ ഇന്റർനെറ്റ് വേഗത്തിൽ രാജ്യാന്തര കണക്കെടുത്താൽ ഇന്ത്യ ആദ്യ 100 രാജ്യങ്ങളുടെ പട്ടികയിൽ പോലും ഇടം പിടിച്ചിട്ടില്ല. ദരിദ്ര രാജ്യങ്ങളെക്കാൾ പിന്നിലാണ് ഇന്ത്യ എന്നുള്ളതാണ് മറ്റൊരു വസ്തുത.


ഓഗസ്റ്റിലെ പുതിയ കണക്കുകൾ പ്രകാരം ഇന്റർനെറ്റ് വേഗതയിൽ ഇന്ത്യ 126 ആം സ്ഥാനത്താണ്. മൊബൈൽ ഡൗൺലോഡ് വേഗതയിലെ ഇന്ത്യയുടെ മൊത്തത്തിലുള്ള പ്രകടനം 2021 ജൂലൈയിൽ 17.77 എം.ബി.പി.എസിൽ നിന്ന് 17.96 എം.ബി.പി.എസ് ആയി വർദ്ധിച്ചു.ഉസ്ബെക്കിസ്ഥാൻ, കൊളംബിയ, ബെലാറസ്, കോട്ട് ഡി ഐവയർ തുടങ്ങിയ രാജ്യങ്ങൾ മികച്ച പ്രകടനം കാഴ്ചവെച്ചതിനാലാണ് ആഗോള റാങ്കിംഗിൽ രാജ്യം 122ൽ നിന്ന് 126ലേക്ക് പോയത്.

ഊക്‌ലയുടെ 2021 ഓഗസ്റ്റിലെ കണക്കുകൾ പ്രകാരം മൊബൈൽ ഇന്റർനെറ്റ് സ്പീഡ് പട്ടികയിൽ യുഎഇ ആണ് ഒന്നാമത്. ഇതിന് മുൻപും യു.എ.ഇ തന്നെയായിരുന്നു ഒന്നാം സ്ഥാനത്ത്. യുഎഇയിലെ ശരാശരി ഡൗൺ‌ലോഡ് വേഗം 195.52 എംബിപിഎസും ശരാശരി അപ്‌ലോഡ് വേഗം 26.94 എംബിപിഎസും ആണ്. ആഗോള ശരാശരി ഡൗൺ‌ലോഡിങ് വേഗം 56.74 എംബിപിഎസും അപ്‌ലോഡിങ് വേഗം 12.61 എംബിപിഎസും ആയി രേഖപ്പെടുത്തിയിട്ടുണ്ട്.

ട്രായിയുടെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ജിയോ നെറ്റ്‌വർക്ക് മാത്രമാണ് 15 എംബിപിഎസിനു മുകളിൽ വേഗം നൽകുന്നത്. 10 എം.ബി.പി.എസിന് താഴെയാണ് മറ്റ് ടെലികോം കമ്പനികളെല്ലാം നൽകുന്ന വേഗത. ഏറ്റവും കൂടുതൽ പേർ ഇന്റർനെറ്റ് ഉപയോഗിക്കുന്ന ചൈന പട്ടികയിൽ 5–ാം സ്ഥാനത്താണ്. എന്നാൽ, കഴിഞ്ഞ വർഷം ചൈന 35–ാം സ്ഥാനത്തായിരുന്നു.

ദക്ഷിണ കൊറിയയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. ദക്ഷിണ കൊറിയയിലെ ഇന്റർനെറ്റ് വേഗം 192.16 എംബിപിഎസ് ആണ്. നോർവെ (173.54 എംബിപിഎസ്), ഖത്തർ (169.17 എംബിപിഎസ്), സൗദി അറേബ്യ (149.95 എംബിപിഎസ്), കുവൈത്ത് (141.46 എംബിപിഎസ്) എന്നീ രാജ്യങ്ങളാണ് ഇന്റർനെറ്റ് വേഗത്തിൽ തൊട്ടടുത്ത സ്ഥാനങ്ങളിൽ. ഏറ്റവും കുറഞ്ഞ ഇന്റർനെറ്റ് വേഗം അഫ്ഗാനിസ്ഥാനിലാണ്.

Leave a Reply

Your email address will not be published. Required fields are marked *