സംഗീത റാണി സുബ്ബലക്ഷ്മി

ജിബി ദീപക്ക്(അദ്ധ്യാപിക,എഴുത്തുകാരി)

ഇന്ത്യന്‍ ജനതയെ സംഗീതത്തിലൂടെ അത്ഭുതപ്പെടുത്തിയ വ്യക്തിത്വം എന്നതിലുപരി സ്ത്രീ സൗന്ദര്യത്തിന്‍റെ മറുപേരു കൂടിയായിരുന്നു എം.എസ്. സുബ്ബലക്ഷ്മി. ചുരുണ്ട മുടിയിഴകള്‍ ഒതുക്കികെട്ടിവെച്ച് കല്ലു മൂക്കുത്തിയണിഞ്ഞ് പട്ടുചേല ചുറ്റി ചമ്രം പടിഞ്ഞിരുന്നു പാടുമ്പോള്‍ കേള്‍വി മാത്രമല്ല ആസ്വാദകരുടെ കാഴ്ചയെയും സുബ്ബലക്ഷ്മിയെന്ന വിസ്മയം കവര്‍ന്നെടുത്തിരുന്നു.


ദേവദാസി സമൂഹമെന്നാല്‍ ഭഗവാന് വേണ്ടി മാത്രം പാടുകയും, നൃത്തം വയ്ക്കുകയും ചെയ്യുന്ന ഒരു സ്ത്രീ സമൂഹമാണ്. ഇന്ത്യയിലെ പല ഇടങ്ങളിലും ദേവദാസി സമൂഹത്തിനു അര്‍ത്ഥങ്ങളും, പേരും വേറെയാണെങ്കിലും പലപ്പോഴും ചില നാട്ടിലെ സ്ത്രീകള്‍ ദേവദാസി സമ്പ്രദായം പിന്തുടരുന്നത് ഭഗവാനോടുള്ള അദമ്യമായ ഭക്തി ഒന്നുകൊണ്ടു മാത്രമാണ്. അത്തരത്തിലൊരു ദേവദാസി കുടുംബത്തില്‍ നിന്നായിരുന്നു സുബ്ബലക്ഷ്മിയുടെ വരവ്.
1916 സെപ്തംബര്‍ 16ന് മധുരൈയില്‍ ജനിച്ച മധുരൈ ഷണ്‍മുഖവടിവ് സുബ്ബലക്ഷ്മിയെന്ന എം.എസ്. സുബ്ബലക്ഷ്മി ഭാരതത്തിന്‍റെ വാനമ്പാടിയായാണ് അറിയപ്പെടുന്നത്. ചുരുങ്ങിയ കാലംകൊണ്ടു തന്നെ ലക്ഷകണക്കിന് ആരാധകരെ ഇവര്‍ കൈക്കലാക്കി. 1954 രാജ്യ പരമോന്നത ബഹുമതിയായ പത്മഭൂഷണും 1975 ല്‍ പത്മവിഭൂഷണും ലഭിച്ചു. ഐക്യരാഷ്ട്ര പൊതുസഭയിലും ഇന്ത്യയെ പ്രതിനിധീകരിച്ച് കീര്‍ത്തനങ്ങള്‍ ആലപിക്കാനുള്ള അവസരം ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്.
ശ്രീ വെങ്കടേശ സുപ്രഭാതത്തിലൂടെ ഇന്ത്യക്കാരുടെ പ്രഭാതങ്ങളെ സംഗീതസാന്ദ്രമാക്കിയ സുബ്ബലക്ഷ്മി മരണം വരെ ഭാരതീയരുടെ സ്‌നേഹാദരങ്ങള്‍ പിടിച്ചു പറ്റി.


‘ഭാരതത്തിന്‍റെ സാംസ്‌കാരിക മൂല്യങ്ങളുടെ കലവറ’ എന്നാണ് മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി ഈ വാനമ്പാടിയെ വിശേഷിപ്പിച്ചത്. ‘വൃന്ദാവനത്തിലെ തുളസി’ എന്നായിരുന്നു മഹാത്മജി ഇവരെ വിശേഷിപ്പിച്ചത്. ‘വാനമ്പാടിയെന്ന എന്‍റെ ബഹുമതി ഞാന്‍ ഇവള്‍ക്ക് നല്‍കുന്നു’ എന്നാണ് എം.എസിനെപറ്റി സരോജിനി നായിഡു പറഞ്ഞത്. അമ്മയില്‍ നിന്നാണ് ഇവര്‍ സംഗീതത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചത്. പിന്നീട് പ്രശസ്തരായവരുടെ ശിക്ഷണം നേടി. പതിമൂന്നാം വയസ്സില്‍ ആദ്യ കച്ചേരി അവതരിപ്പിച്ച സുബ്ബലക്ഷ്മി ഗുരുക്കന്മാരെ വിസ്മയിപ്പിച്ച് വളര്‍ച്ചയുടെ പടവുകള്‍ ചവിട്ടി. പിന്നീടിങ്ങോട്ട് ഹിന്ദി, ബംഗാളി, ഗുജറാത്തി, തമിഴ്, തെലുങ്ക്, മലയാളം, സംസ്‌കൃതം, കന്നഡ തുടങ്ങിയ എല്ലാ ഭാഷകളിലും അവര്‍ സംഗീതകച്ചേരി അവതരിപ്പിച്ചു.


1940 ല്‍ സംഗീതജ്ഞനും, സ്വാതന്ത്ര്യ സമരസേനാനിയുമായ സദാശിവത്തെ വിവാഹം ചെയ്തു. ഒരു നല്ല ഭര്‍ത്താവ് മാത്രമല്ല ഗുരുവും, വഴികാട്ടിയുമൊക്കെയായിരുന്നു സദാശിവം. സദാശിവവുമായുള്ള ബന്ധം ഗാന്ധിജി, നെഹ്‌റു തുടങ്ങിയ ദേശീയനേതാക്കളുമായി കണ്ടുമുട്ടുന്നതിനും സഹായകമായി. എം.എസിന്റെ മീരാഭജനകളുടെ ആരാധകനായിരുന്നു ഗാന്ധിജി ഒരിക്കല്‍ ഒരു കീര്‍ത്തനം ആലപിക്കാന്‍ ആവശ്യപ്പെട്ടു. കനത്ത ജലദോഷമായതിനാല്‍ അദ്ദേഹത്തിന്റെ ആ ആഗ്രഹം നിറവേറ്റാന്‍ എം.എസിനായില്ല. ഇതവരെ ദുഃഖിതയാക്കി. ‘സുബ്ബലക്ഷ്മി കീര്‍ത്തനം പറയുന്നതാണ്, മറ്റുള്ളവര്‍ പാടികേള്‍ക്കുന്നതിലുമിഷ്ടം’ എന്ന് പറഞ്ഞാണ് ഗാന്ധിജി അന്നവരെ ആശ്വസിപ്പിച്ചത്.


1952 നവംബര്‍ 29ന് ഡല്‍ഹിയിലെ രാമകൃഷ്ണാശ്രമത്തില്‍ സുബ്ബലക്ഷ്മി പാടുമ്പോള്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും കേള്‍വിക്കാരനായി ഉണ്ടായിരുന്നു. ആ സ്വരമാധുരിമയില്‍ ലയിച്ചുപോയ നെഹ്‌റു എം.എസിനെ വണങ്ങി നല്‍കിയ അഭിനന്ദനവാക്കുകള്‍ പ്രശസ്തമാണ്. ‘ഈ സ്വര രാജ്ഞിക്കു മുമ്പില്‍ ഞാനാര്? വെറുമൊരു പ്രധാനമന്ത്രി’. രാജ്യാന്തരവേദികളില്‍ സുബ്ബലക്ഷ്മി ഇന്ത്യയുടെ സാംസ്‌കാരിക അംബാസഡറായി അറിയപ്പെട്ടിരുന്നു.
2004 ഡിസംബര്‍ 11ന് 88-ാം വയസില്‍ എം.എസ്. സുബ്ബലക്ഷ്മിയെന്ന സംഗീത വിസ്മയം വിടപറഞ്ഞെങ്കിലും ഇന്നും സുബ്ബലക്ഷ്മി ഒരത്ഭുതമായി തന്നെ ഓരോ സംഗീതപ്രേമിയുടെ മനസ്സിലുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *