കുറുപ്പില്‍ തീരുന്നില്ല ;’അലക്സാണ്ടറായി’ അവന്‍ വീണ്ടും വരും

ദുല്‍ഖര്‍ സല്‍മാന്‍റെ കുറുപ്പിനെവളരെ ആവേശത്തോടുകൂടിയാണ് ജനം തിയേറ്ററില്‍ വരവേറ്റത്. വന്‍ പ്രീ-റിലീസ് ഹൈപ്പുമായി എത്തിയ ചിത്രം മികച്ച മൗത്ത് പബ്ലിസിറ്റിയും ഇനിഷ്യലും നേടിയിരുന്നു. ആദ്യ രണ്ടാഴ്ച കൊണ്ട് ആഗോള തലത്തില്‍ ചിത്രം 75 കോടി ഗ്രോസ് നേടിയെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ആരാധകരില്‍ ആവേശം ഉളവാക്കുന്ന ഒരു വിവരം അണിയരപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്’കുറുപ്പി’ന് രണ്ടാംഭാഗം ഉണ്ടാവും എന്നതാണ് അത്.


പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ ജീവിതത്തെ ആസ്‍പദമാക്കി നിര്‍മ്മിച്ച ‘കുറുപ്പി’ല്‍ അയാളുടെ ജീവിതത്തിലെ പരാമര്‍ശിക്കപ്പെടാത്ത ഏടുകളെ ഭാവനാത്മകമായാണ് സംവിധായകന്‍ സമീപിച്ചിരുന്നത്. നാട്ടില്‍ നില്‍ക്കാനാവാത്ത സാഹചര്യത്തില്‍ നാടുവിട്ട് വിദേശത്തേക്ക് പോകുന്ന കുറുപ്പിനെ അവസാനം ഫിന്‍ലന്‍ഡിന്‍റെ തലസ്ഥാനമായ ഹെല്‍സിങ്കിയിലാണ് സംവിധായകന്‍ ചിത്രത്തിന്‍റെ ടെയ്‍ല്‍ എന്‍ഡില്‍ അവതരിപ്പിച്ചത്. രണ്ടാംഭാഗത്തിന്‍റെ സാധ്യതകളെ സൂചിപ്പിക്കുന്നതായിരുന്നു ഈ ടെയ്‍ല്‍ എന്‍ഡ്. ‘അലക്സാണ്ടര്‍എന്ന വ്യാജപേരിലാണ് കുറുപ്പ് അവിടെ കഴിയുന്നത് എന്നും ചിത്രം പറഞ്ഞിരുന്നു.


ഇതിന്‍റെ ഭാഗമായി ‘അലക്സാണ്ടറിന്‍റെ ഉയര്‍ച്ച’ എന്ന ടൈറ്റിലില്‍ ഒരു ക്യാരക്റ്റര്‍ മോഷന്‍ പോസ്റ്ററും അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. അതേസമയം ചിത്രം തിയറ്ററുകളില്‍ തുടരുമ്പോള്‍ത്തന്നെ ഒടിടിയിലും ചിത്രം കാണാനാവും. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലുമായി നെറ്റ്ഫ്ലിക്സില്‍ചിത്രം സ്ട്രീമിംഗ് ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *