അടുക്കളതോട്ടത്തില്‍ വെണ്ട കൃഷി ചെയ്യാം

വെണ്ടകൃഷിയും പരിചരണവും

വീട്ടില്‍ അടുക്കളതോട്ടത്തില്‍ മണ്ണിലായാലും ടെറസിലായാലും വെണ്ട കൃഷി നടത്താന്‍ കഴിയും. ടെറസില്‍ വെണ്ട കൃഷി നടത്തുമ്പോള്‍ ചാക്കിലോ ഗ്രോ ബാഗിലോവേണം കൃഷി നടത്താന്‍. മികച്ച വിളവ് തരുന്ന വിത്തുകള്‍ തന്നെ തിരഞ്ഞെടുക്കണം. വെണ്ടയില്‍ ദഹനത്തിന് സഹായിക്കുന്ന നാരുകള്‍ കൂടുതല്‍ ഉണ്ട് ഒപ്പം ജൈവകങ്ങളും അടങ്ങിയിരിക്കുന്നു. മികച്ചയിനം വെണ്ടകളാണ് അര്‍ക്ക അനാമിക, സല്‍കീര്‍ത്തി, അരുണ, സുസ്ഥിര എന്നിവ.

കൃഷി രീതി


വിത്തുകള്‍ പാകിയാണ് വെണ്ട തൈകള്‍ മുളപ്പിക്കുന്നത്. നടുന്നതിന് മുമ്പ് വിത്തുകള്‍ വെള്ളത്തില്‍ മുക്കി അല്‍പനേരം കുതിര്‍ക്കുന്നത് നല്ലതാണ്. വെണ്ട നടുമ്പോള്‍ വരികള്‍ തമ്മില്‍ 60 സെന്റിമീറ്റിര്‍ എങ്കിലും അകലം വേണം. തൈകള്‍ തമ്മില്‍ 50 സെന്റിമീറ്റര്‍ എങ്കിലും അകലത്തില്‍ നടുവാന്‍ ശ്രദ്ധിക്കണം. ടെറസില്‍ കൃഷി ചെയ്യുമ്പോള്‍ ഗ്രോ ബാഗിലോ ചാക്കിലൊ ഒരു വിത്ത് വീതം നടുന്നതാണ് നല്ലത്.


വിത്ത് നടുമ്പോള്‍ അടിവളമായി ചാണകപ്പൊടി ,എല്ലുപൊടി, വേപ്പിന്‍ പിണ്ണാക്ക് , ഉണങ്ങിയ കരിയില ഇവ ഇടാം. വിത്തുകള്‍ 3- 4 ദിവസം കൊണ്ട് മുളയ്ക്കും. ഒരു കുഴിയില്‍ ഒന്നില്‍ കൂടുതല്‍ വിത്ത് പാകണം. മുളച്ച ശേഷം ആരോഗ്യമുള്ള വിത്ത് നിലനിര്‍ത്തിയാല്‍ മതി. അദ്യത്തെ രണ്ടാഴ്ച വള പ്രയോഗങ്ങള്‍ ഒഴിവാക്കാം. മുന്നില്‍ കൂടുതല്‍ ഇലകള്‍ വന്നുകഴിഞ്ഞാല്‍ ചാണകപ്പൊടി, മണ്ണിര കമ്പോസ്റ്റ് എന്നിവ തൈകള്‍ക്ക് നല്‍കി തുടങ്ങാം. ദ്രവരൂപത്തിലുള്ള വളം നല്‍കുന്നതും നല്ലതാണ്.


തണ്ട് തുരപ്പനാണ് വെണ്ടയെ ആക്രമിക്കുന്ന പ്രധാനകീടം. വേപ്പിന്‍കുരു പൊടിച്ച് 24 മണിക്കൂര്‍ എങ്കിലും വെള്ളത്തിലിട്ട് ലയിപ്പിച്ച മിശ്രിതം ഇരട്ടി വെള്ളം ചേര്‍ത്ത് ജൈവ കീടനാശിനിയായി ഉപയോഗിക്കാവുന്നതാണ്. വേപ്പിന്‍ കുരു ലഭ്യമല്ലെങ്കില്‍ വേപ്പിന്‍ പിണ്ണാക്ക് ഇതെപോലെ വെള്ളത്തില്‍ ഇട്ട് ഉപയോഗിക്കാം. കൂടാതെ വേപ്പിന്‍ പിണ്ണാക്ക് പൊടിച്ച് തടത്തില്‍ ഇടുന്നതും തണ്ട് തുരപ്പനെ ഒഴിവാക്കാന്‍ നല്ലതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!