പ്രസംഗകലയുടെ അവസാന വാക്ക്: സുകുമാർ അഴീക്കോട്
ജിബി ദീപക്ക്(എഴുത്തുകാരി,അദ്ധ്യാപിക)
തൂലിക പടവാളും നാവ് പടത്തോക്കുമായി ഒരു ഏകാംഗ പോരാളിയായി തലങ്ങും വിലങ്ങും പാഞ്ഞുനടന്ന് അനീതിക്കെതിരെ യുദ്ധം നടത്തിയ കര്‍മ്മയോദ്ധാവായിരുന്നു സുകുമാര്‍ അഴീക്കോട്. ഏതു പാര്‍ട്ടിയെന്നോ ഏതു നേതാവെന്നോ നോക്കാതെ പ്രശ്‌നങ്ങളുടെ ന്യായാന്യായങ്ങള്‍ നോക്കി തുറന്നടിച്ച് വിമര്‍ശനങ്ങളുടെ സ്‌ഫോടനം സൃഷ്ടിക്കാന്‍ അദ്ദേഹം മടിച്ചിരുന്നില്ല.
കെ. കേളപ്പന്‍ തുടങ്ങി കെ. കരുണാകരന്‍, എ.കെ. ആന്റണി, ഉമ്മന്‍ ചാണ്ടി വരെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അഴീക്കോടിന്റെ പ്രഹരങ്ങള്‍ ഏറ്റുവാങ്ങിയവരായിരുന്നു. സിപിഎം മുഖ്യമന്ത്രിക്കെതിരെ ‘കൊലവെറി’ ആരോപിച്ചതും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ മകന്റെ കല്യാണത്തിന്റെ ആര്‍ഭാടത്തെ വിമര്‍ശിച്ച് അഴീക്കോട് പരസ്യമായി രംഗത്തുവന്നതുമൊക്കെ ഏറെ വിവാദപരമായ ചര്‍ച്ചയായതായിരുന്നു.
യഥാര്‍ത്ഥ ജ്ഞാനികള്‍ ജനനത്തിലോ മരണത്തിലോ ആകുലചിത്തരാകുന്നില്ല എന്ന ഭഗവത്ഗീതാ സന്ദേശം അഴീക്കോടിന്റെ കാര്യത്തില്‍ അക്ഷരംപ്രതി ശരിയാണ്. പ്രതിഭയുടെ തെളിമയില്‍ സാത്വികനായി ജീവിച്ചുവെങ്കിലും നോവിച്ചും സ്‌നേഹിച്ചും മലയാളികള്‍ക്കിടയില്‍ അദ്ദേഹം നടന്നും, പാഞ്ഞും നീങ്ങുകയായിരുന്നു.
അധികാര രാഷ്ട്രീയത്തിനപ്പുറം ജനങ്ങളുടെ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ഇത്തരം ജനനായകന്മാരുടെ അഭാവമാണ് വര്‍ത്തമാന ഇന്ത്യ നേരിടുന്ന ഗുരുതരമായ പ്രശ്‌നം. നിര്‍ഭയന്റെ നേരെഴുത്തും വാക്കൊഴുക്കും കൊണ്ട് ഒരു സമൂഹത്തെ നേര്‍വഴി നടത്താന്‍ യത്‌നിച്ച ഡോ. സുകുമാര്‍ അഴീക്കോട് കേരളത്തെ സംബന്ധിച്ചിടത്തോളം പൊതുസമൂഹത്തിലെ പകരക്കാരനില്ലാത്ത അമരക്കാരനായിരുന്നു. കൊടുങ്കാറ്റുപോലെ ആഞ്ഞടിച്ചും മന്ദമാരുതനെപ്പോലെ കുളിര്‍ക്കാറ്റേകിയും അഴിക്കോട് മാഷ് കടന്നുപോയപ്പോള്‍ അവശേഷിപ്പിച്ച വഴിയടയാളം മലയാളിയ്ക്ക് എന്നും വഴികാട്ടിയാണ്. വിവാദങ്ങളും, അപവാദങ്ങളും അടിക്കടി അരങ്ങുതകര്‍ക്കുന്ന രാഷ്ട്രീയരംഗത്ത് പ്രതിസന്ധിയുടെ നിര്‍ണ്ണായക ഘടങ്ങളിലൊക്കെ ഒരു വേറിട്ട ശബ്ദത്തിനായി മലയാളി കാതോര്‍ത്തിരുന്നത് ഡോ. സുകുമാര്‍ അഴീക്കോടിലേക്കായിരുന്നു.
കേരളത്തിന്റെ ഹൃദയമിടിപ്പായി മാറിയ സമസ്തമേഖലകളിലും വാക്കുകളുടെ ഒടുങ്ങാത്ത അലകളുമായി അഴീക്കോട് ആറു പതിറ്റാണ്ട് ആഞ്ഞടിക്കുകയായിരുന്നു. അധികാര രാഷ്ട്രീയത്തിന്റെ മൂലസ്ഥാനത്തിരിക്കുന്ന പ്രധാനമന്ത്രിപോലും ശബ്ദമില്ലാത്തവരുടെ ശബ്ദമായി ഉറക്കെ ഉറപ്പിച്ചു പറയാതെ മൗനത്തിന്റെ വല്മീകങ്ങളില്‍ അഭയം കണ്ടെത്തി രക്ഷപ്പെടുന്ന കാലമാണിത്. അത്തരമൊരു നാട്ടില്‍ ‘ശബ്ദമില്ലാത്തവനു വേണ്ടി ഞാന്‍ ഗര്‍ജിക്കാം. എന്റെ തൊണ്ടയിലെ മാംസപേശികളുടെ അവസാനചലനവും നിലനില്‍ക്കുന്നതുവരെ’ എന്ന് പ്രഖ്യാപിച്ച് പോരാട്ടം നയിക്കാന്‍ അഴീക്കോടല്ലാതെ മറ്റേതു സാംസ്‌കാരിക സാഹിത്യനായകനാണ് മലയാളി മണ്ണില്‍ ചങ്കൂറ്റം കാട്ടിയിട്ടുള്ളത്.
ക്ഷോഭിക്കുന്ന സുവിശേഷകന്‍ എന്നറിയപ്പെടുന്ന ഈ അക്ഷരതമ്പുരാന്‍ നിത്യനിദ്രയിലേക്ക് പോകുംമുമ്പ് നമ്മോടു പറഞ്ഞത്- ‘എന്റെ കുഴിമാടത്തിനു മുന്നില്‍ നിന്ന് നിങ്ങള്‍ എന്നെ പ്രസംഗിക്കാന്‍ ക്ഷണിച്ചാല്‍ ആ ശവക്കല്ലറ തകര്‍ത്തുകൊണ്ട് ഞാനിറങ്ങി വരും’ എന്നായിരുന്നു. കര്‍മ്മമാണ് മോക്ഷമെന്ന് ഉറച്ചുവിശ്വസിച്ച് ‘മാനവസേവ മാധവസേവയെന്ന്’ ഉദ്‌ഘോഷിച്ച ഋഷിതുല്യനായ അവധൂതനായിരുന്നു ഈ സാംസ്‌കാരിക ചക്രവര്‍ത്തി. ഭാരതമെന്ന വികാരം മാനവകിതയുടെ മാനദണ്ഡങ്ങള്‍ക്കൊപ്പം പ്രാണജ്വാലയായി ഉള്‍ക്കൊണ്ടല്ലാതെ അഴീക്കോടിന് പ്രതികരിക്കാന്‍ കഴിയുമായിരുന്നില്ല.
നിര്‍ഭയമായ മനസ്സും, നിലപാടുകളിലെ നിര്‍ഭയത്വവുമായിരുന്നു അദ്ദേഹത്തിന്റെ സവിശേഷത. അക്ഷരാഗ്നികൊണ്ട് മലയാളിയുടെ മനസ്സില്‍ ചിന്തയുടെ ഹോമാഗ്നി ആളിക്കത്തിച്ച ഈ വാഗ്‌ദേവതാ ഉപാസകന്‍ ചങ്കൂറ്റത്തിന്റെ ദണ്ഡ് ഒരിക്കലും ഉപേക്ഷിക്കാതെ കൊണ്ടുനടന്നിരുന്നു.
അഴീക്കോട്ടെ ആത്മവിദ്യാസംഘത്തിന്റെ സ്വാധീനത കുട്ടിക്കാലത്തുതന്നെ അഴീക്കോടിനെ ധൈഷണിക സംഭവങ്ങളില്‍ തല്‍പരനാക്കി. ഇതിന്റെ ഭാഗമായി ആരംഭിച്ച പ്രസംഗങ്ങളിലൂടെ ഇദ്ദേഹം യുവാവാകുമ്പോഴേക്കും ഉത്തര കേരളത്തിലുടനീളം പ്രശസ്തിയാര്‍ജ്ജിച്ച പ്രഭാഷകനായിക്കഴിഞ്ഞിരുന്നു. സാഹിത്യം, തത്വചിന്ത, സാമൂഹികജീവിതം, ദേശീയത എന്നിങ്ങനെയുള്ള വിഷയങ്ങളിലുള്ള നൈപുണ്യവും ഭാഷയുടെ പടുലതയും അഴീക്കോടിന്റെ പ്രഭാഷണങ്ങളെ ശ്രദ്ധേയമാക്കി മാറ്റി. വളരെ പതിയെ, ശാന്തമായി തുടങ്ങി പിന്നീട് ആവേശത്തിന്റെ ഉച്ചസ്ഥായിയില്‍ നിറുത്തുന്ന അഴീക്കോടിന്റെ പ്രസംഗശൈലി പ്രശസ്തമാണ്. വൈക്കം മുഹമ്മദ് ബഷീര്‍ ‘സാഗര ഗര്‍ജ്ജനം’ എന്ന് അഴീക്കോടിന്റെ പ്രഭാഷണത്തെ വിശേഷിപ്പിച്ചിട്ടുണ്ട്. പ്രഭാഷണം തന്നെയായിരുന്നു അഴീക്കോടിന്റെ മുഖ്യ ആവിഷ്‌കാരമാര്‍ഗ്ഗം. സാഹിത്യത്തെക്കാള്‍ രാഷ്ട്രീയം ഉള്‍പ്പെടെയുള്ള പൊതുവിഷയങ്ങള്‍ കൈകാര്യം ചെയ്തുകൊണ്ടുള്ള ഇദ്ദേഹത്തിന്റെ പ്രഭാഷണം നിശിതമായ വിമര്‍ശനങ്ങള്‍കൊണ്ടു ആകര്‍ഷമാക്കുവാന്‍ ശ്രമിച്ചു. ആരോടും വിധേയത്വം പുലര്‍ത്താതിരിക്കുകയും ധീരതയോടെ നിശിതമായി വിമര്‍ശിക്കുകയും ചെയ്യുന്നതിനാല്‍ കേരളത്തിന്റെ സഞ്ചരിക്കുന്ന മനഃസാക്ഷി എന്ന് ഇദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. അതുപോലെ എതിരാളികള്‍ അവസരവാദത്തിന്റെ അപ്പസ്‌തോലനായി വിശേഷിപ്പിച്ചു.
പ്രസംഗംകൊണ്ട് എവിടെയെങ്കിലും കള്ളനെ പിടിച്ചതായി കേട്ടിട്ടുണ്ടോ? ഉണ്ട് അങ്ങനെയും ഒരു സംഭവമുണ്ടായിട്ടുണ്ട്. കാല്‍നൂറ്റാണ്ട് മുമ്പ് സുകുമാര്‍ അഴീക്കോട് കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ സേവനമനുഷ്ഠിച്ചിരുന്ന കാലത്താണ് സംഭവം. റേഡിയോയോടും മത്സരിച്ച് ടേപ്പ് റിക്കോര്‍ഡര്‍ വിജയക്കൊടി നാട്ടിവരുന്ന കാലം. മോണോയും, സ്റ്റീരിയോയും, ടൂ ഇന്‍ വണ്ണുമൊക്കെ അന്നു പ്രചാരത്തിലുണ്ടായിരുന്നെങ്കെലും പില്‍ക്കാലത്തെപ്പോലെ സര്‍വവ്യാപിയായിരുന്നില്ല. അഴീക്കോടിന്റെ വീട്ടിലെ ടേപ്പ് റിക്കാര്‍ഡര്‍ ഒരുനാള്‍ കാണാതായി. നാട്ടുനടപ്പനനുസരിച്ചു പോലീസില്‍ പരാതിയും നല്‍കി. അന്വേഷണം നടക്കുന്നതിനിടെ അവര്‍ക്കൊരു വിവരം ലഭിച്ചു. ഒരു വീട്ടില്‍നിന്ന് ഇടതവില്ലാതെ അ ഴീക്കോടിന്റെ പ്രസംഗം കേള്‍ക്കുന്നുണ്ടെന്ന്.
അഴീക്കോടിന്റെ വേലക്കാരന്റെ വീടായിരുന്നു അത്. ജോലി നിര്‍ത്തിപോയപ്പോള്‍ ഒരു കൂട്ടിന് ടേപ്പ് റിക്കോര്‍ഡര്‍ കൂടി എടുത്ത കക്ഷിക്ക് അഴീക്കോടിന്റെ വീട്ടില്‍ നിന്നു കിട്ടിയ കസെറ്റുകളല്ലാതെ വേറൊന്നും വാങ്ങിയിടാനായില്ല. മാഷിന്റെ വീട്ടില്‍നിന്നു കിട്ടിയ കസെറ്റുകള്‍ മുഴുവന്‍ മാഷിന്റെ പ്രസംഗവുമായിരുന്നു. അത് ഉച്ചത്തില്‍ വച്ചതാണ് അയല്‍ക്കാര്‍ക്കു സംശയമുണ്ടാകാനും പോലീസ് വിവരമറിയിക്കാനും കാരണമായത്.
പ്രസംഗകലയില്‍ പല പരീക്ഷണങ്ങളും നടത്തിയ ആളായിരുന്നു അഴീക്കോട്. ഗാന്ധിജിയുടെ 125-ാമത് ജന്മവാര്‍ഷികത്തിന്റെ ഭാഗമായി കേരളത്തിലെ 125 ഗ്രാമങ്ങളില്‍ അദ്ദേഹം പ്രസംഗിച്ചു. ഏറ്റവും കൂടുതല്‍ നാള്‍ നീണ്ടുനിന്ന അഴീക്കോടിന്റെ പ്രസംഗപര്യടനം അതായിരുന്നു. ഗാന്ധിയന്‍ തത്വങ്ങളെ പുനഃസ്ഥാപിക്കുകയും യുവജനങ്ങളെ അതിനായി സജ്ജമാക്കുകയുമായിരുന്നു ആ പ്രസംഗപരമ്പരയുടെ ലക്ഷ്യം.
അഴീക്കോടിന്റെ വാഗ്‌ധോരണിക്കു മുമ്പില്‍ പല പ്രതിഭാശാലികളും അത്ഭൂതംകൂറി നിന്നുപോയിട്ടുണ്ട്. ആദ്യ ലോകമലയാള സമ്മേളനത്തിന്റെ ഉദ്ഘാടന വേളയില്‍ ചെയ്ത പ്രസംഗം കേട്ട് ആദരപൂര്‍വ്വം നിന്നവരില്‍ മലയാളികള്‍ മാത്രമല്ല, വിദേശികളുമുണ്ടായിരുന്നു. മലയാളത്തിലായിരുന്നു പ്രസംഗം, എന്നിട്ടും എ.എല്‍. ബാഷാംവും, ചെലിഷേവും ഉള്‍പ്പെടെയുള്ള വിദേശികള്‍ അഭിനന്ദനവര്‍ഷം ചൊരിഞ്ഞു. യു.ആര്‍.എ നാച്വറല്‍ ഒറേറ്റര്‍’ എന്നായിരുന്നു ബാംഷാംയുടെ കമന്റ്. റഷ്യയിലോ, യൂറോപ്പിലോ 15 കൊല്ലത്തിനുള്ളില്‍ ഇത്തരമൊരു പ്രസംഗം കേട്ടിട്ടില്ലെന്നായി ചെഷ്‌നോവ്. ഒട്ടേറെ ജപ്പാന്‍കാരുമുണ്ടായിരുന്നു. അഭിനന്ദനമറിയിക്കാന്‍. ഭാഷയുടെ അതിര്‍വരമ്പുകളെ പ്രസംഗം എങ്ങനെ ഭേദിച്ചുവെച്ച് തനിക്കു മനസ്സിലായില്ലെന്നാണ് അഴീക്കോട് പിന്നീട് ഇതേക്കുറിച്ച് പറഞ്ഞത്.
നാഷണല്‍ ബുക്ക് ട്രസ്റ്റ് ചെയര്‍മാനായിരിക്കെ ഡല്‍ഹിയില്‍ ലോക പുസ്തകമേള നടത്തിയപ്പോള്‍ ഉദ്ഘാടന വേളയില്‍ ചെയ്ത സ്വാഗതപ്രസംഗം ഹ്രസ്വമായിരുന്നെങ്കിലും ഓര്‍മ്മയില്‍ നില്‍ക്കുന്നതാണ്. ആകെ എട്ടുമിനിറ്റേ പ്രസംഗം നീണ്ടുള്ളൂ. അതിനിടയില്‍ അഞ്ചു തവണ കൈയടി കിട്ടി. ആംഗലേയത്തിലുലള്ള ആ സ്വാഗതപ്രസംഗം കേട്ട യു.ആര്‍. അനന്തമൂര്‍ത്തി പിന്നീട് ഫോണ്‍ ചെയ്തു പറഞ്ഞു ‘ഐ വില്‍ നെവര്‍ ഫൊര്‍ഗറ്റ് ദാറ്റ് സ്പീച്ച്.’
ശാരീരികമായ ക്‌ളേശങ്ങള്‍പോലും അവഗണിച്ചാണ് അഴീക്കോട് അവസാനകാലത്തും ഓടിനടന്ന് പ്രസംഗിച്ചത്. ഒരു ദിവസം ആറ് പ്രസംഗങ്ങള്‍ വരെ അദ്ദേഹം ഈ സമയത്ത് ചെയ്തിരുന്നു. ‘ശബ്ദമില്ലാത്തവനുവേണ്ടി ഞാന്‍ ഗര്‍ജിക്കാം, എന്റെ തൊണ്ടയിലെ മാംസപേശികളുടെ അവസാന ചലനവും നിലയ്ക്കുന്നതുവരെ.’ ആ വാക്ക് അദ്ദേഹം പാലിക്കുക തന്നെ ചെയ്തു.