ഡീഗോ പ്രിയ ഡീഗോ
ശ്രീകുമാര്‍
ഡീഗോ പ്രിയ ഡീഗോ, നിന്‍ പാദങ്ങള്‍ അരിയ പുല്‍മൈതാനങ്ങളില്‍,
ഹൃദയതീരങ്ങളില്‍ കുറിച്ചൊരു പുളകങ്ങള്‍ സ്മരണകളായ് അലയടിക്കുന്നു…
ഡീഗോ പ്രിയ ഡീഗോ, ഭൂമിയൊരു തുകല്‍പ്പന്ത് അതു നിന്റെ വിരിമാറില്‍ തടഞ്ഞ്, കാലുകളിലേക്കു പകര്‍ന്ന്,
വെണ്‍മേഘശകലങ്ങള്‍ വരയിട്ട നീലാകാശം കൂപ്പായമാക്കി,
സൂര്യന്‍ അതിലെ മുദ്രയാക്കി,
അകലേക്കെങ്ങോ നീ കുതിക്കേ,
നിന്‍ സ്മൃതികള്‍ തഴുകി ഏകാന്തം ഞങ്ങളിരിക്കുന്നു.
നീയെന്ന അജയ്യമാം അഴകിനെ
തീര്‍ത്തൊരാ ദൈവത്തിന്റെ കയ്യില്‍ ചന്ദ്രനും താരങ്ങളും
സൂര്യനും കാല്‍പന്തുകളായ് തിളങ്ങവേ,
അവ തേടിയോ നീ മുന്നേറുന്നു പിന്നെയും?
മായ്കയില്ല, മായ്ക്കുവാനാവില്ല,
മണല്‍ത്തരിപോലും കോരിത്തരിക്കും നിന്‍ ‘ടാംഗോ’ നൃത്തവിന്യാസങ്ങള്‍,
കളരിപ്പയറ്റുപോല്‍ വാനം കളിക്കളമാക്കും നിന്‍ ബൈസിക്കിള്‍ കിക്കുകള്‍, കണ്ണഞ്ചിപ്പിക്കുന്ന ഹേഡ്ഡറുകള്‍, ചടുലഡ്രിബ്ലിംഗുകള്‍…
മാസ്മരം നീ ഗോള്‍വലകളിലുതിര്‍ത്തൊരാ വിസ്മിത വെടിയൊച്ചകള്‍…
വിണ്ണില്‍ മാരിവില്ലു വരഞ്ഞപോല്‍,
ചേതോഹരം നീയെഴുതിയ കാവ്യമായ് ഹൃദയഭിത്തിയില്‍ കോറിയിട്ടിരിക്കുന്നു…
മായിക നൃത്തമാടിയ നിന്‍ പാദങ്ങള്‍ ഒടുവില്‍, ബെലവിസ്തയില്‍ നിശ്ചലമാകെ, നോവുറഞ്ഞ പന്തുകളായ്,
ലോകമുതിര്‍ക്കുന്നു കണ്ണീര്‍ക്കണങ്ങള്‍..
മറക്കുവാനാവില്ല മാറഡോണെ നിന്നെ, നിന്‍ മാറില്‍ തിളങ്ങും പത്തെന്ന പൊരുളിനെ, ദശാവതാരം പോല്‍ കളത്തിന്റെ ഓരോ ഇഞ്ചിലും നീ താണ്ഡവമാടുമ്പോള്‍…
ലഹരി നീ,
കായികലോകത്തിന്‍ സിരകളില്‍,
ആവേശോജ്ജ്വല ഗാഥ നീ,
മാമാങ്കം നീ, ആരാധകവൃന്ദത്തിന്‍ ചേതനകളില്‍…
ഡീഗോ പ്രിയ ഡീഗോ…
ടാംഗോ അര്‍ജന്റീനയിലെ നൃത്തം.
ബെല വിസ്ത ഡീഗോ മറഡോണയുടെ ഭൗതക
ശരീരം അടക്കം ചെയ്ത ശ്മശാനം.