~മാറ്റിവച്ചത്~

നിഷ റെജിമോന്‍

ഇനിയെനിക്കൊരു യാത്രപോകണം ,
പടിപ്പുരയും നാട്ടുകളരിയും
പൂരപ്പറമ്പും കടന്നുപോകുന്ന
നിളയുടെ പുളിനങ്ങളെ
തഴുകി
ഗിരിമുകളിലെ മാരുതനെ
പുല്കി
ആഴിയുടെ അലകളെ
തഴുകി , ഒരു യാത്ര …..
ഇനിയും നീളുമീ
കാത്തിരിപ്പിലും
കാല്പ്പാടുകളിരട്ടിക്കില്ലെന്ന
തിരിച്ചറിവിൽ
കടന്നുപോയ കാലത്തി-
നശേഷം നിറം കെടുത്താനാവാതെ
ഓരോന്നായി കൂട്ടിവെച്ച്
നിറഞ്ഞ മഞ്ചാടിമണിയുടെ
ചെപ്പുമായൊരു യാത്ര …..
ചെന്നെത്തുന്നിടത്തെല്ലാം
ഓരോ മണികളായ്
പൊഴിച്ച്
അവസാനം
ഒഴിഞ്ഞ ചെപ്പുമായ്
തിരികെ പടികൾ കടക്കുമ്പോൾ
ഒറ്റയ്ക്കു വിടരില്ലെന്നു
നിനച്ചൊരെൻ പർണ്ണങ്ങ-
ളിന്നിതാ വർണ്ണങ്ങളാൽ
നിറഞ്ഞിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *