തഴുതാമ നട്ടുപിടിപ്പിച്ചോളൂ.. അളത്ര നിസാരക്കാരനല്ല
ഡോ. അനുപ്രീയ ലതീഷ്
തഴുതാമയുടെ ഔഷധഗുണങ്ങള്‍
ഇലക്കറിയായും ഔഷധമായും ഉപയോഗിച്ചിരുന്ന പുനര്‍നവയെന്ന തഴുതാമ കാലത്തിന്റെ ഒഴുക്കില്‍ പൂര്‍ണമായും തമസ്കരിക്കപ്പെട്ടുപോയ ഔഷധസസ്യമാണ്.
പുഷ്പങ്ങളുടേയും തണ്ടിന്റേയും നിറത്തെ ആധാരമാക്കി വെളുത്തതും ചുവന്നതുമായ രണ്ട് തരം തഴുതാമ കണ്ടുവരുന്നു. പാടങ്ങളുടെയും ജലാശയങ്ങളുടെയും അരികെ മേയുന്ന കന്നുകാലികളുടെ ഇഷ്ട ഭക്ഷണവുമാണ് തഴുതാമ. മഴക്കാലത്ത് സമൃദ്ധമായി ഇവ വളരും
ഔഷധഗുണം
തഴുതാമ ഇല രക്തക്കുറവ് പരിഹരിക്കുന്നതിനും ശരീരത്തിലെ നീര്‍ക്കെട്ടും വേദനയും ഇല്ലാതാക്കുന്നതിനും നല്ലതാണ്. രോഗപ്രതിരോധ ശക്തി ലഭിക്കും. മഞ്ഞപ്പിത്തവും വൃക്കരോഗങ്ങളും വരാതിരിക്കുന്നതിനും തഴുതാമയുടെ ഉപയോഗം ഗുണം ചെയ്യുന്നു. തഴുതാമയിട്ട് തിളപ്പിച്ച വെളളം ദാഹശമനിയായി ഉപയോഗിക്കാവുന്നതാണ്. ഇത് മൂത്ര തടസം മാറുന്നതിനും വൃക്കയുടെ ആരോഗ്യത്തിനും അത്യുത്തമമാണ്.
ഉദരസംബന്ധമായ അസുഖങ്ങള്‍ ഇല്ലാതാക്കാനും തഴുതാമക്ക് കഴിയും. തഴുതാമ ഉപയോഗിച്ചാൽ രോഗപ്രതിരോധ ശക്തി ലഭിക്കുന്നു .തടി കുറക്കാനും ശരീരത്തില്‍ കെട്ടികിടക്കാനിടയുള്ള അനാവശ്യദ്രാവകങ്ങളുടെ നിര്‍മാര്‍ജനത്തിനും സഹായിക്കും. ആരോഗ്യവും ഓജസ്സും വര്‍ധിപ്പിക്കാനും ഉപകരിക്കും. പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതിനും ടെന്‍ഷന്‍ കുറക്കാനും സഹായിക്കും.
വിരകൾക്കുള്ള മരുന്നുകളിൽ അലോപ്പതിയിലും ഇതിലെ ഔഷധത്തിന്റെ സാന്നിധ്യമുണ്ട്. പൊട്ടാസ്യം നൈട്രേറ്റിന്റെ സാന്നിധ്യം കൂടുതലുള്ളതുകൊണ്ടാണ് ഇത് മൂത്രത്തെ ഉത്തേജിപ്പിക്കുന്നത്. മൂത്രക്കല്ലിന്റെ അസുഖത്തിന് മികച്ച ഒരൗഷധമാണിത്. ഒരു വിട്രോ ആന്റി കാൻസർ ആണിത്. ആന്റി ഓക്സിഡന്റ്, ആന്റി ഈസേ്ട്രാജനിക്, ആന്റി ആമിയോബിക് എന്നിവയായി ഇത് അലോപ്പതിയിൽ ഉപയോഗിക്കുന്നു. കൂടാതെ ഇതിൽ പുനർനവിൻ എന്ന ആൽക്കലോയ്ഡും അടങ്ങിയിരിക്കുന്നു. ഇതിന്റെ വേര് നല്ല ആന്റിസെപ്റ്റിക് ഗുണമുള്ളതാണ്. അലോ ഇമോൾഡിൻ, ക്രൈസോഫനോൾ, കാഥർടെയ്ൻ, കാത്സ്യം, ഇരുമ്പ്, ഫോസ് ഫറസ്, ബീറ്റാ സിറ്റോസ്റ്റിറോൾ, ഇമോഡിൻ, റുബ്രോഫുസാരിൻ, സ്റ്റിഗ്മാസ്റ്റിറോൾ, ടാർടാറിക് ആസിഡ് എന്നിങ്ങനെ തുടങ്ങി ഒട്ടേറെ രാസ സംയുക്തങ്ങളാൽ അനുഗൃഹീതമാണ് നമ്മുടെ തഴുതാമ.