കോഴിക്കോടിന്റെ പൈതൃകം; മിശ്കാൽ പള്ളി
കോഴിക്കോട്ടെ പുരാതനമായ മുസ്ലിം പള്ളിയാണ് മിശ്കാൽ സുന്നി ജുമാഅത്ത് പള്ളി. കോഴിക്കോട് കുറ്റിച്ചിറയിൽ സ്ഥിതി ചെയ്യുന്ന ഈ മുസ്ലിംപള്ളിക്ക് 7 നൂറ്റാണ്ടോളം പഴക്കമുണ്ട്. അറേബ്യൻ വ്യാപാരിയായ നഖൂദ മിശ്കാൽ എഡി.1300 നും 1330 നും ഇടയിലാണ് പള്ളി പണിതത്.
പിന്നീട് നഖൂദ മിശ്കാൽ പേരിൽ തന്നെ പള്ളി അറിയപ്പെടുകയായിരുന്നു. 24 തൂണുകളും 47 വാതിലുകളും പള്ളിക്കുണ്ട്.തറനിലയിൽ 300 ആളുകൾക്ക് നമസ്കരിക്കാനാവും. ക്ഷേത്രക്കുളങ്ങൾക്ക് സമാനമായ ചതുരക്കുളവും മരത്തടിയാൽ തീർത്ത തൂണുകളും ചുമരകളും സവിശേഷതയാണ്.
1510 ജനുവരി മൂന്നിന് പോർച്ചുഗീസുകാർ വാസ്കോഡ ഗാമയുടെ പിൻഗാമിയായത്തെിയ അൽബുക്കർക്കിന്റെ നേതൃത്വത്തില്‍ പള്ളി ആക്രമിച്ചു. കല്ലായിപ്പുഴയിലൂടെ വന്ന പോർചുഗീസ് അക്രമികൾ ചരിത്രത്തിൽ തലയുയർത്തിനിന്ന പള്ളിക്ക് നേരെ ആക്രമണം നടത്തിയത്. പള്ളിക്ക് തീവെക്കുകയായിരുന്നുവെന്നാണ് ചരിത്രം രേഖപ്പെടുത്തിയത്. നാലു തട്ടുകളിലായി മരം കൊണ്ട് നിർമിച്ച പള്ളിക്ക് നാശനഷ്ടങ്ങളുണ്ടായി. സാമൂതിരിയുടെ നായർ പടയാളികളും മുസ്ലിംകളും ചേർന്നാണ് ആക്രമണം ചെറുത്തത്. പോർചുഗീസ് ആക്രമണത്തിൻെറ മുറിപ്പാടുകൾ ഇപ്പോഴും പള്ളിയുടെ മുകൾതട്ടിലുണ്ട്.