മുന്തിരിയുടെ പരിപാലനം
വിവരങ്ങള്‍ക്ക് കടപ്പാട്: വിനു.സികെ
വീട്ടുവളപ്പിലെ വെള്ളം കെട്ടി നിൽക്കാത്തതും നല്ല സൂര്യപ്രകാശം കിട്ടുന്നതുമായ സ്ഥലമാണ് മുന്തിരി തൈ നടാൻ അനുയോജ്യം.ഏകദേശം 1 അടി വിസ്തീർണ്ണത്തിലും ആഴത്തിലും ഉള്ള കുഴി എടുക്കുക,കുഴിക്ക് അരികിലായി തന്നെ ബലവും നീളവുമുള്ള ഒരു വടിയോ കമ്പിയോ ഉറപ്പിച്ചു നിർത്തുക,വളർന്നു വരുന്ന മുന്തിരിവള്ളിക്കു താങ്ങിന് വേണ്ടിയാണിത്. വരണ്ട പ്രദേശമാണെങ്കിൽ കുഴിയുടെ അടിയിൽ മൂന്നോ നാലോ ചകിരി തൊണ്ടുകൾ വൃത്താകൃതിയിൽ വച്ചുകൊടുക്കുന്നത് ചുവട്ടിലെ ഈർപ്പം നിലനിർത്താൻ സഹായിക്കും.
ഒന്നിലധികം തൈകൾ നടുന്നുണ്ടെങ്കിൽ കുഴികൾ തമ്മിൽ കുറഞ്ഞത് ഒരു മീറ്റർ എങ്കിലും അകലമുണ്ടായിരിക്കുന്നതാണ് നല്ലത്.കുഴിയിൽ മുക്കാൽ ഭാഗവും മണലും വളങ്ങളും ചേർത്ത് നിറയ്ക്കുക (മണ്ണിര കമ്പോസ്റ്റ്,ചാണകം,എല്ലുപൊടി ,വേപ്പിൻ പിണ്ണാക്ക്) വേപ്പിൻ പിണ്ണാക്ക് മണ്ണിലുണ്ടാകുന്ന ആക്രമണകാരികളായ കീടങ്ങളിൽ നിന്നും പുഴുക്കളിൽ നിന്നും ചെടിയുടെ വേരുകളെ സംരക്ഷിക്കും..ഈ കുഴിയിലേക്ക് ഗ്രോബാഗിൽ വളരുന്ന തൈ മണ്ണോടു കൂടി ചുവടിന് ഇളക്കം തട്ടാതെ പ്ലാസ്റ്റിക് കവർ ഊരി മാറ്റിയ ശേഷം ഇറക്കി വയ്ക്കുക.എല്ലാ ദിവസവും രാവിലെ നന്നായി നനച്ചു കൊടുക്കുക
പരിപാലനം
വളർന്നു തുടങ്ങിയാൽ മുന്തിരിക്ക് പ്രത്യേക പരിചരണത്തിന്റെ ആവശ്യമുണ്ട്..കൃത്യമായ ഇടവേളകളിൽ വളം ഇട്ട് കൊടുക്കുക,എല്ലാ മാസവും ചാണക പൊടിയോ മറ്റു കാലി വളങ്ങളും ഇട്ടു കൊടുക്കുക.ഓരോ പിടി വേപ്പിൻ പിണ്ണാക്കും, കടലപ്പിണ്ണാക്കും 2 ലിറ്റർ വെള്ളത്തിൽ ഇട്ട് ബക്കറ്റിൽ അടച്ചു വയ്ക്കുക , 24 മണിക്കൂറിനു ശേഷം രണ്ടോ മൂന്നോ ഇരട്ടി വെള്ളവും ചേർത്ത് ചുവടിന് ചുറ്റും ഒഴിച്ച് കൊടുക്കാം.മാസത്തിൽ രണ്ടു തവണ ഇങ്ങനെ ചെയ്യുന്നത് നല്ലതാണു.അടുക്കളയിലെ മീൻ കഴുകിയ വെള്ളം ഒഴിച്ച് കൊടുക്കുന്നതും വളർച്ചയെ ത്വരിതപ്പെടുത്തും.. ഇലകളിൽ ഫങ്കസ് ബാധയുണ്ടെങ്കിൽ വേപ്പെണ്ണ വെള്ളത്തിൽ ലയിപ്പിച്ചു സ്പ്രേ ചെയ്യുകയോ മറ്റു ജൈവ കീടനാശിനികൾ ഉപയോഗിക്കുകയോ ചെയ്യാം..ബോർഡോ മിശ്രിതവും നല്ലതാണ്.
പ്രൂണിങ് :-
ശരിയായ രീതിയിലുള്ള പ്രൂണിങ് ചെടിയെ കൂടുതൽ ആരോഗ്യമുള്ളതും കൂടുതൽ കായ് ഫലം തരുന്നതുമാക്കിത്തീർക്കും.,കൂടാതെ നമ്മുടെ ഇഷ്ടമുള്ള രീതിയിലും ആകൃതിയിലും മുന്തിരി വള്ളിയെ വളർത്താനും പ്രൂണിങ് മൂലം സാധിക്കും.ചുവട്ടിൽ നിന്നും ബലവും ആരോഗ്യവുമുള്ള ഒരു വള്ളിയെ മാത്രം നിർത്തി ബാക്കിയുള്ളവ മുറിച്ചു കളയുക,പടർത്താൻ ഉദ്ദേശിക്കുന്ന പൊക്കത്തിൽ വളരുമ്പോൾ വീണ്ടും അറ്റം മുറിക്കാം,,അവിടെ നിന്നും വള്ളികൾ വീണ്ടും രണ്ടോ മൂന്നോ ശാഖകൾ ആയി വളരും.വളർച്ചാ ഘട്ടത്തിലുള്ള പ്രൂണിങ് ഇത്രയും മതിയാകും. 1.5 വർഷത്തിന് ശേഷമാണ് മുന്തിരി വള്ളി നന്നായി ബലം വയ്ക്കുകയും ശരിയായ പ്രൂണിംഗിനായി ഒരുങ്ങുകയും ചെയ്യുന്നത്..ഈ സമയം കൊണ്ട് നേരത്തെ നില നിർത്തിയ ശാഖകളിൽ നിന്നും ഉപശാഖകൾ ചെറുവിരൽ വണ്ണത്തിൽ വളർന്നു തുടങ്ങിയിട്ടുണ്ടാകും.അവയാണ് പ്രൂൺ ചെയ്യേണ്ടത്..എല്ലാ ഉപശാഖകളിലെയും ഒരു ബഡ് വളരാനുള്ള നീളം കഴിഞ്ഞുള്ളവ മുറിച്ചു കളയുക.എല്ലാ ഉപശാഖകളും തമ്മിൽ കുറഞ്ഞത് 6 ഇഞ്ച് അകലമുണ്ടായിരിക്കുന്നതാണ് നല്ലത്.ഇടയിലുള്ള എല്ലാ ശാഖകളും താഴോട്ട് വളരുന്ന ശാഖകളും മുറിച്ചു നീക്കുക..താഴോട്ട് വളരുന്ന ശാഖകളിൽ പെട്ടെന്ന് അസുഖങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്.പ്രൂണിങ് കഴിഞ്ഞു ഒരാഴ്ച കഴിയുമ്പോൾ തന്നെ മുറിച്ച ശാഖകളിൽ എല്ലാം പുതിയ രണ്ടു മുകുളങ്ങളും പൂവും വന്നു തുടങ്ങും,ഏകദേശം 90 ദിവസങ്ങൾ കഴിയുമ്പോൾ മുന്തിരി കായകൾ പഴുത്തു തുടങ്ങും…ഡിസംബർ, ആഗസ്ത് മാസങ്ങളാണ് കേരളത്തിലെ കാലാവസ്ഥ അനുസരിച്ച പ്രൂണിംഗിന് അനുയോജ്യം.
വിളവെടുപ്പ്.
വിളവെടുക്കുന്നതിനു ഏതാനും ദിവസങ്ങൾ മുൻപ് ചുവട്ടിൽ വെള്ളം ഒഴിക്കുന്നത് കുറച്ചാൽ കായ്കൾക്ക് കൂടുതൽ മധുരം ലഭിക്കും.മുന്തിരി പൂർണ്ണമായും വള്ളിയിൽ നിന്ന് തന്നെ പഴുക്കാൻ അനുവദിക്കുക.മറ്റു പഴങ്ങളെ പോലെ പറിച്ചു വച്ചതിനു ശേഷം മുന്തിരി ഒരിക്കലും പഴുക്കില്ല.