അപൂർണ്ണ പ്രണയത്തിലെ കഥാനായിക-1
അദ്ധ്യായം 1
ശ്രീകുമാര്‍ ചേര്‍ത്തല
ചേർത്തലയിലെ ഒരു സ്കൂളിൽ വായനാവാരത്തിൻറെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് വർഷങ്ങൾക്കു ശേഷം അവളെ വീണ്ടും കണ്ടത്. അവളുടെ കയ്യിൽ പിടിച്ച് ഒരു കുട്ടിയുമുണ്ടായിരുന്നു.
“എന്നെ ഓർമ്മയുണ്ടോ? ” അവൾ ചോദിച്ചു.
“ആതിര ഒരുപാട് മാറിയിരിക്കുന്നെങ്കിലും മനസ്സിലായി”
“ഇത് എന്റെ മകനാണ്, കണ്ണൻ. നിന്റെ പേര് ഇടണമെന്ന് മനഃപൂർവം വിചാരിച്ച് ഇട്ടതല്ലെങ്കിലും അങ്ങനെ ആയിപ്പോയി.”
കുറെ വർഷങ്ങൾ പിന്നോട്ടു പോയി.
വീട്ടിലെത്തി പഴയകാല ക്ലാസ് ഫോട്ടോകൾ എടുത്തു നോക്കി. ഫോട്ടോയിൽ ബഞ്ചിൽ ഇരിക്കുന്ന പെൺകുട്ടികളിൽ ഇടത്തു നിന്ന് രണ്ടാമത് വെളുത്തു മെലിഞ്ഞ് അവളും ആൺകുട്ടികളിൽ വലത്തു നിന്നും രണ്ടാമത് ഞാനും.
സ്കൂൾ മാറി അഞ്ചാം ക്ലാസിൽ ചേർന്നപ്പോളാണ് ആതിരയെ ആദ്യം കാണുന്നത്. നീലപ്പാവാടയും വെള്ളയുടുപ്പും യൂണിഫോമിൽ നന്നായി പുഞ്ചിരിച്ച്, ദിവസവും നെറ്റിയിൽ ഭംഗിയായി ചന്ദനക്കുറി തൊട്ട് കൂട്ടുകാരികളുമായി സല്ലപിച്ചെത്തുന്ന ആതിര. നീണ്ടു കനത്ത മുടി സുന്ദരമായി പിന്നിയിട്ടുകൊടുക്കുന്നത് ഒരുപക്ഷേ അവളുടെ അമ്മയായിരിക്കും. നിത്യേന മുടിയിൽ ഒരു തുളസിക്കതിർ കാണും. തുളസിക്കതിർ മുടിയിൽ ചൂടിയാൽ ടീച്ചറുടെ തല്ലു കൊള്ളില്ലത്രേ. ഒരിക്കൽ അവളുടെ മുടിയിൽ നിന്നു വീണ തുളസിക്കതിർ ആരും കാണാതെ എടുത്തു എന്റെ പാഠപുസ്തകത്തിൽ ഒളിപ്പിച്ചു. അവളുടെ മനോഹരമായ പാദങ്ങളിൽ പറ്റിച്ചേർന്നു കിടന്ന വെള്ളിപ്പാദസരത്തോട് പലപ്പോഴും എനിക്ക് അസൂയ തോന്നിയിട്ടുണ്ട്.
ക്ലാസിലെ ആൺകുട്ടികൾ എല്ലാവരും അവളെ രഹസ്യമായി പ്രണയിച്ചു. ഞാനും.പ്രേമം തുറന്നു പറയാൻ ധൈര്യമുണ്ടായില്ല. മുകേഷാണ് എനിക്ക് പ്രധാന വില്ലനായി അവതരിച്ചത്. അവൻ ഒരു ദിവസം ഞങ്ങളോട് പറഞ്ഞു.
“എനിക്ക് ആതിരയെ ഇഷ്ടമാണ്. പക്ഷേ അവളോട് പറയാൻ പേടിയാ”
മുകേഷിനേക്കാൾ എനിക്കുള്ള പ്ലസ് പോയിന്റ് ഞാൻ ക്ലാസിൽ പഠനത്തിൽ ഫസ്റ്റ് ആണെന്നുള്ളതാണ്. അതുകൊണ്ടു തന്നെ നോട്സും മറ്റും അവൾ എന്നോട് ചോദിക്കാനാണ് സാധ്യത. ഒരു ദിവസം രാവിലെ എന്റെ അടുക്കല്‍ വന്ന് മുകേഷ് പറഞ്ഞു .
“എടാ, എന്റെ പ്രേമം അവളെ അറിയിക്കാന്‍ ഇന്നലെ രാത്രി മുഴുവന്‍ ആലോചിച്ച് ഒരു വഴി കണ്ടുപിടിച്ചിട്ടുണ്ട്. ”
“ ഒാ, ലൗ ലെറ്റര്‍ ആയിരിക്കും. ”ഞാന്‍ പരിഹാസത്തോടെ പറഞ്ഞു.
“അതൊക്കെ നിന്നെപ്പോലുള്ള തേഡ്റേറ്റ് ആളുകള്‍ക്കുള്ളതാ….നീ കാത്തിരുന്ന് കണ്ടോ…”
ഉച്ചകഴിഞ്ഞ് ഇന്റര്‍വെല്‍ സമയത്ത് ആതിരയും കൂട്ടുകാരും കള്ളനും പോലീസും കളിക്കുകയായിരുന്നു. ആതിരയുടെ പുറകെ സുരേഷ് ഒാടുന്നതു കണ്ട് മുകേഷ് അവന്റെ പിറകേ ഒാടി. ആതിരയെ സുരേഷ് തൊട്ടുതൊട്ടില്ല , എന്ന മട്ടിലായപ്പോള്‍ ചലച്ചിത്രത്തിലെ നായകനെപ്പോലെ മുകേഷ് അവര്‍ക്കിടയിലേക്ക് ചാടിവീണു . നെറ്റിയിലേക്കു വീണ മുടി കൈകൊണ്ട് മാടിയൊതുക്കി ആതിരയെ ചൂണ്ടി സുരേഷിനോട് സിനിമാസ്റ്റൈലില്‍ മുകേഷ് ഉച്ചത്തില്‍ പറഞ്ഞു.
“ ഇവള്‍ എന്റേതാണ്….അവളെ തൊടാന്‍ നിനക്ക് ആരാ അധികാരം തന്നത് ?…”
സിനിമാ താരം ജയനെ കണ്ട ജയഭാരതിയെപ്പോലെ ആരാധനയോടെ, ആവേശത്തോടെ ആതിര കയ്യടിക്കുമെന്നാണ് അവന്‍ വിചാരിച്ചത് . ആതിരയും സുരേഷും ഞങ്ങള്‍ ഒന്നടങ്കവും ഞെട്ടിത്തരിച്ച് നില്‍ക്കുകയാണ്.
തുടരും
Pingback: അപൂർണ്ണ പ്രണയത്തിലെ കഥാനായിക – Koottukari