അപൂർണ്ണ പ്രണയത്തിലെ കഥാനായിക-2

അദ്ധ്യായം 2

ശ്രീകുമാര്‍ ചേര്‍ത്തല

ഏതാണ്ട് അരമണിക്കൂര്‍ കഴിഞ്ഞ് ആതിരയും പിന്നാലെ തലകുനിച്ചുകൊണ്ട് മുകേഷും സ്റ്റാഫ് റൂമില്‍ നിന്ന് പുറത്തേക്കു നിര്‍ഗമിച്ചു. അടുത്തുവന്ന് വിഷണ്ണനായി അവന്‍ പറഞ്ഞു.
“ ആ നേതാജി സാര്‍ എന്നെ നല്ല പൂശു പൂശിയെടാ…രണ്ടെണ്ണം കയ്യിലും മൂന്നെണ്ണം തുടയിലും… ”
“ നിന്റെ ഒടുക്കത്തെ ഒരൈഡിയ…തല വെയിലത്ത് കാണിക്കല്ലേ….നിന്റെ തലേല്‍ ഇനീം ഇത്തരം തറ വേല വല്ലതുമുണ്ടെങ്കില്‍ സമയം കളയാതെ ഇറക്ക്…..”
അടുത്തയാഴ്ച മുകേഷ് മറ്റൊരു വിദ്യയുമായി രംഗപ്രവേശം ചെയ്തു..
വെള്ളിയാഴ്ച അവസാനപിരീഡ് കുട്ടികളുടെ കലാവാസന പരിപോഷിപ്പിക്കാനുള്ളതാണ്. മുകേഷ് ഒരു ഗായകനാണ്. ആ വെള്ളിയാഴ്ച അവൻ “ആതിര വരവായി..ആതിര വരവായി..” എന്ന ഗാനം മനോഹരമായി പാടി. മനപ്രയാസത്തോടെ ഇരിക്കുന്ന എൻെറ അരികിലേക്ക് പാട്ടുപാടിക്കഴിഞ്ഞ് അവൻ വന്നു ചോദിച്ചു.
“ഞാൻ പാടുമ്പോൾ അവളുടെ മുഖം ശ്രദ്ധിച്ചാരുന്നോ?”
“പുല്ല്… ഞാനെങ്ങും ശ്രദ്ധിച്ചില്ല.” ഞാൻ ദേഷ്യത്തോടെ മറുപടി പറഞ്ഞു.
“നാണം കൊണ്ടു തുടുത്തിരുക്കുവാരുന്നു……”
ഇത് ഇങ്ങനെ വിട്ടാൽ പറ്റില്ല. അടുത്ത വെള്ളിയാഴ്ച , പാടാൻ അറിയാത്ത ഞാൻ വളരെ കഷ്ടപ്പെട്ടു പ്രാക്ടീസ് ചെയ്ത് “ആതിരത്തിരുമുറ്റത്തമ്പിളിപ്പൂ വിടർന്നു.” എന്ന ഗാനം ആലപിച്ചു.
പാടിക്കഴിഞ്ഞപ്പോൾ മുകേഷ് സിനിമാ നടൻ ജയനെപ്പോലെ കയ്യൊന്നു വളച്ച് രൂക്ഷമായി നോക്കിക്കൊണ്ട് എന്നോട് ചോദിച്ചു.
“അല്ല, എന്താ നിന്റെ ഉദ്ദേശ്യം?”
“എന്തുദ്ദേശ്യം.?”
“അവളെ ഞാൻ ഒറ്റയ്ക്കു വളച്ചോളാം, നീ എടപെടണ്ട., പിന്നേ ഞാൻ കരാട്ടെ പഠിക്കുന്നുണ്ട് കേട്ടോ, പറഞ്ഞില്ലെന്നു വേണ്ട.”
അവൻ അന്ന് “തിരുവാഭരണം ചാർത്തി വിടർന്നു തിരുവാതിര നക്ഷത്രം” എന്ന പാട്ടാണ് പാടിയത്.
എന്തും വരട്ടെ എന്ന മട്ടിൽ പിറ്റേ ആഴ്ച ഞാൻ ” ആതിര നിലാപ്പൊയ്കയിൽ നീരാടിപ്പോയ് വരും രാജഹംസമേ” എന്ന പാട്ട് പാടി.
മുകേഷ് അന്ന് “തിരുവാതിര തിരനോക്കിയ ” എന്ന പാട്ട് പാടി. അടുത്ത ആഴ്ച ഞാൻ 
” ആതിരപ്പൂവണിയാൻ ആത്മസഖി എന്തേ വൈകി” എന്ന പാട്ടും മുകേഷ് ഉചിതമായ പാട്ടൊന്നും കിട്ടാതെ “പാതിരാപ്പാൽക്കടലിൽ അമ്പിളിപ്പൂന്തോണി” എന്ന പാട്ടും പാടി.
“ആതിരയെ നീ പാതിര ആക്കിയോടാ. നിന്റെ ലൈനിപ്പോൾ ആതിര മാറി അമ്പിളി ആയോ?” ഞാൻ മുകേഷിനെ കളിയാക്കി. ” ഞാൻ നോക്കിയിട്ട് വേറെ പാട്ടൊന്നും കിട്ടിയില്ലെടാ.”
പിറ്റേ ആഴ്ച ഞാൻ ഒന്നു മാറ്റിപ്പിടിച്ചു. എൻ.എൻ.കക്കാടിൻറെ ‘സഫലമീയാത്ര” ചൊല്ലി. കവിതയിലെ “ആതിര വരും പോകുമല്ലേ സഖീ” എന്ന ഭാഗം പലവട്ടം ആവർത്തിച്ചു.
അടുത്ത ദിവസം മുകേഷും ഞാനും സംസാരിച്ചിരിക്കുമ്പോൾ ആതിര അടുത്തെത്തി അവനോടു ചോദിച്ചു.
” അല്ല, എന്താ തന്റെ പരിപാടി?”
“എന്തു പരിപാടി?”
“അല്ല, എന്റെ പേരുള്ള പാട്ടൊക്കെ പാടി ഷൈൻ ചെയ്യുന്നു? നിർത്തിക്കോണം കേട്ടോ.” അവൻ ഒന്നും മിണ്ടിയില്ല.

തുടരും

One thought on “അപൂർണ്ണ പ്രണയത്തിലെ കഥാനായിക-2

Leave a Reply

Your email address will not be published. Required fields are marked *