രാജ്യത്ത് ഇൻസ്റ്റഗ്രാം ഉപഭോക്താക്കളുടെ എണ്ണം വർദ്ധിക്കുന്നതായി റിപ്പോർട്ട്
ഇന്ത്യക്കാർക്ക് ഇൻസ്റ്റഗ്രാമിനോടുള്ള പ്രിയമേറുന്നു. അനുദിനം ഇന്ത്യയിൽ ഇൻസ്റ്റഗ്രാം ഉപഭോക്താക്കളുടെ എണ്ണം വർദ്ധിക്കുന്നുവെന്ന് പുതിയ റിപ്പോർട്ടുകൾ. മൊബൈൽ ആപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്ന ‘ സെൻസർ ടവറി’ന്റെ റിപ്പോർട്ട് അനുസരിച്ച് ഒക്ടോബറിൽ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഇൻസ്റ്റാൾ ചെയ്യപ്പെട്ട നോൺ ഗെയിമിങ് ആപ്പിൽ രണ്ടാംസ്ഥാനത്താണ് ഇൻസ്റ്റഗ്രാം.
ഇതിൽ 39 ശതമാനം ആളുകൾ ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത് ഇന്ത്യയിലാണ്. ഒക്ടോബറിൽ മാത്രം 5.6 കോടി ആളുകളാണ് ഇൻസ്റ്റഗ്രാം ഇൻസ്റ്റാൾ ചെയ്തത്. ഇതിൽ 2.18 കോടി ഡൗൺലോഡ് ചെയ്തിരിക്കുന്നത് ഇന്ത്യയിലാണ്. ഇന്ത്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഇൻസ്റ്റഗ്രാം ഡൗൺലോഡ് ചെയ്തിരിക്കുന്നത് ബ്രസീലിൽ ആണ്.
ഒക്ടോബറിൽ മാത്രം 33.6 ലക്ഷം പേരാണ് പുതിയതായി ഇൻസ്റ്റാഗ്രാം ഉപയോഗിക്കാൻ തുടങ്ങിയത്.2020 ഒക്ടോബറിനെക്കാൾ 31% അധികം ആളുകളാണ് ഈ വർഷം ഇൻസ്റ്റഗ്രാം ഇൻസ്റ്റാൾ ചെയ്തതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. സൗജന്യമായി ചിത്രങ്ങളും വീഡിയോകളും പങ്കുവെയ്ക്കുന്നതിനായി 2010 ഒക്ടോബറിൽ പുറത്തിറങ്ങിയ ഒരു സോഷ്യൽ നെറ്റ്‌വർക്കിംഗ് വെബ്സൈറ്റാണ് ഇൻസ്റ്റാഗ്രാം.