വ്യക്തി ശുചിത്വം പാലിക്കുന്നതോടൊപ്പം ആഹാര ശുചിത്വവും ഉറപ്പാക്കണം
മഴക്കാലത്ത് കൊതുക്, എലി, ഈച്ച തുടങ്ങിയവയിലൂടെ പടരുന്ന രോഗങ്ങളും ജലജന്യരോഗങ്ങളും ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ വ്യക്തി ശുചിത്വം, ആഹാര ശുചിത്വം, പരിസര ശുചിത്വം എന്നിവ ഉറപ്പാക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വിദഗ്ദര്‍. കോവിഡിനെ പ്രതിരോധിക്കുന്നതിനായി കൈ കഴുകലിന്റെ പാഠം പ്രാവർത്തികമാക്കിയതോടെ മലിനമായ കൈകളിലൂടെ പകരുന്ന വയറിളക്കം ഉൾപ്പെടെയുള്ള പകർച്ച വ്യാധികളേയും പ്രതിരോധിക്കാൻ സാധിക്കും.
ശരിയായി മാസ്‌ക് ധരിക്കുന്നതു വഴി വായുജന്യരോഗങ്ങളുടെ വ്യാപനവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. വ്യക്തി ശുചിത്വം, ആഹാരശുചിത്വം, പരിസരശുചിത്വം എന്നിവ പാലിക്കുന്നതിലൂടെ ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, വയറിളക്ക രോഗങ്ങൾ എന്നിവയെ പ്രതിരോധിക്കാൻ കഴിയും. പനി, ദേഹവേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ അവഗണിക്കാതെ യഥാസമയം ശരിയായ ചികിത്സ തേടണം. ഏതു പനിയും മരണകാരണമായേക്കാവുന്ന രോഗങ്ങളുടെ ലക്ഷണമാകാം. സ്വയംചികിത്സ പാടില്ല. വീടും പരിസരവും കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കണം.
ഞായറാഴ്ചകളിൽ ഡ്രൈഡേ ശീലമാക്കണം. കൊതുകു വളരാനിടയുള്ള ഉറവിടങ്ങൾ ഇല്ലാതാക്കണം. ഭക്ഷണാവശിഷ്ടങ്ങളും മാലിന്യങ്ങളും ശരിയായി സംസ്‌ക്കരിക്കണം. എലി നശീകരണം നടത്തണം. ഭക്ഷണത്തിനു മുൻപും ശുചിമുറിയിൽ പോയ ശേഷവും കൈകൾ സോപ്പുപയോഗിച്ച് കഴുകണം. പഴം, പച്ചക്കറി എന്നിവ നന്നായി കഴുകി ഉപയോഗിക്കണം. കിണറ്റിലോ പൈപ്പിലേയോ ആർ.ഒ, പ്ലാന്റിലേയോ, വാട്ടർ ഫിൽറ്ററിലൂടേയോ ലഭിക്കുന്ന വെള്ളം അഞ്ച് മിനിട്ട് തിളപ്പിച്ച ശേഷം കുടിക്കാനുപയോഗിക്കണം.