ആവാഹനം
കവിത: ഗായത്രി രവീന്ദ്രബാബു
രാവേറെച്ചെന്നപ്പോൾ
ഇനിയും വരാത്ത വാക്കുകളെ
കാത്ത് കാത്ത് നിദ്ര വെടിഞ്ഞ
അപൂർണ്ണ കവിത അന്തരിച്ചു
സ്വഭാവികമായ മരണം
മൗനത്തിന്റെ മുഴക്കം പോലെ
ശ്രുതിശുദ്ധമായ സംഗീതം പോലെ
പ്രശാന്ത സുന്ദരമായ സമാധി.
പിറ്റേന്നാൾ
ബ്രാഹ്മ മുഹൂർത്തത്തിൽ
അവതരിച്ച വാക്കുകളെ
അപ്പാടെ നിരാകരിച്ചുകൊണ്ട്
കവിതയുടെ തണുത്ത ജഡം
വെളുത്ത താളിൽ ശയിച്ചു.
രാത്രി നേർവഴി തേടിയലഞ്ഞ്
വരാൻ വൈകിയ വാക്കുകൾ
വിധുരയായി അർത്ഥശൂന്യയായി
കവിതയുടെ പുനർജന്മം മോഹിച്ച്
മൗനത്തിലൊളിച്ചു.
പദധ്യാനം ചെയ്യുന്ന ഏതോ കവി
അവയെ തിരിച്ചറിഞ്ഞേക്കും
കവിതയിലേക്ക് ആവാഹിച്ചേക്കും
കവി ആത്മഗതം ചെയ്തു