വാർദ്ധക്യ വിലാപം
പള്ളിച്ചല്‍ രാജമോഹന്‍
ഉച്ചമയക്കത്തിൽ നിന്നൊരുനാളുണർന്നൂ…
പട്ടിൽ പൊതിഞ്ഞയെൻ പുത്രനെക്കാണുവാൻ.
പരിതാപത്താലവനടുത്തിരുന്നൂ…
വികൃതമാം വെട്ടുകളേറ്റൊരായിളം മേനിയെ തഴുകി ….
പച്ച പന്തലിലുറങ്ങിക്കിടക്കുന്ന പുഷ്പമേ
പിച്ച വച്ചൂ നടന്നതും നീയിവിടെയാണല്ലോ.
ബാല്യത്തിൽ കുസൃതികൾ പലവട്ടം കാട്ടീട്ട്
ഓടി ഒളിച്ചതും നീയിവിടെയാണല്ലോ..
എന്തു പറഞ്ഞു ഞാനാശ്വസിപ്പികും
നിശ്ചലം നിന്നിലമർന്നു കരയുന്ന മാതാവിനെ.
അറിഞ്ഞില്ല നാം അവനിൽ വളർന്നൊരഗ്നിയെ
കണ്ടില്ല നാം അവനിൽ വളർന്ന വിപ്ലവ ബീജങ്ങളെ .
കുഞ്ഞായിരുന്നു അവനെന്നും നമുക്കെപ്പോഴും
ഈ പട്ടിൽപൊതിഞ്ഞ നിമിഷം വരേയ്ക്കും.
ചട്ടങ്ങളെ മാറ്റുവാൻ നീയൊരു രക്തസാക്ഷിയായ്.
ചരിത്രത്തിൽ മായാതെ നീയൊരുവിപ്ലവ നക്ഷത്രമായ്.
മാറുന്ന പകലുകൾ
നിന്നെയോർത്തഭിമാനിച്ചിടുന്പോൾ
ഞങ്ങളുടെ കണ്ണുനീർ വറ്റുമെന്നുള്ളതും
നീയറിയാതെ പോയി.
ചുരുട്ടിയ കരങ്ങൾ
വായുവിൽ പ്രകമ്പനം കൊണ്ടപ്പോൾ
ശ്രാദ്ധത്തിനായ് നിൻ കരം വേണം
എന്നുള്ളതും നീ മറന്നുപോയ്.
ശ്മശാന മൂകത കത്തിപ്പടരുന്ന നാളുകൾ പൊട്ടിച്ച്
മാറാല കെട്ടിയ മച്ച് തകർത്തിട്ട്
ഞങ്ങൾക്കുമിത്തിരി കുടിവെള്ളം തായോ….
ഞങ്ങൾക്കു മിത്തിരി കുടിവെള്ളം തായോ…..