വിടരും മുമ്പെ കൊഴിഞ്ഞ പൂവിതളാണവൾ
കവിത : സുമംഗല സാരംഗി
കാറ്റും വെയിലുമുണ്ട്
വെളുത്ത മേഘങ്ങളുണ്ട്
അതിനപ്പുറത്ത് ഒരു പക്ഷേ
സംഗീതമുണ്ടാകാം
ആത്മാവിൽ ഒരു മൗനം
കനം തൂങ്ങുന്നതു കൊണ്ടാകാം
പാതിവെന്ത ആത്മാവിനെ
മേഘങ്ങൾ മറച്ചിരുന്നു
രാത്രിയുടെ ഒടുക്കത്തെ
നിഴലുകൾ മായുന്നതിനല്പം മുമ്പ്
മരണം മണത്തതിൽ
ദുരൂഹതയില്ലെ ……
സമാധാനത്തോടു കൂടിയായിരിക്കില്ല
ദുഃഖത്തിൽ മുഴുകിയാവും
അവൾ മരിച്ചത്
ആത്മാവിനെ തൊടാൻ
ആരുമില്ലാത്തതാവും
ഒരു മനുഷ്യ ജീവിയുടെ
മുഖത്തുണ്ടാകാവുന്നതിൽ വെച്ച്
ഏറ്റവും ദയനീയഭാവമായിരുന്നു
അപ്പോഴവൾക്ക്
മഞ്ഞു കൊണ്ട് മങ്ങലേറ്റ
ചന്ദ്രനും സാക്ഷിയായിരുന്നു
അവൾ മരിയ്ക്കുകയായിരുന്നില്ല
തണുപ്പേറ്റിയേറ്റിപുലരുന്ന രാത്രിയിൽ
മനുഷ്യശബ്ദങ്ങളാണ്
അവളെ കൊന്നത്
തെറ്റിപ്പോയ ശരികളിൽ
വേനലിന്റെ നനവിൽ
ധ്യാനമൗനങ്ങളിൽ
അവൾ അവളെ സമർപ്പിച്ചതാകാം
വിടരുംമുമ്പെ കൊഴിഞ്ഞ
പൂവിതളാണവൾ ……!