പൂരി മസാല

റെസിപി: അമ്പിളി( ചേര്‍ത്തല)

ചേരുവകൾ

  • ഗോതമ്പു പൊടി – 1 ഗ്ലാസ്‌
  • മൈദ – 1 സ്പൂൺ ( നിർബന്ധം ഇല്ല )
  • വെള്ളം -1/2 ഗ്ലാസ്‌
  • ഉപ്പ് – 1/4 സ്പൂൺ
  • പഞ്ചസാര – 1 സ്പൂൺ
  • എണ്ണ – പൂരി വറുത്തു കോരാൻ ആവശ്യത്തിന് ( 1/2 ഗ്ലാസ്‌ )

പാകം ചെയ്യുന്ന വിധം


ഒരു പാത്രത്തിലോട്ടു അര ഗ്ലാസ്‌ വെള്ളം എടുത്തു അതിൽ ഉപ്പും പഞ്ചസാരയും ചേർത്തു നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ഒരു ഗ്ലാസ്‌ ഗോതമ്പു പൊടി, ഒരു സ്പൂൺ മൈദ ഇട്ടു കൊടുക്കണം. ഇവ നല്ലതുപോലെ ചപ്പാത്തി പരുവത്തിൽ കുഴച്ചെടുക്കണം.
നല്ലതുപോലെ കുഴച്ച മാവ് ഒരു 20 മിനിറ്റ് മൂടി വക്കുക. ( മാവിന്റെ മുകളിൽ അൽപം എണ്ണ തടവിവച്ചാൽ കുഴച്ച മാവിന്റെ ഈർപ്പം പോകാതെ മാവ് നല്ല സോഫ്റ്റ്‌ ആയി കിട്ടും. )
20 മിനിറ്റ് കഴിഞ്ഞു പൂരി മാവ് ഓരോ ചെറിയ ഉരുളകൾ ആയി എടുത്ത് പരത്തി എടുക്കുക. ( പൂരി പ്രസ് ഉണ്ടേൽ അതിൽ ഉണ്ടാക്കാം )


ഒരു കുഴിവുള്ള പാനിൽ എണ്ണ ഒഴിച്ചു ചൂടാകുമ്പോൾ പരത്തിയ പൂരി ഇട്ട് കൊടുക്കണം. ഒരു വശം പോളച്ചു / വീർത്തു വരുമ്പോൾ മെല്ലെ പൊട്ടി പോകാതെ മറുവശം തിരിച്ചു ഇട്ടുകൊടുക്കണം.
പൂരി ഒത്തിരി ബ്രൗൺ കളർ ആകും മുൻപ് വറുത്തു കോരണം.
ഇങ്ങനെ നല്ല ടേസ്റ്റ് ഉള്ള പൂരി ഉണ്ടാക്കി എടുക്കാം.

മസാല തയ്യാറാക്കാന്‍

ചേരുവകൾ

  • ഉരുളക്കിഴങ് – 3
  • സവാള – 1
  • ക്യാരറ്റ് – 1 ( ചെറുത് )
  • തക്കാളി – 1( ചെറുത് )
  • ഇഞ്ചി ചതച്ചത് – 1 സ്പൂൺ
  • വെളുത്തുള്ളി ചതച്ചത് – 1 സ്പൂൺ
    പച്ചമുളക് – 4
    കറിവേപ്പില – 1 തണ്ട്
    മല്ലി ഇല അരിഞ്ഞത് – 1 സ്പൂൺ
    കടുക്‌ – 1/4 സ്പൂൺ
  • നല്ലജീരകം – ഒരു പിഞ്ച്
  • പൊട്ടുകടല – 1 സ്പൂൺ
  • ഉഴുന്ന് പരിപ്പ് – 1 സ്പൂൺ
    കായം പൊടി – 1/4 സ്പൂൺ
  • ഗരം മസാല – 1/4 സ്പൂൺ
    മഞ്ഞൾപൊടി -1/4 സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • എണ്ണ – 2 സ്പൂൺ
    വെള്ളം – 1 ഗ്ലാസ്‌

പാകം ചെയ്യുന്ന വിധം

ഉരുളകിഴങ്ങ്, ക്യാരറ്റ് ഇവ രണ്ടും കഷ്ണിച്ചു ഒരു കുക്കറിൽ ഇട്ട് കൊടുക്കണം. അൽപം ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് അര ഗ്ലാസ്‌ വെള്ളം ഒഴിച്ച് ഒരു വിസിൽ അടിപ്പിച്ചു വേവിച്ചെടുക്കുക.
ഒരു പാത്രത്തിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക്,നല്ലജീരകം ഇട്ടു പൊട്ടിക്കുക. ഇതിലേക്ക് പൊട്ടുകടല, ഉഴുന്ന് പരിപ്പ് ഇവ ഇട്ടു ഇളക്കി മൂപ്പിക്കുക.


ഇതിലേക്ക് സവാള അരിഞ്ഞത്, പച്ചമുളക് അരിഞ്ഞത്, കറിവേപ്പില, ഇഞ്ചി ചതച്ചത്, വെളുത്തുള്ളി ചതച്ചത്, ഉപ്പ് ഇവ ചേർത്ത് നല്ലതുപോലെ വഴറ്റണം. വഴന്ന് വരുമ്പോൾ മഞ്ഞൾപൊടി, കായം പൊടി, ഗരം മസാല ചേർത്ത് ഇളക്കി കൊടുക്കണം.
ഇവ വഴണ്ട് വരുമ്പോൾ തക്കാളി അരിഞ്ഞു ചേർത്തു വഴറ്റി അര ഗ്ലാസ്‌ വെള്ളം ഒഴിച്ച് ഇളക്കി കൊടുക്കണം.ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന ഉരുളക്കിഴങ് ചേർത്തു നല്ലതുപോലെ ഇളക്കി യോജിപ്പിച്ചു ചെറു തീയിൽ 5 മിനിറ്റ് മൂടി വച്ച് വേവിക്കുക.അഞ്ചു മിനിറ്റ് കഴിഞ്ഞു സ്റ്റൌവ് ഓഫ്‌ ചെയ്ത് കറി യിലേക്ക് മല്ലിയിലകൂടി ഇട്ടാല്‍ സ്വാദിഷ്ടമായ പൂരിമസാല തയ്യാര്‍.

Leave a Reply

Your email address will not be published. Required fields are marked *