ആഗോളതാപനം; മഞ്ഞുപാളികള്‍ക്കിടയില്‍ നിന്ന് പുറത്തേക്ക് വരുന്നത് കോടികണക്കിന് ബാക്ടീരിയകള്‍

കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും എവറസ്റ്റും ആല്‍പ്സും മുതല്‍ അന്‍റാര്‍ട്ടിക് വരെയുള്ള മഞ്ഞുപാളികളുടെ ഉരുകലിന് കാരണമാകുന്നത്. ഇങ്ങനെ ഉരുകി ഒലിക്കുന്ന മഞ്ഞുപാളികളില്‍ നിന്ന് ഇതുവരെ തിരിച്ചറിയാത്ത വിവിധ തരത്തിലുള്ള ബാക്ടീരിയകളാണ് പുറത്തേക്ക് വരുന്നത്.

ഇങ്ങനെ മഞ്ഞുപാളികളില്‍ നിന്ന് പുറത്തേക്ക് വരുന്ന എല്ലാ ബാക്ടീരിയകളെയും പഠിക്കാനാവില്ലെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ചുരുങ്ങിയ നേരം കൊണ്ട് തന്നെ ടണ്‍ കണക്കിന് ബാക്ടീരിയകള്‍ ആകും ഒഴുകിയെത്തുക. അതിനാല്‍ തന്നെ ഇവയില്‍ വളരെ ചെറിയൊരു ശതമാനത്തെ മാത്രമേ പഠിക്കാനും മനസ്സിലാക്കാനും ഗവേഷകര്‍ക്ക് സമയം ലഭിക്കൂ. അതുകൊണ്ട് തന്നെ കൂട്ടത്തില്‍ ഉപകാരികളായ ബാക്ടീരിയകളെയെല്ലാം തിരിച്ചറിയാന്‍ സാധിക്കില്ലെന്ന് മാത്രമല്ല അപകടകാരികളായ എല്ലാത്തിനെയും മനസ്സിലാക്കുകയെന്നതും സാധ്യമല്ല.


ഉത്തരാർധത്തിലെ 10 മേഖലകളില്‍ പഠനം നടത്തിയാണ് ഈ കണ്ടെത്തലുകള്‍ ഗവേഷകര്‍ നടത്തിയത്. ഇപ്പോള്‍ ഇത്തരം ബാക്ടീരിയകള്‍ പുറത്തേക്ക് വരുന്നത് ചെറിയ അളവിലാണെങ്കിലും ഈ നൂറ്റാണ്ടിന്‍റെ അവസാനത്തോടെ, അതായത് അടുത്ത 80 വര്‍ഷത്തിനുള്ളില്‍ ഈ ബാക്ടീരിയകളുടെ എണ്ണം വലിയതോതില്‍ വർധിക്കുമെന്നാണ് ഗവേഷകര്‍ കണക്കാക്കുന്നത്. പതിനായിരക്കണക്കിന് വ്യത്യസ്തവിഭാഗത്തില്‍ പെടുന്ന ബാക്ടീരിയകള്‍ ഇത്തരത്തില്‍ പുറത്തേക്കു വരുമെന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്.


ഇങ്ങനെ മഞ്ഞുറഞ്ഞ് കിടക്കുന്ന മേഖലകളില്‍ ഉറഞ്ഞ ജലശേഖരങ്ങളില്‍ തനതായ ഒരു ജൈവആവാസവ്യവസ്ഥ ഉണ്ടെന്ന് ഗവേഷകര്‍ പറയുന്നു. കാരണം മഞ്ഞിനുള്ളിലുള്ളത് വെള്ളം മാത്രമല്ല. മറിച്ച് മണ്ണില്‍ തന്നെ കാണപ്പെടുന്ന പല ധാതുക്കളും ഈ മഞ്ഞുപാളികള്‍ രൂപപ്പെടുന്ന മേഖലയിലും അവയ്ക്കുള്ളിലും അകപ്പെടാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെയാണ് വിവിധ ബാക്ടീരിയകള്‍ക്ക് വളരാന്‍ ആവശ്യമായ ഒരു സാഹചര്യം ഈ മഞ്ഞുപാളികള്‍ക്കുള്ളില്‍ ഉണ്ടായതും.


ഒരി മില്ലിലിറ്റര്‍ ജലത്തിലുള്ളത് തന്നെ ആയിരക്കണക്കിന് സൂക്ഷ്മജീവികളാണ്. അതിനാല്‍ തന്നെ 80 വര്‍ഷം കൊണ്ട് ഉത്തരാർധത്തിലെ മഞ്ഞുരുകി പുറത്തേക്ക് വരുന്നത് കോടിക്കണക്കിന് ടണ്‍ ബാക്ടീരിയ ആയിരിക്കും. ഇതാകട്ടെ ഹിമാലയത്തിലെയും ഹിന്ദുക്കുഷിലെയും മഞ്ഞുപാളികളെ ഉള്‍പ്പെടുത്താതെയാണ്. നിലവിലെ സാഹചര്യത്തില്‍ ഏതാനും പതിറ്റാണ്ടുകള്‍ക്കുള്ളില്‍ ആഗോള താപനത്തിന്റെ വർധനവ് 2 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ ആയി ഉയരുമെന്നാണ് കണക്കാക്കുന്നത്. ആ വേഗം കൂടി കണക്കാക്കിയാല്‍ ബാക്ടീരിയകള്‍ പുറത്തുവരാനുള്ള കാലയളവും കൂടുതല്‍ നേരത്തെയാകും. ഇങ്ങനെ പുറത്ത് വരുന്ന ബാക്ടീരിയകളും മഞ്ഞുരുകല്‍ കൂടുതല്‍ ശക്തമാക്കും എന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *