ചെങ്കൽ കുന്നിലെ ‘പള്ളങ്ങൾ’; ജനശ്രദ്ധനേടി ജയേഷ് പാടിച്ചാലിന്‍റെ ഡോക്യുമെന്‍ററി
ചെങ്കൽ കുന്നിലെ സ്വാഭാവിക പാറക്കുളങ്ങൾ അഥവാ പള്ളങ്ങൾ ആവാസ വ്യവസ്ഥയിൽ വഹിക്കുന്ന പങ്കിനേപറ്റി പറയുകയാണ് ജയേഷ് പാടിച്ചാലിൻ്റെ ‘പള്ളം’ എന്ന ഡോക്യുമെൻ്ററി. മഴവെള്ളം നിറഞ്ഞ് ആദ്യം ഉണ്ടാകുന്ന തവള മുതൽ കേട്ടുകേൾവി മാത്രം ഉള്ള കുട്ടിത്തേവാങ്ക് പോലെയുള്ള ജീവികളും കുറുനരികളും മനുഷ്യരുമൊക്കെ പള്ളത്തെ ആശ്രയിച്ച് കഴിയുന്നുണ്ട്. പ്രകൃതിയിലെ ഓരോ മാറ്റവും ഈ ജീവികളുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും ഒരു വർഷം മുഴുവൻ ഓരോ ജീവികൾക്കും സംഭവിക്കുന്ന മാറ്റത്തെപ്പറ്റിയുമാണ് ഈ ഡോക്യുമെൻ്ററി നമുക്ക് കാണിച്ചു തരുന്നത്.
ലോക പരിസ്ഥിതി ദിനത്തിൽ റിലീസ് ചെയ്ത ഈ ഡോക്യുമെൻ്ററിയാണ് ഇപ്പൊൾ പ്രകൃതി സ്നേഹികളുടെ ചർച്ചാ വിഷയം. ഇത്രയേറെ കാഴ്ചകളും വിശേഷങ്ങളും ആ പറക്കുളങ്ങളിലുണ്ടെന്ന വിവരം ഏവർക്കും അതിശയം തന്നെയാണ്. പുരോഗമന ആശയങ്ങൾ മുന്നോട്ട് വെച്ചുകൊണ്ട്, കെട്ടിട സൗധങ്ങൾ കെട്ടിപ്പടുക്കുന്ന, പ്രകൃതിയെ സംരക്ഷിക്കാൻ തയ്യാറാവാത്ത മനുഷ്യന് ഇതൊരു സൂചന കൂടെയാണ്. ഇനിയും പാറക്കുളങ്ങളും, കാവുകളും, കുളങ്ങളും ഒക്കെ സംരക്ഷിച്ചില്ലെങ്കിൽ, പ്രകൃതി ദുരന്തങ്ങളും കാലാവസ്ഥ വ്യതിയാനവും സൂചനകളായി അംഗീകരിച്ചു കൊണ്ട് പ്രകൃതിയെ സംരക്ഷിക്കാൻ തയ്യാറായില്ലായെങ്കിൽ, മനുഷ്യരെ തേടിയെത്തുന്നത് വലിയൊരു ദുരന്തമായിരിക്കും.
കാസർഗോഡ് ജില്ലയിലെ അരിയിട്ടപാറ എന്ന സ്ഥലത്തുള്ള ഈ പാറക്കുളത്തെ ആശ്രയിച്ച് കഴിയുന്ന ജീവവൈവിധ്യം ലോകത്തിന് മുന്നിൽ കാണിച്ചു തരികയാണ് ഇതിലൂടെ. മഞ്ഞും മഴയും വെയിലും വസന്തവുമൊക്കെ കാഴ്ചകളായി എത്തുന്ന ‘പള്ളം’ ഒരു ദൃശ്യവിസ്മയം തന്നെയാണ്. പ്രകൃതിയിലെ കാണാകാഴ്ചകളെ സ്വയം കാണുന്നതിനും, വരും തലമുറക്ക് വേണ്ടി സൂക്ഷിച്ചു വെക്കുന്നതിനും വേണ്ടിയാണ് നാല് വർഷക്കാലം ഈ ഡോക്യുമെൻ്ററി ചിത്രീകരണത്തിനു വേണ്ടി ജയേഷ് ചിലവിട്ടത്.
റൂട്സ് വീഡിയോയിലൂടെ റിലീസ് ചെയ്ത ‘പള്ളം’ IGMO ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെൻ്ററിക്കും മികച്ച സംവിധാനത്തിനുമുള്ള പുരസ്കാരം നേടി. ലോഹിതദാസ് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധാനത്തിനും മികച്ച രണ്ടാമത്തെ ഡോക്യുമെൻ്ററിക്കുമുള്ള പുരസ്കാരം നേടി. IDSFFK യിലും ഫോക്കസ് വിഭാഗത്തിൽ ശ്രദ്ധ നേടാൻ കഴിഞ്ഞ ‘പള്ളം’ നിരവധി വേദികളിൽ പ്രേക്ഷക പ്രശംസ നേടി പ്രദർശനം തുടരുന്നു.
പള്ളം ട്രെയ് ലര്‍