സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഹോമിയോപ്പതി ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ മരുന്നുകള്‍ നല്‍കും
കോവിഡ്-19 പ്രതിരോധ നടപടികളുടെ ഭാഗമായി ഹോമിയോപ്പതി വകുപ്പിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഹോമിയോപ്പതി ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ മരുന്നുകള്‍ നല്‍കും. ആയുഷ്, ഹോമിയോപ്പതി, പൊതു വിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണ വകുപ്പുകളും നാഷണല്‍ ഹെല്‍ത്ത് മിഷനും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
കരുതലോടെ മുന്നോട്ട് എന്ന ഹോമിയോപ്പതി വകുപ്പിന്റെ കര്‍മ്മപദ്ധതിയുടെ ഭാഗമായി പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുള്ള മരുന്ന് നല്‍കുന്നത് രക്ഷിതാക്കളുടെ സമ്മതപത്രം ലഭ്യമാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായിരിക്കും.
സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് തന്നെ പരമാവധി വിദ്യാര്‍ഥികള്‍ക്ക് നല്‍കാനാണ് ലക്ഷ്യമിടുന്നത്. 21 ദിവസത്തെ ഇടവേളകളിലാണ് ഇത് നല്‍കുക. ഒരു ഗുളിക വീതം രാവിലെ വെറും വയറ്റില്‍ തുടര്‍ച്ചയായി മൂന്നു ദിവസം കഴിക്കണം.
ഓരോ 21 ദിവസം കൂടുമ്പോഴും തുടര്‍ച്ചയായി മൂന്നു ദിവസം ഗുളിക ആവര്‍ത്തിച്ച് കഴിക്കണം.
സര്‍ക്കാര്‍/ എന്‍.എച്ച്.എം ഡോക്ടര്‍മാര്‍ക്കു പുറമേ സ്വകാര്യ ഹോമിയോ ഡോക്ടര്‍മാരും ഇതില്‍ പങ്കാളികളാകും. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനും തിരക്ക് ഒഴിവാക്കുന്നതിനുമായി www.ahims.kerala.gov.in എന്ന വെബ് പോര്‍ട്ടല്‍ മുഖേന കുട്ടിയുടെ ആധാര്‍ നമ്പറോ രക്ഷിതാവിന്റെ ഫോണ്‍ നമ്പറോ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാം. രജിസ്ട്രേഷന്‍ സമയത്ത് സൗകര്യപ്രദമായ വിതരണകേന്ദ്രം തിരഞ്ഞെടുക്കാം. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ അറിയിക്കുന്ന നിശ്ചിത തീയതിയില്‍ ആ സ്ഥാപനത്തില്‍ എത്തി മരുന്ന് കൈപ്പറ്റാം.ആശുപത്രികള്‍ക്കു പുറമേ കിയോസ്‌കുകള്‍ സ്ഥാപിച്ചും മരുന്ന് വിതരണം നടത്തും. രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം നാലു വരെയാണ് മരുന്നു വിതരണം.