മലയാള സിനിമയുടെ ‘രാജമാണിക്യം’

തിരക്കഥാകൃത്ത് ടി.എ.ഷാഹിദിന്റെ 10-ാം ഓർമ്മദിനം ബാലേട്ടനും രാജമാണിക്യവും പച്ചക്കുതിരയും മാമ്പഴക്കാലവും അലിഭായിയും താന്തോന്നിയുമെല്ലാം പറഞ്ഞു പറഞ്ഞ് ആസ്വാദകമനസ്സിൽ പതിപ്പിച്ചെടുത്ത പേരാണ് ടി. എ ഷാഹിദ്.

തിരക്കഥാകൃത്തും സംവിധായകനുമായ ടി.എ റസാഖിന്റെ അനുജൻ, അത്യുന്നതങ്ങളിൽ നിന്ന് വളരെ നേരത്തെ തന്നെ തിരിച്ചു വിളിക്കപ്പെട്ട കഥാകാരൻ ടി. എ ഷാഹിദ് വിടപറഞ്ഞിട്ട് ഇന്നേക്ക് 10 വർഷം തികയുന്നു. 1971 നവംബർ 12ന് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ ടി എ ബാപ്പുവിന്റെയും വാഴയിൽ ഖദീജയുടെയും മകനായി ജനിച്ചു.

കൊളത്തൂര്‍ എ എം എല്‍ പി സ്‌ക്കൂള്‍, കൊണ്ടോട്ടി ഗവണ്‍മെന്റ് ഹൈസ്‌ക്കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. സഹോദരന്‍ ടി. എ. റസാഖിനെ കണ്ടുകൊണ്ടാണ് ഷാഹിദും വളര്‍ന്നത്. ഉപ്പയുടെയും സുഹൃത്തിന്റെയും ആത്മബന്ധത്തിന്റെ കഥപറഞ്ഞ് റസാഖ് തിരക്കഥയെഴുതി സിബിമലയില്‍ സംവിധാനം ചെയ്ത കാണാക്കിനാവ് അവാര്‍ഡുകള്‍ വാരിക്കൂട്ടിയപ്പോള്‍ ഷാഹിദും സിനിമ തന്നെയാണ് തന്റെ വഴിയെന്ന് ഉറപ്പിച്ചു. അങ്ങനെ കഥകളെഴുതി റസാഖിനെ കൊണ്ടുകാണിച്ചു. വേണ്ട നിര്‍ദേശങ്ങളും തിരുത്തലുകളും ചെയ്തുകൊടുത്ത് റസാഖും ഷാഹിദിനെ വളര്‍ത്തി.

അമാനുഷ കഥാപാത്രങ്ങളാല്‍ ചുറ്റപ്പെട്ട് ശ്വാസം കിട്ടാതെ വലഞ്ഞ മോഹന്‍ലാലിനെ വീണ്ടും നാട്ടുവഴികളിലേക്ക് നടക്കാന്‍ വിടുകയായിരുന്നു ഷാഹിദ്. ബാലേട്ടനെയും ഷാഹിദിനെയും വി എം വിനുവിനെയും മലയാളികള്‍ സ്നേഹത്തോടെ സ്വീകരിച്ചു. വി.എം. വിനു എന്ന സംവിധായകന് മലയാളത്തിലെ സംവിധായകരുടെ നിരയില്‍ മുന്നിലേക്ക് സ്ഥാനം നല്‍കിയ ചിത്രമായിരുന്നു ബാലേട്ടന്‍.

നിരവധി ചിത്രങ്ങള്‍ ഒന്നിച്ചു തകര്‍ന്ന് കരിയറില്‍ പ്രതിസന്ധിയിലായി നില്‍ക്കുകയായിരുന്ന മോഹന്‍ലാലിനും ബാലേട്ടന്‍ വന്‍ തിരിച്ചുവരവിന് കളമൊരുക്കി. നൂറുദിവസമാണ് ഈ ചിത്രം തിയേറ്ററില്‍ ഓടിയത്. അതോടെ ഷാഹിദും തിരക്കുള്ള തിരക്കഥാകൃത്തായി.സഹോദരനെ പോലെ കുടുംബ ബന്ധങ്ങളുടെ കഥയായിരുന്നു ഷാഹിദും എഴുതിയത്. ബാലേട്ടന്‍റെ കഥ ഷാഹിദ് കണ്ടെത്തിയത് സ്വന്തം സഹോദരനായ ടി എ റസാഖിന്‍റെ ജീവിതത്തില്‍ നിന്നായിരുന്നു. സ്വന്തം ഏട്ടന്‍ കുടിച്ചുതീര്‍ത്ത കണ്ണീരിന്‍റെ കഥയാണ് ഷാഹിദ് മലയാളികള്‍ക്കും പറഞ്ഞുകൊടുത്തത്.

മോഹന്‍ലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്ത മാമ്പഴക്കാലമായിരുന്നു പിന്നീട് ശ്രദ്ധേയമായ ചിത്രം. അതും കുടുംബ ബന്ധങ്ങളുടെ കഥയായിരുന്നു. പക്ഷേ ഇത് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. എന്നാല്‍ അന്‍വര്‍ റഷീദ് എന്ന പുതിയ സംവിധായകന്‍ ജനിച്ച രാജമാണിക്യത്തിലൂടെ ഷാഹിദ് തിരിച്ചെത്തി. മലയാള സിനിമയിലെ നാഴികക്കല്ലായിരുന്നു രാജമാണിക്യം. മമ്മൂട്ടിയുടെ കരിയറിലും ഈ ചിത്രം നിര്‍ണായകമായി.

കോമഡി തനിക്കും വഴങ്ങുമെന്ന് മമ്മൂട്ടി തെളിയിച്ചത് ഈ ചിത്രത്തിലൂടെയയിരുന്നു.പിന്നീട് ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളൊന്നും ചെയ്യാന്‍ ഷാഹിദിനു സാധിച്ചില്ല. മോഹന്‍ലാല്‍ നായകനായ അലി ഭായ്, പൃഥ്വിരാജിന്റെ താന്തോന്നി, കലാഭവന്‍ മണിയുടെ മല്‍സരം, ബെന്‍ ജോണ്‍സണ്‍ എന്നിങ്ങനെ ആവറേജ് ഹിറ്റുകളായിരുന്നു ഹാഹിദിന്റെത്. സ്വന്തമായി ചിത്രം സംവിധാനം ചെയ്യണമെന്ന ആഗ്രഹത്തിലായിരുന്നു. പുതിയ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കെ 2012 സെപ്റ്റംബർ 28 നായിരുന്നു ഷാഹിദിന്റെ വേര്‍പാട്. കലാഭവൻ മണി നായകനായ എം.എൽ.എ. മണി പത്താംക്ലാസും ഗുസ്തിയും എന്ന ചിത്രമാണ് അവസാനമായി പുറത്തു വന്നചിത്രം.കടപ്പാട് : വിവിധ മാധ്യമങ്ങൾ.

courtesy jayanthi saji

Leave a Reply

Your email address will not be published. Required fields are marked *