അനാഥൻ
ഷാജി ഇടപ്പള്ളി
മുഴിഞ്ഞ വേഷങ്ങളും
വാടിയ മുല്ലപ്പൂവിന്റെ
അവശിഷ്ടങ്ങളും
മുറുക്കാൻ മണമുള്ള തെറികളും .
മുല സ്പർശമേറ്റ നോട്ടുകളും
അമ്മ
ഓർമ്മകളുടെ
നേർത്ത വരകളായി..
അച്ഛന്
മനസ്സ് തുറന്ന് വെച്ച്
കണ്ണുനീരിന്റെ നനവുള്ള
കത്തുകളെഴുതി
അക്ഷരങ്ങൾ മാഞ്ഞ്
പൊടിപിടിച്ച്
മുദ്രകൾ പതിയാതെ
കരൾ നൊന്ത്
പേരറിയാതെ
മേൽവിലാസമില്ലാതെ
കത്തുകൾ കിടന്നു.
ഉറക്കമിളച്ച്
മണപ്പുറത്ത്
ഈറനോടെ
പിണ്ഡം മുങ്ങുമ്പോൾ
ചിതലരിച്ച്
ചിറകുകളറ്റ്
ചരിത്രത്തിന്റെ വാതിൽ
ഇരുട്ടിലകലെയെങ്ങോ
മൗനങ്ങളായ് ….
ചിത്രത്തിന് കടപ്പാട് ഗൂഗിള്‍