പത്തായം
“പത്തായം പെറും ചക്കി കുത്തും അമ്മ വെക്കും ഉണ്ണി ഉണ്ണും.”മേൽ അനങ്ങാതെ ആഹാരം കഴിച്ചിരുന്ന വരെ കളിയാക്കാൻ മുമ്പൊക്കെ സ്ഥിരം പറഞ്ഞു കേട്ടിരുന്ന ഒരു പഴഞ്ചൊല്ലായിരുന്നു ഇത്ഓരോരോ കാലഘട്ടങ്ങളിലെ മനുഷ്യരുടെ ജീവിത വ്യവഹാരങ്ങൾക്ക് ആവശ്യമായ കണ്ടുപിടിത്തങ്ങൾ ആയിരുന്നു ഇതൊക്കെ. ഒരുപാട് തലമുറയുടെ ബന്ധവും ഗന്ധവും അതിൽ ഉണ്ടായിരുന്നു. ഒരു തലമുറയുടെ വിശപ്പടക്കി മറ്റൊരു തലമുറയെ വാർത്തെടുക്കാൻ പത്തായത്തിനും ഉണ്ടായിരുന്നു ഒരു പങ്ക്. അന്ന് പത്തായം കേവലം ഒരു സംഭരണ ഉപാധി മാത്രമായിരുന്നില്ല, ഒരു ജനതയുടെ അറിവിന്റെ കഴിവിന്റെ സൂക്ഷിപ്പു മുതൽ കൂടിയായിരുന്നു.
പണ്ടത്തെ കാരണവന്മാരുടെ പ്രൗഢിയുടെ അടയാളങ്ങൾ ആയിരുന്നു പത്തായവും പത്തായ പുരയുടെ എണ്ണവും. ചെറുതെങ്കിലും അന്ന് പത്തായമില്ലാത്ത വീടുകൾ ഉണ്ടായിരുന്നില്ല. പത്തായം വീട്ടിലുണ്ടാകുന്നത് തന്നെ ഒരു ഐശ്വര്യമായിട്ടായിരുന്നു കണക്കാക്കിയിരുന്നത്. ഓടിട്ട വീട്ടിലെ വിശാലമായ കോലായിൽ നിന്ന് അകത്തേക്ക് കയറുന്നിടത്ത് ഒന്ന്,അകത്തെ അടുക്കളയോട് ചേർന്നുള്ള ഇരുട്ടുമുറിയിൽ മറ്റൊന്ന്.
തേക്ക്,ഈട്ടി,പ്ലാവ്,ആഞ്ഞിലി തുടങ്ങിയ മരത്തടികൾ ആയിരുന്നു പത്തായം നിർമ്മിക്കാൻ ഉപയോഗിച്ചിരുന്നത്. പത്തായം പണിതുകഴിഞ്ഞാൽ വെള്ളം ഒഴിച്ച് നോക്കും ഒരു തുള്ളി വെള്ളം പോലും ലീക്ക് ആകാതെ കാറ്റുപോലും കടക്കാനാവാതെ തച്ചുശാസ്ത്രപ്രകാരം നിർമ്മാണങ്ങൾ അറിയാവുന്ന ആശാരിമാർ അന്നുണ്ടായിരുന്നു.
ബലത്തിനും സുരക്ഷിതത്വത്തിനുംപ്രാധാന്യം കൊടുത്തിട്ടുള്ള നിർമ്മാണ രീതിയായിരുന്നു അക്കാലത്ത് ഏറെയും. ഈ പത്തായം അഴിച്ചുമാറ്റിയാൽ തിരികെ അതേ വൈദഗ്ധ്യത്തോടെ സെറ്റ് ചെയ്യാൻ അറിയുന്ന ആശാരിമാർ ഇന്ന് ഉണ്ടാകുമെന്നും തോന്നുന്നില്ല.
നിലപ്പത്തായവും അരി പത്തായവും.
നിലപ്പത്തായത്തിൽ ആധാരം മുതൽ ആഭരണങ്ങൾ വരെ വീട്ടിലെ വിലപിടിപ്പുള്ള മറ്റു സാധനങ്ങൾ എല്ലാം ഇതിൽ ആയിരുന്നു സൂക്ഷിച്ചിരുന്നത്.കട്ടിലുകൾ കുറവായിരുന്ന അക്കാലത്തിൽ ഇതിനു മുകളിൽ തഴപ്പായ വിരിച്ച് കാരണവന്മാർ വിശാലമായി കിടന്നുറങ്ങുമായിരുന്നു അതിരാവിലെ അട്ടത്തെ ചില്ല് ഓടിലൂടെ സൂര്യപ്രകാശം മുഖത്തേക്ക് പതിയുന്നത് വരെ അവർ കിടന്നുറങ്ങും.
അരി പത്തായത്തിൽ നെല്ല്,ചക്കിലാട്ടിയ വെളിച്ചെണ്ണ,കൃഷി ചെയ്തുണ്ടാക്കിയ ചേന, ചേമ്പ്,കുരുമുളക്,തേങ്ങ,പഴുപ്പിക്കാറായ വാഴക്കുല,….അങ്ങനെ എല്ലാം അന്തിയോളം പണിയെടുത്ത് ആവശ്യം കഴിഞ്ഞ് നാളേക്ക് അവർ കരുതിവെക്കുമായിരുന്നു. ഈ പത്തായം പഞ്ഞ മാസത്തിൽ പോലും ഒരിക്കലും കാലി ആകാറില്ലായിരുന്നു.ചിത്രപ്പണികളോട് കൂടിയ നിലവറ പത്തായങ്ങളും ആയിരം പറ നെല്ല് വരെ സൂക്ഷിച്ചിരുന്ന പത്തായങ്ങൾ വരെ അപൂർവമായി അന്ന് ഉണ്ടായിരുന്നു.
കാർഷിക മേഖല കിതച്ചപ്പോൾ വിതയും കൊയ്ത്തും ഒക്കെ നിലച്ചപ്പോൾ പത്തായങ്ങളും പൊളിച്ച് കട്ടിലും മേശയും കസേരയും ഒക്കെ മിക്കവാറും എല്ലാവരും പണിതു കാണും. എങ്കിലും പൂർവ്വകാല സൗഭാഗ്യങ്ങളുടെ ഗതകാല സ്മരണയായി പത്തായങ്ങളും എവിടെയെങ്കിലും കാണാതിരിക്കില്ല. ഇന്ന് പുതുമക്കാരുടെ അന്വേഷണങ്ങളിലെ അവശേഷിപ്പുകൾ ആണ് ഈ കൗതുക കാഴ്ചകൾ ഒക്കെയും.
See Translation