വേനല്‍ക്കാലത്ത് നേത്രരോഗങ്ങളെ ജാഗ്രതയോടെ നേരിടാം
വേനല്‍ക്കാലത്ത് കണ്ണിന് അലര്‍ജിയുണ്ടാകുന്നത് സാധാരണമാണ്.ചൂടുകൂടിയതോടെ അസുഖങ്ങളും കൂടുകയാണ്. പ്രത്യേകിച്ച് നേത്രരോഗങ്ങള്‍. ചൂടും പൊടിയും മൂലമുണ്ടാകുന്ന നേത്രരോഗങ്ങള്‍ക്ക് സ്വയം ചികിത്സ പരീക്ഷിക്കരുത്.
വേനല്‍ക്കാല നേത്രരോഗങ്ങള്‍
പ്രധാനമായും മൂന്ന് നേത്രരോഗങ്ങളാണ് വേനല്‍ക്കാലത്ത് കണ്ടുവരുന്നത്.
1 അലര്‍ജിമൂലമുണ്ടാകുന്ന നേത്രരോഗങ്ങള്‍
2 ബാക്ടീരിയ, വൈറസ് എന്നിവ വഴി പകരുന്ന നേത്രരോഗങ്ങള്‍
3 കണ്‍പോള വീക്കം
അലര്‍ജി മൂലമുണ്ടാകുന്ന നേത്രരോഗങ്ങള്‍
പൊടി,പുക,രാസവസ്തുക്കള്‍ എന്നിവ മൂലമുണ്ടാകുന്ന നേത്രരോഗങ്ങളാണിത്. അലര്‍ജി മൂലമുണ്ടാകുന്ന നേത്രരോഗങ്ങള്‍ പകരില്ല. കുട്ടികളില്‍ ചില പ്രത്യേക കാലാവസ്ഥയില്‍ അലര്‍ജിയുണ്ടാകാറുണ്ട്.
പൊടിയടിക്കാനുള്ള സാഹചര്യം പരാമധി ഒഴിവാക്കുക,കണ്ണുകള്‍ ശുദ്ധജലം കൊണ്ട് കഴുകുക എന്നിവയിലൂടെ അലര്‍ജി രോഗങ്ങളെ ഒരു പരിധി വരെ പ്രതിരോധിക്കാം.
ബാക്ടീരിയ, വൈറസ് എന്നിവ വഴി പകരുന്ന നേത്രരോഗങ്ങള്‍
ബാക്ടീരിയ,വൈറസ് എന്നിവ ഉണ്ടാക്കുന്ന അണുബാധയാണ് വേനല്‍ക്കാലത്ത് കണ്ടുവരുന്ന മിക്ക നേത്രരോഗങ്ങളുടെയും കാരണം. ചൂടുകാലത്ത് സാധാരണയായി കണ്ടുവരുന്ന നേത്രരോഗമാണ് ചെങ്കണ്ണ്.
കണ്ണിന്റെ വെളുത്ത ഭാഗത്തെ പൊതിഞ്ഞിരിക്കുന്ന സുതാര്യമായ ഭാഗത്തെ ബാധിക്കുന്ന രോഗമാണ് ചെങ്കണ്ണ്.
വൈറസുകളാണ് പ്രധാനമായും ചെങ്കണ്ണിന് കാരണമാകുന്നത്. അപൂര്‍വ്വമായി ബാക്ടീരിയയും രോഗകാരിയാവാറുണ്ട്. ചില രാസവസ്തുക്കള്‍, ക്ലോറിന്‍ എന്നിവയുണ്ടാക്കുന്ന അലര്‍ജിയും ചെങ്കണ്ണിന് കാരണമാകുന്നു.
കണ്ണിന് ചുവപ്പ്. ചൊറിച്ചില്‍,കണ്ണില്‍ മണല്‍ത്തരി വീണാലുണ്ടാകുന്നതുപോലെയുള്ള അസ്വസ്ഥത,വെള്ളം നിറയുക,കണ്‍പോളകളില്‍ തടിപ്പ്,പ്രകാശത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട്,കണ്ണില്‍ നിന്ന് പഴുപ്പ് വരുക,വേദന ഇവയൊക്കെയാണ് ചെങ്കണ്ണിന്റെ ലക്ഷണങ്ങള്‍.
രോഗലക്ഷണങ്ങള്‍ ഒരു കണ്ണില്‍ ആരംഭിച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളിലോ ഒരു ദിവസത്തിനുള്ളിലോ മറ്റേ കണ്ണിലേക്കും വ്യാപിക്കുന്നു. മൂന്ന് ദിവസം മുതല്‍ ഒരാഴ്ച വരെ രോഗം നീണ്ടു നില്‍ക്കാം.
ശ്രദ്ധിക്കാന്‍
- ചെങ്കണ്ണ് ബാധിച്ചയാളുടെ കണ്ണില്‍ നോക്കിയതുകൊണ്ട് രോഗം പകരില്ല. വായുവിലൂടെയും ചെങ്കണ്ണ് പകരില്ല. രോഗി ഉപയോഗിച്ച ടൗവ്വല്‍,സോപ്പ് എന്നിവ മറ്റുള്ളവര്‍ ഉപയോഗിക്കാതിരിക്കുക.
- രോഗി വ്യക്തി ശുചിത്വം പാലിക്കണം.
- കണ്ണില്‍ തൊട്ടതിനുശേഷം കൈകള്‍ വൃത്തിയായി സൂക്ഷിക്കുക
കണ്‍പോള വീക്കം
കണ്‍പോളയിലുണ്ടാകുന്ന വീക്കം കണ്‍കുരുവിന് കാരണമാകുന്നു. അണുബാധ മൂലമുണ്ടാകുന്ന കണ്‍കുരു പ്രായഭേദമന്യേ എല്ലാവരിലും സാധാരണമാണ്. എന്നാല്‍ കൂടുതലായി കണ്‍കുരു വരുന്നത് ശ്രദ്ധിക്കണം.
വേനല്‍ച്ചൂടും പൊടിപടലങ്ങളും മാത്രമല്ല ശുചിത്വമില്ലായ്മ,തലയിലെ പേന്‍,താരന്‍,കാഴ്ച ശക്തിയിലെ തകരാറുകള്‍ ഇവയും കണ്‍കുരുവിന് കാരണമാകാം.
ശ്രദ്ധിക്കാന്‍
- കണ്ണിനുണ്ടാകുന്ന രോഗങ്ങളെ നിസാരമായി കാണരുത്. സമയത്ത് ചികിത്സാതിരുന്നാല്‍ അന്ധതയ്ക്കുവരെ കാരണമായേക്കാം.
- കണ്ണിനുണ്ടാകുന്ന ചുവപ്പുനിറം ചെങ്കണ്ണിന്റെ മാത്രം ലക്ഷണമല്ല. രണ്ടുദിവസത്തില്‍ കൂടുതല്‍ കണ്ണിന് ചുവപ്പുനിറം കണ്ടാല്‍ വിദഗ്ദ ചികിത്സ തേടണം.
- ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം കണ്ണില്‍ മരുന്നൊഴിക്കുക.
- കണ്ണിനുണ്ടാകുന്ന രോഗങ്ങള്‍ക്ക് സ്വയം ചികിത്സ ഒഴിവാക്കുക. ഇളനീര്‍ കുഴമ്പ് പോലെയുള്ളവ കണ്ണില്‍ ഒഴിക്കുന്നത് സെക്കന്‍ഡറി ഇന്‍ഫെക്ഷന് കാരണമായേക്കാം.
- അലര്‍ജി രോഗങ്ങള്‍ക്കുള്ള തുള്ളി മരുന്നില്‍ സ്റ്റിറോയ്ഡ് അടങ്ങിയിട്ടുണ്ട്. അളവില്‍ കൂടുതല്‍ മരുന്ന് ഒഴിക്കുന്നത് കണ്ണിലെ മര്‍ദ്ദം കൂട്ടുന്നു. ഇത് ഗ്ലോക്കോമ പോലെയുള്ള നേത്രരോഗങ്ങള്‍ ഉണ്ടാക്കും.