അനുരാധയുടെജീവിതവഴികൾ- 1

ഗീതാപുഷ്കരന്‍

സന്ധ്യക്കു വിളക്കു തെളിയിക്കില്ല എന്ന വാശി അനുരാധ തുടങ്ങി വച്ചത് സ്വന്തംജീവിതം മറ്റുള്ളവരുടെ മുന്നിൽ കുനിയാൻ മാത്രമായി സുന്ദരേശൻ മാറ്റി
വക്കുന്നതു കണ്ടുമടുത്തപ്പോഴാണ്.

ഉള്ളിൽ ഇരുൾ പരക്കുമ്പോൾ പുറത്തു വിളക്കു തെളിയിക്കുന്നതിലെ യുക്തിരാഹിത്യം അനുരാധക്കു തീരെ ഇഷ്ടപ്പെടാൻ കഴിഞ്ഞില്ല.

പിന്നാലെ നടന്ന് പ്രേമം നടിച്ചു് സുന്ദരേശൻ ശല്യം ചെയ്തപ്പോഴൊക്കെ അനുരാധ ഒഴിഞ്ഞു മാറിയിട്ടേയുള്ളു.എന്നിട്ടും സുന്ദരേശൻ അനുരാധയെ വീഴ്ത്തി.
ഏതോ ശപ്തനിമിഷത്തിൽ അനുരാധ പ്രണയം ഇഷ്ടപ്പെട്ടുതുടങ്ങി. എങ്കിലും ഒന്നിച്ചൊരു ജീവിതത്തിലേക്കു ചുവടുവയ്ക്കാൻ ഒട്ടും ഇഷ്ടമായിരുന്നില്ല അനുരാധയ്ക്ക്. പക്ഷേ നാട്ടുകാരറിഞ്ഞു കൊണ്ടാടാൻ തുടങ്ങിയപ്പോഴേക്ക് അനുരാധയുടെ അമ്മ പറഞ്ഞു…” നീയിങ്ങനെ ചോറിങ്ങും കൂറങ്ങുമായി ഇവിടെ നിൽക്കേണ്ട..നിനക്കു പോകാൻ താല്പര്യമാണെങ്കിൽ പോകാം.”

ആലോചിച്ചു നോക്കിയപ്പോൾ ഇറങ്ങിപ്പോകുന്നതാണ് ശരിയെന്ന് അനു രാധക്കും തോന്നി. താഴെയുള്ള രണ്ടു് അനിയത്തിമാർക്കും നല്ല വിവാഹാലോചനകൾ വരുന്നുണ്ട്. പക്ഷേ തന്റെ നാട്ടിൽപ്പാട്ടായ പ്രണയ കഥയിൽത്തട്ടി അവയെല്ലാം മുടങ്ങി പോകുകയാണ്. തൊഴിൽ കിട്ടിയിട്ടേ ഇറങ്ങിപ്പോകൂ എന്ന വാശി മടക്കി നെഞ്ചിൽപ്പൂട്ടി വച്ചിട്ട് അനുരാധ സുന്ദരേശന്റെ വീട്ടിലേക്കുള്ള പാതിവഴി നടന്നു കഴിഞ്ഞപ്പോൾ സുന്ദരേശന്റെ അമ്മമ്മ വന്ന് കൂട്ടിക്കൊണ്ടുപോയി ശാഖാ മന്ദിരത്തിലിരുത്തി.. അത്യാവശ്യം ബന്ധുക്കളെ വിളിച്ചു കൊണ്ടുവന്ന് ഉപായത്തിൽ കല്യാണമങ്ങ് നടത്തി.
പക്ഷേ അന്നു രാത്രിയേ കഞ്ഞിക്ക് കിണ്ണത്തിന്റെയെണ്ണം ഒന്നുകൂടിക്കൂടിയെന്ന സുന്ദരേശന്റെ അമ്മയുടെ നെടുവീർപ്പ് അനുരാധയുടെ നെഞ്ചിൽ വന്നലച്ചു.

അധികം വിഷമിക്കേണ്ടി വന്നില്ല. ഒരു ഗവ. ജോലി കരസ്ഥമായി അനുരാധക്ക് .
പിന്നീടങ്ങോട്ട് ജീവിതം കൈവിട്ടു പോകുന്ന പട്ടം പോലെ പാറി പറക്കുകയായിരുന്നു.
ഒന്നും കൈപ്പിടിയിൽ നിന്നില്ല. അവിചാരിതമായല്ല… ക്രമാനുഗതമായി എല്ലാം തന്നെ അകന്നുപോയി പോയതൊന്നും തിരികെ കിട്ടില്ലല്ലോ

തുടരും

Leave a Reply

Your email address will not be published. Required fields are marked *