ഗൗരിയുടെ ലോകം 4
ഗീത പുഷ്കരന്‍
സ്വന്തം മകൻ അച്ഛന്റെ തറവാട്ടിൽ താമസമാക്കിയെന്ന വസ്തുത ഉൾക്കൊള്ളാനാവാതെ ഗൗരി മൗനം ഭജിച്ചു . അമ്മാവനും അമ്മയും അമ്മായിയും കുടുംബാംഗങ്ങളേവരും വല്ലാത്ത ഒരു ദുർഘടാവസ്ഥയിലായി. തറവാടു മാത്രം ശബ്ദ രഹിതമായി തലയെടുപ്പോടെ നിന്നു.
മൂന്നാം നാൾ രാജേന്ദ്രമേനോൻ ഒരൊറ്റ ഇക്കിളോടെ മറിഞ്ഞു വീണ് മിഴികളടച്ചു യാത്രയായി .
വിവരമറിഞ്ഞ് അനന്തൻ മേനോൻ സ്വന്തം അച്ഛനെയും കൂട്ടി തറവാട്ടിലെത്തി.
നിങ്ങളുടെ മകനെയല്ല ഞാൻ പ്രസവിക്കുന്നത് , നിങ്ങൾ പൊയ്ക്കോളു എന്നു പറഞ്ഞ് ഗൗരി, അനന്തന്റെ അമ്മ, ഇറക്കി വിട്ട നായർ , അശേഷം തലയെടുപ്പു കുറക്കാതെ, അതേ തറവാട്ടിലേക്ക് കടന്നുവന്നു എന്നത് എന്തു ഭാവിച്ചിട്ടായിരിക്കും എന്ന് അപ്പോഴാരും ചിന്തിച്ചില്ല.
മരണാനന്തര ചടങ്ങുകൾക്കു ശേഷം നായർ
തെക്കിനിയിലെ പ്രൗഢഗംഭീരമായ ചാരു കസേരയിൽ ഇരുപ്പുറപ്പിച്ചു. അനന്തൻ തൊട്ടടുത്ത് മറ്റൊരു കസേരയിലും.
അമ്മാവൻ വിടപറഞ്ഞ ദു:ഖത്തിൽ തെക്കിനിച്ചുമരും ചാരി നിന്നിരുന്ന കാര്യസ്ഥനോട് അനന്തൻ ശബ്ദമുയർത്തിത്തന്നെ പറഞ്ഞു.
” തറവാട്ടിൽ എല്ലാവരോടും തെക്കിനിയിലേക്കു വരാൻ പറയു പപ്പൻ പിള്ളേ”
ഒരു നിമിഷം അമാന്തിച്ചു നിന്നു എങ്കിലും
പപ്പൻപിള്ള എല്ലാവരേയും വിളിച്ചുവരുത്തി.
എല്ലാവരും അക്ഷമരായി നോക്കി നിൽക്കേ
അനന്തൻ പറഞ്ഞു..
“എന്റെ അച്ഛനെ എല്ലാവരും കണ്ടല്ലോ അല്ലേ… ഞാൻ അമ്മയുടെ വയറ്റിലായിരുന്നപ്പോഴെ എന്റെ അമ്മ അപമാനിച്ചു പറഞ്ഞു വിട്ടതായിരുന്ന എന്റെ അച്ഛനെ . ഞാനായിട്ട് ആ തെറ്റുതിരുത്തി.
ഇനി അച്ഛൻ ഈ തറവാട്ടിലാവും താമസിക്കുക. അമ്മാവൻ ഈ തറവാടും ചുറ്റുമുള്ള സ്ഥലവും എന്റെയും അമ്മയുടെയും പേരിലാണ് എഴുതി വച്ചിരിക്കുന്നത്. ആധാരത്തിന്റെ പകർപ്പ് അമ്മാവന്റെ മേശവലിപ്പിലുണ്ട്. ഒറിജിനൽ എന്റെ കൈയ്യിലും . അമ്മായിക്കും മക്കൾക്കും ഇവിടന്നു മാറി താമസിക്കാം. അമ്മാവൻ നിങ്ങൾക്കായി വേറെ വീടു പണിതിട്ടിട്ടുണ്ടല്ലോ.
അമ്മായി ക്ഷമിക്കണം. എനിക്കെന്റെ അച്ഛനെ തിരിച്ചു കൊണ്ടുവന്നേ പറ്റുമായിരുന്നുള്ളു. അച്ഛനില്ലാത്തവന്റെ ദുഃഖം നിങ്ങൾ മനസ്സിലാക്കണം. ഇനിയുള്ള കാലം എനിക്ക് അച്ഛനും അമ്മയും ഒന്നിച്ചു് ഇവിടെ ജീവിക്കുന്നത് കാണണം”
ആരും ഒന്നും പറഞ്ഞില്ല.
ഗൗരി മാത്രം എന്റെ മകനേ.. എന്നു തേങ്ങി..
ഒന്നും തുറന്നു പറയാനാവാത്ത ധർമ്മസങ്കടത്തിൽ ഉരുകി .
നായർ ഉള്ളുകൊണ്ടു ചിരിച്ചു. ഇരുപത്തിയെട്ടു വർഷമായി ഉള്ളിൽ കൊണ്ടു നടന്ന അപമാനഭാരം… ഇതാ ഇന്നിവിടെ തീരുന്നു.. എന്നയാൾ ആശ്വസിച്ചു.
മകൻ തന്നെ അച്ഛനായി സ്വീകരിച്ചു കഴിഞ്ഞു. ഇതിലപ്പുറം ഇനിയെന്തു ഭാഗ്യമാണ് തനിക്കുണ്ടാകേണ്ടത് എന്നയാൾ അതിശയിച്ചു.
ചുറ്റുമുള്ളവർ തെക്കിനിയിൽ നിന്നു പിന്തിരിഞ്ഞു കഴിഞ്ഞ്
നായർ മെല്ലെ വിളിച്ചു
“ഗൗരീ “
ഗൗരി ശിരസ്സുയർത്തി നോക്കി.. തൊഴുകൈയ്യോടെ നിന്നു .
ഗൗരീ നീ വിഷമിക്കേണ്ട. ഞാനിവിടെ സ്ഥിര താമസമാക്കാൻ വന്നതല്ല. നിന്റെ മകന് അച്ഛനായി ഞാൻ വേണമെന്ന് അവൻ വന്നു പറഞ്ഞപ്പോൾ എനിക്കു മറുത്തു പറയാനായില്ല. നിനക്കറിയാമല്ലോ നമുക്കിടയിൽ എന്താണ് സംഭവിച്ചത് എന്ന് .
നീയും ഞാനും മകനും അഭിമാനത്തോടെ തല ഉയർത്തി നിൽക്കണം എന്നേ ഞാൻ ആശിച്ചിട്ടുള്ളു. എനിക്കു വേണമെങ്കിൽ അവനോടു പറയാമായിരുന്നു അവൻ എന്റെ മകനല്ല എന്ന്. ഞാനതു ചെയ്തില്ല. നിന്റെയും അവന്റെയും നന്മയോർത്തു മാത്രം. നീ സങ്കടപ്പെടണ്ട. ഞാൻ തിരിച്ചു പോകും. ഇഷ്ടമില്ലാത്തതൊന്നും നീ ചെയ്യാൻ ഞാൻ പറയില്ലാ. നിന്റെ തന്റേടവും സത്യസന്ധതയും എന്നെ അതിശയിപ്പിച്ചിട്ടുണ്ട് ഗൗരീ.
ഗൗരി ഒരിക്കൽ കൂടി കൈകൾ കൂപ്പി. മിഴികൾ നിറഞ്ഞൊഴുകി. നായരവരുടെ കൈകൾ കൂട്ടി പിടിച്ചു നെഞ്ചോടു ചേർത്തു.
മുറിയിലേക്കു കടന്നുവന്ന അനന്തൻ
നിറകണ്ണുകളോടെ ആ കാഴ്ച കണ്ടു നിറഞ്ഞു.
അവസാനിച്ചു
നോവല്‍ ആദ്യഭാഗം മുതല്‍ വായിച്ചു തുടങ്ങുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക