മലയാളത്തിന്റെ നിത്യവസന്തം: പ്രേം നസീർ
ജിബി ദീപക്(അദ്ധ്യാപിക,എഴുത്തുകാരി)
മലയാള ചലച്ചിത്രരംഗത്തെ നിത്യഹരിത നായകനാണ് പ്രേംനസീര്‍. തിരുവിതാംകൂറിലെ ചിറയന്‍കീഴില്‍ അക്കോട് ഷാഹുല്‍ ഹമീദിന്റെയും അസുമ ബീവിയുടെയും മകനായി 1926 ഏപ്രില്‍ 7ന് ജനിച്ചു. അബ്ദുള്‍ ഖാദര്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. വളരെ ചെറുപ്പത്തില്‍ തന്നെ അദ്ദേഹത്തിന്റെ അമ്മ മരിച്ചു.
അമ്മ നഷ്ടപ്പെട്ട നസീറിന് എട്ടാം വയസില്‍ ഗുരുതരമായ ഒരു രോഗം പിടിപെട്ടു. ഡോക്ടര്‍മാര്‍ മരണമാണ് വിധിയെഴുതിയത്. മകന്റെ ജീവന് രക്ഷിക്കാന്‍ വേണ്ടിയുള്ള ആ ബാപ്പയുടെ അന്വേഷണത്തില്‍ ഒരു കച്ചി തുരുമ്പു കിട്ടി.
വര്‍ക്കലയില്‍ ശ്രീനാരായണ ശിഷ്യനായ ഒരു വൈദ്യന് ഒറ്റമൂലിക്കാരന്‍ സ്വാമിജി. നേരെ വര്‍ക്കലയില്‍ ചെന്ന് വിവരം പറഞ്ഞു. ഉടന്‍ മരുന്നും നിര്‍ദ്ദേശിച്ചു. ‘ആയിരം തുടം മുലപ്പാല്‍ വേണം മരുന്ന് വാറ്റി എടുക്കാന്‍’
നിരാശനായ് മടങ്ങിയ ആ പിതാവിനെ ചിറയന്‍കീഴിലെ അമ്മമാര്‍ കൈവിട്ടില്ല. അവര്‍ക്കെല്ലാം അത്ര പ്രിയപ്പെട്ടവനായിരുന്നു ആ ബാലന്. അവര്‍ സംഘടിച്ച് ജാതിമത ഭേദമില്ലാതെ, പ്രേംനസീറിന്റെ തറവാട്ടിലേക്ക് ഒഴുകിയെത്തി, മരുന്നിനാവശ്യമായ മുലപ്പാല്‍ നല്കി. അങ്ങനെ നൂറുകണക്കിന് അമ്മമാരുടെ മുലപ്പാല്‍കൊണ്ട് ജീവന് തിരിച്ചുകിട്ടിയ സംഭവത്തെ കുറിച്ച് നസീര്‍ തന്നെ പലതവണ എഴുതിയിട്ടുള്ളതാണ്.
രോഗം ഭേദമായപ്പോള്‍ ആ വൈദ്യശ്രേഷ്ഠന് അദ്ദേഹത്തോട് പറഞ്ഞത്രേ. ‘മോനേ നീ ഇപ്പോള്‍ ഈ നാട്ടിലെ എല്ലാ അമ്മമാരുടെയും മകനാണ്.’ സഹജീവി സ്നേഹത്തിലൂടെ ഒരുപാട് അമ്മമാരെ അതിരറ്റ് സ്നേഹിച്ചിരുന്ന നസീറിന് സ്വന്തം ഉമ്മയുടെ സ്നേഹലാളന തൊട്ടറിയാന്‍ കഴിയാതെ പോയത് ദുഃഖകരമായ ഒരു സത്യമാണ്.
ഒരു നാടകനടനായി ഔദ്യോഗിക ജീവിതം ആരംഭിച്ച നസീര്‍ 1952 ല്‍ പുറത്തിറങ്ങിയ മരുമകള്‍ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചത്. 1950 കളില്‍ ഒരു താരമായി അദ്ദേഹം ഉയര്‍ന്നുവന്നു. 1950 മുതല്‍ 1989 ല്‍ അദ്ദേഹത്തിന്റെ മരണംവരെയുള്ള കാലംകൊണ്ട് മലയാള സിനിമയിലെ അതുല്യനായ സൂപ്പര്‍ താരങ്ങളിലൊരാളായിത്തീര്ന്നിരുന്നു. മലയാളികളുടെ മനസ്സിലെ പുരുഷ സങ്കല്‍പ്പങ്ങളുടെ സാക്ഷാത്കാരമായിരുന്നു പ്രേംനസീറിന്റെ ചലച്ചിത്ര കഥാപാത്രങ്ങള്‍.
അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ വിശപ്പിന്റെ വിളിയുടെ ചിത്രീകരണത്തിനിടെ കുഞ്ചാക്കോയും, കെ.വി. കോശിയും തിക്കുറിശ്ശിയെ സമീപിച്ചാണ് അദ്ദേഹത്തിന്റെ പേര് നസീര്‍ എന്ന് പുനര്‍നാമകരണം ചെയ്തത്. പൊന്നാപുരം കോട്ട എന്ന സിനിമയിലൂടെ നസീര്‍ എന്ന പേര് സംവിധായകന് കുഞ്ചാക്കോ ആണ് പ്രേംനസീര്‍ എന്നാക്കിയത്.
672 മലയാള ചിത്രങ്ങളില്‍ അഭിനയിച്ച പ്രേംനസീര്‍ 56 തമിഴ് ചിത്രങ്ങളിലും 21 തെലുങ്ക് ചിത്രങ്ങളിലും 32 കന്നഡ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം ഷീലയുമൊത്ത് 130 ചലച്ചിത്രങ്ങളില്‍ പ്രണയ ജോഡികളായി അഭിനയിച്ചു. ഇത് ഒരു സര്‍വ്വകലാ റെക്കോര്‍ഡാണ്. 781 ചിത്രങ്ങളില്‍ 93 വിവിധ നായികമാരുമായി അദ്ദേഹം നായകനായി അഭിനയിച്ചു. ഏറ്റവുമധികം സിനിമകളില്‍ നായകനായി അഭിനയിച്ചതിന്റെ ഗിന്നസ് റെക്കോര്‍ഡ് അദ്ദേഹത്തിനാണ്.
1980 ല്‍ പുറത്തിറങ്ങിയ തന്റെ അഞ്ഞൂറാമത്തെ ചിത്രമായ കരിപുരണ്ട ജീവിതങ്ങളിലെ അഭിനയത്തിന് ഔട്ട്സ്റ്റാന്‍ഡിംഗ് പെര്‍ഫോര്‍മന്‍സ് അവാര്‍ഡും ലഭിച്ചു.
പ്രേംനസീറിന്റെ പുത്രന് ഷാനവാസ് ഏതാനും ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും പിതാവിനെപ്പോലെ അഭിനയരംഗത്ത് ശോഭിക്കാന്‍ കഴിഞ്ഞില്ല. പ്രേംനസീറിന്റെ മൂന്നാം തലമുറയായി ഷാനവാസിന്റെ പുത്രന് ഷമീര്‍ ഖാന് മലയാള ചിത്രമായ ഉപ്പുകണ്ടം ബ്രദേഴ്സ് ബാക്ക് ഇന്‍ ആക്ഷനില്‍ അഭിനയിച്ചിരുന്നു.
സിനിമയ്ക്കുള്ളിലും സിനിമയ്ക്ക് പുറത്തും പ്രേംനസീര്‍ എന്തായിരുന്നുവെന്ന് ഓരോ മലയാളിയുടെയും ഹൃദയത്തിലുണ്ട്. കുറ്റാന്വേഷകനായും, എഴുത്തുകാരനായും കര്‍ഷകനായും കുടുംബനാഥനായും വടക്കന്‍ പാട്ടുകളിലെ വീരനായും പ്രണയഭാവം ആപാദചൂഢം നിറഞ്ഞു നിന്ന നായകനായും അദ്ദേഹം പ്രേക്ഷക മനസ്സുകള്‍ കീഴടക്കി. സസ്പെന്‍സും, പ്രണയവും, ആക്ഷനും കോമഡിയുമെല്ലാം അദ്ദേഹം അനായാസം ബിഗ് സ്ക്രീനില്‍ പകര്‍ന്നാടി. പ്രേംനസീര്‍ ഒരു കാലഘട്ടത്തില്‍ ഇന്ത്യന്‍ സിനിമയെ എത്ര സ്വാധീനിച്ചിരുന്നെന്ന് ഈ കണക്കുകളില്‍ നിന്നു വ്യക്തം. അഭിനയത്തെ മാത്രമല്ല സിനിമയുടെ സര്‍വ്വമേഖലകളെയും ആ പ്രതിഭയുടെ സാന്നിധ്യം വലിയ തോതില്‍ സ്വാധീനിച്ചിരുന്നു. 1983 ല്‍ പത്മഭൂഷണ്‍ നല്കി രാജ്യം അദ്ദേഹം ആദരിച്ചു. 1989 ജനുവരി 16 നാണ് പ്രേംനസീര്‍ ഓര്‍മ്മയുടെ തിരശ്ശീലയ്ക്കു പിന്നിലേക്ക് മടങ്ങുന്നത്. 62 വയസ്സിലായിരുന്നു അദ്ദേഹത്തിന്റെ മരണം.
പ്രേംനസീര്‍ മലയാള സിനിമയുടെ ഒരു ശീലമായിരുന്നു. മണ്മറഞ്ഞ കാലമിത്ര കഴിഞ്ഞിട്ടും മാറ്റിയെടുക്കേണ്ടെന്ന് നമ്മള് നിര്‍ബന്ധിച്ചുറപ്പിച്ച ഒരു ശീലം. ആ അതുല്യപ്രതിഭ മണ്മറഞ്ഞിട്ട് ഇന്നേക്ക് 32 വര്‍ഷമായിരിക്കുന്നു. നിത്യഹരിതനായകനായി ഇന്നും ആ ആത്മാവ് നമുക്കിടയില്‍ തന്നെ ഉള്ളതിനാല്‍ തന്നെ ആ ശീലത്തെ, ആ ഓര്‍മ്മയെ മറക്കാന്‍ മലയാളികളായ നമുക്കെങ്ങനെയാവും.