എം.എസ് ബാബുരാജ് എന്ന വിസ്മയം

ജീവതത്തെ സംഗീതവും, സംഗീതത്തെജീവിതവുമാക്കിയ ബാബുരാജ് മലയാള ചലച്ചിത്രഗാനാസ്വാദകര്‍ക്ക് സമ്മാനിച്ചത്അറുനൂറിലധികം പാട്ടുകളാണ്. ഗസലുകളുടേയും മലബാർ മാപ്പിളപ്പാട്ടിന്റെയും ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും ശ്രുതിമാധുരി മലയാള ചലച്ചിത്ര ഗാനങ്ങളിൽ ആദ്യമായി ചേർത്തു തുടങ്ങിയ സംഗീത സംവിധായകനായിരുന്ന മുഹമ്മദ് സബീർ ബാബുരാജ് എന്ന എം എസ് ബാബുരാജ്. ഹിന്ദുസ്ഥാനി രാഗങ്ങൾ അന്യമായിരുന്ന ആ കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ ഗാനങ്ങളിലൂടെ മലയാള സിനിമരംഗം പുതിയ ഭാവുകത്വത്തിലെത്തിച്ച അദ്ദേഹത്തിന്റെ സംഗീതം വയലാർ രാമവർമ്മ, പി. ഭാസ്കരൻ തുടങ്ങിയ ഗാനരചയിതാക്കൾക്ക് ഏറെ പ്രചോദനമായി.

1929 മാർച്ച് 3 ന് ഹിന്ദുസ്ഥാനി സംഗീതജ്ഞനായിരുന്ന ബംഗാൾ സ്വദേശി ജാൻ മുഹമ്മദ് ഖാന്റെ മകനായി ജനിച്ചു. കോഴിക്കോട് ടി. അബുബക്കറുടെ (അബുക്ക – ഫുട്ബോൾ) യങ് മെൻസ് ക്ലബ്ബിൽ കോഴിക്കോട് അബ്ദുൽ ഖാദറിന്റെ കൂടെ ഗാനമേളയിൽ പങ്കെടുത്തു. തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ടു. നാടകങ്ങളുടെ സംഗീത സംവിധായകനായി. ആദ്യനാടകമായിരുന്നു ‘ഇങ്ക്വിലാബിന്റെ മക്കൾ'(1951). ടി. മുഹമ്മദ് യൂസഫിന്റെ കണ്ടം ബെച്ച കോട്ട്, ചെറുകാടിന്റെ നമ്മളൊന്ന്, കെ.ടി. മുഹമ്മദിന്റെ വെള്ളപ്പൊക്കം, തോപ്പിൽ ഭാസിയുടെ യുദ്ധകാണ്ഡം എന്നീ നാടകങ്ങളിലെ ഗാനങ്ങൾക്കും സംഗീതം പകർന്നു. പി. ഭാസ്കരന്റെ തിരമാല (1950) എന്ന ചിത്രത്തിൽ വിമൽകുമാർ എന്ന സംഗീത സംവിധായകന്റെ സഹായിയായി സിനിമയിൽ എത്തി.

രാമു കാര്യാട്ട് സംവിധാനം ചെയ്ത മിന്നാമിനുങ്ങിലൂടെ (1957) സ്വതന്ത്ര സംഗീത സംവിധായകനായി മാറിയത്. തുടർന്ന് രണ്ടു പതിറ്റാണ്ടു കാലം മലയാള സിനിമാ സംഗീത ലോകത്ത്‌ മികച്ച സംഭാവനകൾ കാഴ്ചവെച്ചു. ഈ കാലയളവിൽ ആ അനുഗൃഹീത സംഗീതജ്ഞനിൽ നിന്നും മലയാളിക്ക് ലഭിച്ച ഈണങ്ങൾ നിത്യ ഹരിതങ്ങളാണ്. യേശുദാസിനെക്കൊണ്ട് ആദ്യമായി ഒരു ഹിറ്റ് ഗാനം പാടിച്ചതും എസ്. ജാനകിയുടെ ശബ്ദത്തിന്റെ തരളിത കണ്ടെത്തിയതും മലയാള സിനിമയുടെ ബാബൂക്കയാണ്.

🎶 താമസമെന്തേ വരുവാൻ…..
🎶 ഏകാന്തതയുടെ അപാര തീരം…..
🎶 വാസന്തപഞ്ചമി നാളിൽ….
🎶 അറബിക്കടലൊരു മണവാളൻ….
🎶 പ്രാണസഖി ഞാൻ വെറുമൊരു…..
🎶 ഒരു പുഷ്പം മാത്രമെൻ….
🎶 അന്ന് നിന്റെ നുണക്കുഴി
🎶 സൂര്യകാന്തീ സൂര്യകാന്തീ….
🎶 ഒരു കൊച്ചു സ്വപനത്തിൻ… .

🎶 ഒരു കൊട്ട പൊന്നുണ്ടല്ലോ… തുടങ്ങി മലയാളികൾ വിസ്മരിക്കാതെ ഓമനിക്കുന്ന നിരവധി ഗാനങ്ങൾ. ബാബുരാജ് ഈണമിട്ട ഗാനങ്ങൾ അധികവും രചിച്ചത് പി. ഭാസ്കരനാണ്. വയലാർ-ദേവരാജൻ ടീം പോലെ വളരെ പ്രസിദ്ധമായിരുന്നു ഭാസ്കരൻ-ബാബുരാജ് ടീമും. നിരവധി ഗാനങ്ങൾ ഇരുവരുമൊന്നിച്ച് ഉണ്ടായിട്ടുണ്ട്. വയലാർ, യൂസഫലി കേച്ചേരി, ശ്രീകുമാരൻ തമ്പി, ഒ.എൻ.വി. കുറുപ്പ്, മങ്കൊമ്പ് ഗോപാലകൃഷ്ണൻ എന്നിവർ ഉൾപ്പെടെ നൂറിലധികം ചിത്രങ്ങളിലായി അറുനൂറോളം ഗാനങ്ങൾക്ക് ഈണം പകർന്നു. ഉദ്യോഗസ്ഥ (1967) എന്ന ചിത്രത്തിന് വേണ്ടി അനുരാഗഗാനം പോലെ….., എഴുതിയ തരാണു സുജാത….., കളിചിരിമാറാത്ത പെണ്ണേ….. തുടങ്ങിയ ഗാനങ്ങൾ രചിക്കുകയും ചെയ്തു. 1970-നു ശേഷം ബാബുരാജിന്റെ ജീവിതം തകർച്ചയുടെ വക്കിലെത്തിച്ചേർന്നു. അമിതമായ മദ്യപാനം അദ്ദേഹത്തെ രോഗിയാക്കി. ഒടുവിൽ 1978 ഒക്ടോബർ 7-ന് തന്റെ 49-ാം വയസ്സിൽ ചെന്നൈയിലെ ഒരു ജനറൽ ആശുപത്രിയിൽ വച്ച് അന്തരിച്ചു. 1978-ൽ ഹരിഹരൻ സംവിധാനം ചെയ്ത യാഗാശ്വം എന്ന സിനിമയിൽ പി. സുശീല പാടിയ തൃക്കാക്കരെ തീർത്ഥക്കരെ…എന്ന ഗാനമാണ് അവസാനമായി റെക്കോർഡ് ചെയ്തത്.

കടപ്പാട്

Leave a Reply

Your email address will not be published. Required fields are marked *