കാഴ്ചകള്‍ മഞ്ഞിലൊളിപ്പിച്ച ‘ഇല്ലിക്കല്‍ കല്ല്’
വി.കെ സഞ്ജു (മാധ്യമപ്രവര്‍ത്തകന്‍)
”എങ്ങോട്ടേലും പോയാലോ…?””പോയേക്കാം.””എവിടെ പോകും?””ഇല്ലിക്കല്‍ കല്ല്…!”അതെവിടാ എന്താന്നൊരു ചോദ്യമൊന്നുമില്ല പിന്നെ… ഫോണില്‍ തെളിയുന്ന റൂട്ടിനു പിന്നാലെ വണ്ടിയോടിത്തുടങ്ങുകയാണ്. പതിനാല് ദിവസത്തെ ക്വാറന്റൈനും കഴിഞ്ഞുള്ള പോക്കാണ്, മുറിക്കു പുറത്തെ കാറ്റും വെളിച്ചവുമൊക്കെ കൊണ്ട് കണ്ണു മഞ്ഞളിക്കുന്നുണ്ട്.മെയിന്‍ റോഡ് വിട്ട് കയറ്റം കയറിത്തുടങ്ങിയതോടെ റോഡ് മോശമാകുന്നുണ്ട്. മുന്നില്‍ പോകുന്ന ഇന്നോവക്കാരും അങ്ങോട്ടു തന്നെയാണെന്നു തോന്നുന്നു. ഇടയ്ക്ക് വണ്ടി നിര്‍ത്തി വഴി ചോദിക്കുന്ന അവരെ നാട്ടുകാരിലൊരാള്‍ മടക്കി അയയ്ക്കുന്നതു കണ്ടു, അങ്ങോട്ടേക്കൊന്നും ഇപ്പോ കയറ്റി വിടുന്നില്ലത്രെ.ദൂരെ നിന്നെങ്കിലും കല്ലൊന്ന് കണ്ടിട്ട് വരാമെന്ന തീരുമാനത്തില്‍ ഞങ്ങള്‍ പിന്നെയും മുന്നോട്ട്. ഇന്നോവയില്‍ വന്നവര്‍ യു ടേണ്‍ അടിച്ചു കഴിഞ്ഞിരുന്നു.
പാര്‍ക്കിങ് ഏരിയയിലെത്തിയപ്പോള്‍ കുറച്ചു വണ്ടികളൊക്കെയുണ്ട്. ടിക്കറ്റ് കൗണ്ടറുമുണ്ട്. പിന്നെന്താണാവോ കയറ്റി വിടുന്നില്ലെന്നു പറഞ്ഞത്…!മുകളിലേക്ക് ജീപ്പ് സര്‍വീസുണ്ടായിരുന്നതൊക്കെ ആ സമയത്ത് നിര്‍ത്തിവച്ചിരിക്കുകയാണ്. നടന്നു കയറാം, ടാര്‍ റോഡാണ്. വെരി ഈസി എന്ന മനക്കണക്കുമായി തുടങ്ങിയ നടത്തം പലവട്ടം കിതച്ചു നിന്നു, ദൂരം കുറയ്ക്കാന്‍ റോഡ് വിട്ട് ഊടുവഴി പിടിച്ച് കുത്തു കയറ്റം വലിഞ്ഞു കയറിയിട്ടും വലിയ വ്യത്യാസമൊന്നുമില്ല.
റോഡ് അവസാനിക്കുന്നിടത്തു നിന്ന് പിന്നെ നടവഴിയാണ് മുകളിലേക്ക്, കുത്തുകയറ്റം. പത്തി വിരിച്ച സര്‍പ്പത്തെപ്പോലുള്ള കല്ലിന് അഭിമുഖമായി അതിനെക്കാള്‍ പൊക്കത്തില്‍ (ഏകദേശം 3400 അടി) ഒരു മല, വ്യൂയിങ് ഗ്യാലറി പോലെ. സാഹസികത പരിധി വിടാതിരിക്കാൻ സിമന്റിട്ടുറപ്പിച്ച ഹാന്‍ഡ് റെയിലുകള്‍. വാക്കുകളില്‍ പകര്‍ത്തി വയ്ക്കാന്‍ ധൈര്യം തോന്നാത്തത്ര മനോഹരമായ കാഴ്ചകള്‍ ചുറ്റും.കുടക്കല്ലും കൂനന്‍ കല്ലും നരകപ്പാലവുമെല്ലാം പിന്നിലുപേക്ഷിച്ച് നടന്നിറങ്ങുമ്പോള്‍, കാഴ്ചയില്‍ തെളിയാത്ത നീലക്കൊടുവേലികള്‍ മനസിലാകെ തളിർത്തു നിന്നു.