തൃക്കോട്ടൂരിലെ കഥാകാരന് വിട

ജിബി ദീപക്ക്(അദ്ധ്യാപിക,എഴുത്തുകാരി)

‘രണ്ടാം ലോകയുദ്ധം ഉണ്ടായിരുന്നില്ലെങ്കില്‍, എന്നെ പ്രസവിച്ച ഉടനെ അമ്മ മരിച്ചില്ലായിരുന്നുവെങ്കില്‍ ഞാന്‍ ബര്‍മ്മയിലെ ഒരു സ്വര്‍ണ്ണപ്പണിക്കാരനാകുമായിരുന്നു.’ഒരിക്കല്‍ ഒരഭിമുഖത്തില്‍ കഥാകൃത്തായ യു.എ. ഖാദര്‍ പറഞ്ഞ വാക്കുകളാണിത്. പക്ഷേ സ്വര്‍ണംപോലെ തിളങ്ങുന്ന വാക്കുകള്‍കൊണ്ടാണ് കഥയുടെ ഗോപുരങ്ങള്‍ മലയാളിക്ക് അദ്ദേഹം പണിതിട്ടത്കലയുടെ ദീപ്തസ്തംഭങ്ങള്‍.


1935 ല്‍ പഴയ ബര്‍മ്മയിലെ റംഗൂണിന് സമീപം മോണ്‍ സംസ്ഥാനത്ത് മൊയ്തീന്‍കുട്ടി ഹാജി, മമോദി ദമ്പതികള്‍ക്ക് ഇരാമതി നദിയോരത്തെ ബില്ലിന്‍ എന്ന ഗ്രാമത്തിലാണ് യു.എ. ഖാദര്‍ ജനിച്ചത്. മാതാവ് ബര്‍മ്മക്കാരിയായിരുന്നു. പിതാവ് കേരളീയനും. ജനിച്ചു മൂന്നാം ദിവസം ഖാദറിന് അമ്മയെ നഷ്ടപ്പെട്ടിരുന്നു. വസൂരി രോഗം ബാധിച്ചു കിടക്കവെയായിരുന്നു പ്രസവം. ഗര്‍ഭസ്ഥശിശുവിനെ പൂര്‍ണവളര്‍ച്ചയെത്തും മുമ്പേ നശിപ്പിക്കാന്‍ ആ അമ്മ തയ്യാറായില്ല. ഒടുവില്‍ മകനു ജന്മം കൊടുത്ത്, ആ മുഖം കണ്ട് കൊതിമാറുമുന്നേ അവര്‍ ഭൂമിയില്‍ നിന്ന് വിടപറഞ്ഞു.ഓര്‍മ്മകള്‍ തിടംവയ്ക്കുമ്പോഴേക്കും, അഭയാര്‍ത്ഥി പ്രവാഹത്തിലെ അംഗമായി. രണ്ടാം ലോകയുദ്ധകാലത്തെ ഭീകരാന്തരീക്ഷത്തില്‍, ബര്‍മക്കാര്‍ക്കു വിട്ടുകൊടുക്കാതെ, അമ്മയുടെ കുടുംബക്കാര്‍ക്കു പോറ്റാന്‍ കൊടുക്കാതെ, മകനെയും ചുമലിലേന്തി പിതാവ് മലബാറിലെ തന്റെ ഗ്രാമത്തിലേക്ക് എത്തിച്ചേര്‍ന്നു.


അങ്ങനെ സ്വാതന്ത്ര്യത്തിന് മുമ്പേ ബാപ്പയുടെ നാടായ കൊയിലാണ്ടിയിലെത്തിയ ആ ബാലന്റെ കുട്ടിക്കാലം രണ്ടാനമ്മയുടെ വീട്ടിലായിരുന്നു. കുറെ അംഗങ്ങളുള്ള, ആള്‍ തിരക്കുള്ള ആ വീട്ടില്‍ ഭാഷയറിയാതെ, പരിചയക്കാരില്ലാതെ മുറിയില്‍ ഒറ്റപ്പെട്ട് ആ കുട്ടി ജീവിച്ചു. ആ വലിയവീട്ടിലെ കിഴക്ക് ഭാഗത്തുള്ള ചായ്പ്പ് മുറിയില്‍ കഴിച്ചു കൂട്ടിയ ഏകാന്ത രാത്രികളിലെ ഇരുട്ടും നിഴലുകളും പേടിപ്പെടുത്തുന്നതായിരുന്നെന്ന് ഓര്‍മ്മകളില്‍ അ്‌ദ്ദേഹം പറഞ്ഞുവെക്കുന്നുണ്ട്. പിന്നീട് ചു്റ്റുമുള്ള കാഴ്ചകളെയും, കേള്‍വികളെയും വീക്ഷിച്ചുകൊണ്ട് അതില്‍ പൊരുത്തപ്പെടാന്‍ ആ കുട്ടി ശീലിച്ചു. ബര്‍മയില്‍ നിന്ന് കേരളത്തിലേക്ക് പറിച്ചു നട്ടപ്പോള്‍ ചെറുപ്പകാലത്തുണ്ടായ ക്ലേശകരമായ അനുഭവങ്ങളില്‍ നിന്നാണ് അദ്ദേഹം എഴുത്തുകാരനായത് എന്ന് അടുത്തിടെ അ്‌ദ്ദേഹത്തെപ്പറ്റി മാതൃഭൂമിയുടെ എംഡിയായ പി.വി. ചന്ദ്രന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

കുട്ടിക്കാലത്ത് സി.എച്ച്. മുഹമ്മദ് കോയയാണ് അദ്ദേഹത്തിന് ബാല്യകാലസഖി എന്ന കൃതി വായിക്കുവാന്‍ നല്‍കിക്കൊണ്ട് സാഹിത്യലോകത്തേക്കുള്ള അദ്ദേഹത്തിന്റെ പ്രവേശത്തിന് തുടക്കമിട്ടത്.
ജന്മദേശംപോലും സ്വന്തമെന്നു പറഞ്ഞ് എടുത്തുകാണിക്കാനില്ലെങ്കിലും ഖാദര്‍ മലയാളത്തില്‍ അഴകുള്ള ഒരു ദേശം സൃഷ്ടിച്ചെടുത്ത കഥാകൃത്താണ്.


ഉറയുന്ന അക്ഷരങ്ങളിലൂടെ, പള്ളിവാളിന്റെ മൂര്‍ച്ചയുള്ള പ്രയോഗങ്ങളിലൂടെ, നാട്ടുമൊഴി വഴക്കങ്ങളിലൂടെ ആ ചോരക്കിനിപ്പുകള്‍ ഉറഞ്ഞു കട്ട പിടിക്കാതെ കാലങ്ങളിലൂടെ പ്രവാഹം തുടരുമ്പോള്‍ മലയാണ്മയ്ക്ക് ഖാദര്‍ നന്ദി പറഞ്ഞിട്ടുണ്ട്. എന്നും കേരളീയന്‍ എന്ന് ഊറ്റം കൊണ്ടിട്ടുമുണ്ട്. ഇലയില്‍ വിളമ്പിയ ചോറ് കുഴച്ചുരുട്ടി വാരിയുണ്ണുമ്പോള്‍ വയര്‍ മാത്രമല്ല മനസ്സിലെ ഏതൊക്കെയോ സുവര്‍ണ്ണ കാമനകള്‍ കൂടി സഫലീകരിക്കപ്പെടുകയാണെന്ന് കൂടി അദ്ദേഹം പറഞ്ഞിട്ടുണ്ട്. എത്ര തന്നെ ഒഴിഞ്ഞു മാറിയകന്നു നിന്നാലും, നിറുത്തിയാലും താന്‍ കേരളീയന്‍ എന്ന് ആവര്‍ത്തിച്ചിട്ടുണ്ട്. ‘എന്റെ വീട്ടുമുറ്റത്തെ വയല്‍പാടത്തിന്നങ്ങേക്കരയിലെ ഉരണ്യേക്കാവിലമ്മയുടെ മേടവിളക്കിന്റെ നിറപൂര്‍ണിമയാണു മുന്തിയ പൊലിമയെന്നത്. എന്റെ ഒരു ഊറ്റമാണ്, പെരുമയാണ്.’


1984 ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ അദ്ദേഹത്തിന്റെ കൃതിയാണ് ‘തൃക്കോട്ടൂര്‍ പെരുമ’. തൃക്കോട്ടൂര്‍ എന്ന തന്റെ സ്വന്തം ദേശത്തുനിന്നുമാണ് ഖാദര്‍ ഇതിലെ മിക്ക കഥാപാത്രങ്ങളെയും കണ്ടെടുത്തിരിക്കുന്നത്. നാടന്‍പാട്ടുകളിലെ കടത്തനാടിനെയും, കോലത്തിരി നാടിനെയും, വയനാടിനെയും ഒരുപോലെ ഖാദറിന്റെ തൃക്കോട്ടൂര്‍ ‘ഐതിഹ്യത്തിന്റെ നാടായി’ വായനക്കാരുടെ ചിന്തകളില്‍ നിറം പകര്‍ന്നു നില്‍ക്കുന്നു. തൃക്കോട്ടൂരിലെ ഗ്രാമീണ കഥാപാത്രങ്ങളുടെ ജീവിതം യക്ഷികഥകളുടെ ഛായകള്‍ നേടിയെടുക്കുന്നു. നാലുഭാഗങ്ങളിലായി 11 ചെറുനോവലുകളുടെ സമാഹാരമാണ് തൃക്കോട്ടൂര്‍ പെരുമ.


തിരിയേഴും കത്തുന്ന വിളക്ക്, മുങ്ങിക്കുളിക്കാനെത്തും പെണ്ണുങ്ങള്‍, ദിക്കെട്ടിലും പ്രശസ്തന്‍, പറന്നുവെട്ടും കണ്ടര്‍മേനോന്റെ കൈവശക്കാരി, ചെന്തെങ്ങിന്‍ കുലപോലെ നിറഞ്ഞ സുന്ദരി എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ ഖാദറിന്റെ കലയ്ക്ക് വടക്കന്‍ പാട്ടുകളോടുള്ള രക്തബന്ധത്തിന്റെ തെളിവാണ്.

ഒന്നു നൂറാക്കി പെരുപ്പിച്ചു പറയുന്ന നാവാണ് തൃക്കോട്ടൂരിലെ ആണിനും, പെണ്ണിനുമുള്ളതെന്നു ഖാദര്‍ സാക്ഷ്യപ്പെടുത്തുന്നു. അവര്‍ കഥകള്‍ നീട്ടിപറയുന്നു. അവര്‍ പറയുന്ന കഥകള്‍ അടുക്കോടും, ചിട്ടയോടും കൂടി വായനക്കാര്‍ക്ക് സമ്മാനിക്കുകയാണ് ഖാദറിന്റെ ദൗത്യം. അദ്ദേഹവും ഈ കഥകളിലെ കഥാപാത്രവുമാണ്. എല്ലാം കേള്‍ക്കുകയും, കേട്ടതൊക്കെ, ഒരു വാക്കുപോലും നഷ്ടപ്പെടാതെ കഥയാക്കുകയും ചെയ്യുന്ന എഴുത്തുകാരന്‍. കോരപ്പുഴയ്ക്ക് വടക്കു ജീവിക്കുന്ന വടക്കേ മലബാറുകാരെക്കുറിച്ചുള്ള തൃക്കോട്ടൂര്‍ കഥകളിലെ ഭാഷ സാധാരണ നമ്മള്‍ പരിചയിച്ച എഴുത്തു ഭാഷയില്‍ നിന്നു വ്യത്യസ്തമാണ്. ഗദ്യമാണെങ്കിലും, വടക്കന്‍ പാട്ടുകളുടെ താളം ഓരോ വാക്കിലും തുളുമ്പുന്നു. ആവര്‍ത്തിച്ചു കേള്‍ക്കാന്‍ കൊതിക്കുന്ന പാട്ടുപോലെ ആ വരികള്‍ നമ്മെ മോഹിപ്പിക്കുന്നു. നാട്ടുകാരും, വീട്ടുകാരുമൊക്കെ സംസാരിക്കുന്ന വാമൊഴി ശൈലിയാണിത്. തൃക്കോട്ടൂരിന്റെ ചരിത്രമാണ് യു.എ. ഖാദര്‍ തന്റെ കഥകള്‍ക്കായി അന്വേഷിച്ചതും, എഴുതിയതും, വായിച്ചാലും, കേട്ടാലും മതിവരാത്ത തൃക്കോട്ടൂര്‍ കഥകളെ മലയാളി രണ്ട് കൈയും നീട്ടി സ്വീകരിച്ചു നെഞ്ചിലേറ്റി.


കഥയുടെ കേരളീയ അന്തരീക്ഷമാണ് തൃക്കോട്ടൂരിലൂടെ പുനരവതരിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചത്. അതുകൊണ്ട് മലയാള കഥാസ്വാദകര്‍ക്കിടയില്‍ ഒരു പുതിയ ഗ്രാമീണ മനോഭാവം സൃഷ്ടിക്കാന്‍ സാധിച്ചു എന്നതാണ് എന്റെ ഊറ്റം. ഖാദര്‍ പില്‍ക്കാലത്ത് പറഞ്ഞ വാക്കുകളാണിത്.


1956 ല്‍ നിലമ്പൂരിലെ ഒരു മരകമ്പനിയില്‍ ഗുമസ്ത ജോലി ചെയ്തുകൊണ്ടായിരുന്നു തുടക്കം. പിന്നീട് ദേശാഭിമാനി പത്രത്തിന്റെ സഹപത്രാധിപരില്‍ ഒരാളായി. ആകാശവാണി കോഴിക്കോട് നിലയത്തിലും, മെഡിക്കല്‍ കോളേജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മറ്റേണല്‍ ആന്റ് ചൈല്‍ഡ് ഹെല്‍ത്തിലും ഗവണ്‍മെന്റ് ആശുപത്രിയിലും ജോലിക്കാരനായി കഥാസമാഹാരങ്ങള്‍, ലേഖനങ്ങള്‍, നോവലുകള്‍ തുടങ്ങി 40 ല്‍ ഏറെ കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.


ജന്മത്താല്‍ മറുനാടനും, കര്‍മ്മത്താല്‍ തനിനാടനുമായ അദ്ദേഹം തന്റെ സാഹിത്യ സൃഷ്ടികളിലൂടെ നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, അബുദാബി അവാര്‍ഡ്, എസ്.കെ. പൊറ്റക്കാട്ട് അവാര്‍ഡ്, മലയാറ്റൂര്‍ അവാര്‍ഡ് സി.എച്ച്. മുഹമ്മദ് കോയ സാഹിത്യ അവാര്‍ഡുകള്‍ തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.


സ്വന്തം ദേശത്തിന്റെ പെരുമ അക്ഷരങ്ങളിലൂടെ ചരിത്രത്തിലേക്ക് കോറിയിട്ട് യാത്രയായ കഥാകാരന്‍ മണ്ണില്‍ നിന്ന് മറഞ്ഞാലും, മനസ്സില്‍ നിന്നും മായാത്ത യു.എ. ഖാദറായി മലയാളികള്‍ക്കിടയില്‍ ചിരഞ്ജീവിയായി ജീവിക്കും എന്നതില്‍ യാതൊരു തര്‍ക്കവുമില്ല.

Leave a Reply

Your email address will not be published. Required fields are marked *