പൊള്ളുന്ന ജീവിത യാഥാര്‍ത്ഥ്യവുമായി ഒരു കുറിപ്പ് ‘ചോറ്റുപാത്രം’
സ്കൂളില്‍കിട്ടുന്ന ഉച്ചകഞ്ഞിമാത്രം സ്കൂളില്‍ പോകുന്നവരായിരുന്നു നമ്മളില്‍ ഭൂരിഭാഗവും. യുപി സ്കൂളുവരെ മാത്രമേ ഉച്ച കഞ്ഞി ഉള്ളു. പൈപ്പിലെ വെള്ളം കുടിച്ചാണ് ഹൈസ്കുള്‍ കുട്ടികള്‍ ക്ലാസ്സില്‍ ഇരിക്കുക. സുമേഷ് കെജി എന്ന വ്യക്തിയുടെ ഫേസ് ബുക്ക് പോസ്റ്റ് വായിക്കുമ്പോള്‍ എത്തി നില്‍ക്കുക നമ്മുടെയൊക്കെ ബാല്യത്തിലാകും. അത്രമേല്‍ ഹൃദയസ്പര്‍ശിയായ ചോറ്റുപാത്രമെന്ന തലകെട്ടുകൊടുത്ത പോസ്റ്റിന് നിരവധി കമന്‍റുകളും ലൈക്കുകളും ലഭിച്ചുകഴിഞ്ഞു.
സുമേഷ് കെ.ജിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ചോറ്റുപാത്രം… എന്റെ സ്കൂൾ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു… ഒരു ദിവസമെങ്കിൽ ഒരുദിവസം സ്കൂളിൽ ചോറ് കൊണ്ടുപോയി കഴിക്കണം…. ഞങ്ങളെ സംബന്ധിച്ച് അത് അത്ര നിസാര കാര്യം ആയിരുന്നില്ല.. എന്നും രാവിലെ ആറ് മണിക്കുള്ള ‘പത്മപ്രിയ ‘ബസിനു അമ്മ മീൻ എടുക്കാൻ അഴിക്കലിലേക്ക് പോകും.. പോകുന്നതിനു മുൻപ് കട്ടൻ ചായ തിളപ്പിച്ച് ഇട്ടിരിക്കും.. മിക്കപ്പോഴും മധുരം ഒന്നും ഉണ്ടാകാറില്ല ..അതുകൊണ്ട് പിള്ളേർ(അനിയത്തി മാർ ) കുടിക്കില്ല..ചിലപ്പോൾ ഒരു കഷണം ശർക്കര ഉണ്ടാകും ..അതിൽ ഒന്ന് നക്കും ഒരിറക്ക് കട്ടനും …അടിപൊളി കോംബോ… പിള്ളേര് കട്ടൻ കളഞ്ഞിട്ട് ശർക്കര മാത്രം കഴിക്കും… രാവിലെ കഴിക്കാൻ പഴഞ്ചോറ് ഉണ്ടാകും.. പഴഞ്ചോറ് എന്ന് പറഞ്ഞാൽ നിസാര സാധനം ഒന്നുമല്ല.. തലേ ദിവസം മീൻ കറി വെക്കുന്ന ചട്ടിയിൽ മീൻ പെറുക്കി മാറ്റിയിട്ട് ചോറ് ചട്ടിയിൽ നിറയ്ക്കും അതിന് മുകളിൽ രണ്ടുമൂന്നു തുള്ളി വെളിച്ചെണ്ണ തൂവും ..ശേഷം മീനും പെറുക്കി വെച്ച് മൂടി ചട്ടി കൊണ്ട് അടച്ചു അടുപ്പിൽ വെക്കും അടപ്പിലെ കനലിൽ കിടന്ന് ഡ്രൈയാകും… ഇന്ന് മുന്തിയ ഹോട്ടലുകളിൽ കിട്ടുന്ന ഫ്രൈഡ്റൈസ് ആ പഴഞ്ചോറിന്റെ രുചിക്ക് മുന്നിൽ ഒന്നുമല്ല.. അത് കഴിക്കുമ്പോൾ ഒരു സുഖമുള്ള തണുപ്പ് അന്നനാളത്തിലൂടെ ആമാശത്തിലേക്ക് പ്രവേശിക്കുന്നത് കൃത്യമായി അറിയാൻ പറ്റും.. ദേഹം മുഴുവൻ ഒരു തണുപ്പ് പടരും… ശരീരത്തിലെ ഓരോ രോമവും എഴുന്നേറ്റു നിൽക്കും…രാവിലെ പിള്ളേരെ റെഡിയാക്കിയതിനു ശേഷം ചട്ടിയിലെ ചോറ് കുഴച്ചു മൂന്ന് പേരും കഴിച്ചിട്ട് സ്കൂളിലേക്ക് പോകും.. പിള്ളേർക്ക് സ്കൂളിൽ നിന്നും കഞ്ഞി കിട്ടും ..അന്ന് ഹൈ സ്കൂളിൽ കഞ്ഞി ഇല്ല.. അതുകൊണ്ട് നാലുമണിക്ക് തിരിച് വരും വരെ ഉള്ള കീറ് ആണ് നമ്മൾ കീറിയിരിക്കുന്നത്…എവിടെന്ന്.. ?എന്നാലും ഒരുമണി ആകുമ്പോൾ അനുസരണയില്ലാത്ത വയറ് അലമ്പ് കാട്ടി തുടങ്ങും… പിള്ളേര് അങ്ങനെ ചോറ്റുപാത്രവും ഒക്കെ തൂക്കി പിടിച്ച് ഒരു പോക്കാണ്… “അണ്ണൻ ഉച്ചക്ക് ഞങ്ങളുടെ ക്ലാസ്സിലോട്ട് വരുമോ.. ?””ഞാൻ കുടിച്ചുകഴിഞ്ഞു കഞ്ഞി വാങ്ങി വെച്ചേക്കാം… “”വേണ്ടാ.. നിങ്ങളെ ടീച്ചർ വഴക്ക് പറഞ്ഞാലോ.. “പക്ഷെ ഞാൻ പോകാറില്ല… കാരണം അവളുമാര് രണ്ടുപേരും കൂടി ഒരാളുടെ കഞ്ഞി കുടിക്കും ബാക്കി ഒരണ്ണമാണ് എനിക്ക് വേണ്ടി വെക്കുന്നത്…”വേണ്ട നിങ്ങൾ കുടിച്ചാൽ മതി ഞാൻ കഞ്ഞിപെരയിൽ നിന്ന് കുടിച്ചേക്കാം…. “ഉച്ചക്ക് സ്കൂൾ വിട്ടാലും വീട്ടിൽ പോകാതെ കറങ്ങി നടക്കുന്ന എന്നേ പോലുള്ള മൂന്നാല് പേരുണ്ട്…ഉച്ചക്ക് വീട്ടിൽ പോയിട്ട് വെറുതെ അവിടെ വരെ നടക്കാമെ ന്നല്ലാതെ വേറെ കാര്യം ഒന്നുമില്ല.. ചെറിയ ക്ലാസ്സുകളിൽ കഞ്ഞി എത്തിക്കുക, അരിയും പയറും സ്റ്റോറിൽ നിന്ന് എടുത്ത് കൊണ്ടുവരാൻ സഹായിക്കുക തുടങ്ങിയ ചില്ലറ സഹായം ഞങ്ങൾ കഞ്ഞി പുരയിൽ ചെയ്തു കൊടുക്കും… കഞ്ഞി വെക്കുന്ന അമ്മച്ചി ഒരു പാവം ആണ്.. ഞങ്ങൾക്ക് പുള്ളിക്കാരി കഞ്ഞി തരും..അങ്ങനെയിരിക്കെ ഒരു ദിവസം പിള്ളേർക്ക് ക്ലാസ്സിൽ പോകേണ്ടാത്ത സാഹചര്യം വന്ന്.. ചോറ്റു പാത്രം രണ്ടും നാളെ ഫ്രീ ആണ് ..തലേന്ന് തന്നെ സ്കൂളിൽ ചോറ് കൊണ്ടുപോകാൻ പ്ലാൻ ചെയ്ത്.. അമ്മയോട് പറഞ്ഞു”അമ്മേ.., എനിക്ക് നാളെ സ്കൂളിൽ ചോറ് കൊണ്ട് പോണം.. “”ചട്ടിയിൽ ഇട്ടു വെക്കേണ്ട കലത്തിൽ തന്നെ വെച്ചാൽ മതി.. “അമ്മ പറഞ്ഞു.. “ചിലപ്പോൾ ഉച്ചയാകുമ്പോൾ വളിച്ചു പോകും… പൊട്ടത്തരം കാട്ടല്ലേ .””അമ്മ വേറൊരിക്കല് വെച്ച് തരാം.. ഇത് രാവിലെ നീ കഴിച്ചിട്ട് പോ” എന്ന്… ”ഇല്ല.. എനിക്ക് കൊണ്ട് പോണം… ”എന്നിലെ പിടിവാശിക്കാരൻ കുട്ടി സമ്മതിച്ചില്ല..”ശരി അനുഭവിക്കുമ്പോൾ പഠിക്കും “എന്ന് അമ്മ… ചോറ് കൊണ്ടുപോയി കൂട്ടുകാരുടെ കൂടെ ഇരുന്ന് കഴിക്കുന്നതൊക്കെ സ്വപ്നം കണ്ട് കിടന്ന് ഉറങ്ങി.. രാവിലെ എഴുന്നേറ്റു.. അമ്മ പണിക്ക് പോയി… പിള്ളേരെ എഴുന്നേൽപ്പിച്ചു റെഡിയാക്കി ചോറ് കൊടുത്തു.. എന്റെ പങ്ക് ഒരു ചോറ്റു പാത്രത്തിൽ ആക്കി.. ചോറിന്റെ പുറത്ത് മാങ്ങാ ഇട്ട് തേങ്ങാ അരച്ച് വെച്ച കൂരി കറിയും വെച്ച് പാത്രം അടച്ചു ..സ്കൂളിലേക്ക് വെച്ച് പിടിച്ചു.. ഉച്ചക്ക് കൂട്ടുകാരുടെ കൂടെ ഇരുന്ന് കഴിക്കുന്ന ത്രില്ലിൽ രാവിലെ ഒന്നും കഴിക്കാത്തത് നമ്മളെ ബാധിച്ചതേയില്ല… കൂട്ട്കാരെ ഒക്കെ ചോറ്റുപത്രം പൊക്കി കാണിച്ചു ഗമയിൽ അങ്ങനെ സ്കൂളിൽ എത്തി.. അപ്പോൾ നമ്മുടെ ചങ്ക്.. (കഞ്ഞി പുരയിലെ ഒളിച്ചു കഞ്ഞി കുടി ടീമിലെ ഒരംഗം ആണ് ) “ഇന്ന് കഞ്ഞി കുടിക്കാൻ പാത്രവും കൊണ്ടാണോ വന്നത്.. “” ഒന്ന് പോടാ.. ഇത് ചോറാണ്.. ചോറ്… “”ആണോ ..ഭാഗ്യവാൻ… ” അവന്റെ കമന്റ്… എങ്ങനെയെങ്കിലുംഒന്ന് ഉച്ചയായാൽ മതി എന്ന ചിന്തയിൽ ക്ലാസിൽ പഠിപ്പിച്ചതൊന്നും ശ്രദ്ധയിൽ പെട്ടില്ല..അങ്ങനെ കൊതിച്ച്,, വിശന്ന് ..അണ്ണാക്ക് തള്ളി ഇരിക്കുമ്പോൾ ഉച്ചക്ക് ഉള്ള മണി അടിച്ചു.. ഹൃദയം പടപടാ മിടിച്ച്.. ഓടിച്ചെന്ന് ചോറ്റുപാത്രം എടുത്ത്..എല്ലാവരും കൂടെ സ്കൂൾ വരാന്തയിലും മരത്തണലിലും ഒക്കെ ഇരുന്നു.. പക്ഷെ……ഞാൻ മാത്രം എവിടെയും ഇരുന്നില്ല.. കാരണം ..നമ്മുടെ ചോറ്റുപാത്രത്തിന് ഒരു മണം.. ഒരുകാര്യം വേദനയോടെ മനസിലാക്കി ..സാധനം വളിച്ചു… ഞാൻ പള്ളിപ്പടിയിൽ ഇരുന്ന് കഴിക്കാൻ പോകുന്നു എന്ന് പറഞ്ഞ്.. സെമിത്തേരിയുടെയും പള്ളിയുടെയും ഇടയിലേക്ക് പോയി… ആ ഭാഗത്ത് നിന്ന് പള്ളിയിലേക്ക് കേറുന്ന പടിയിൽ ഇരുന്ന്.. ലക്ഷ്യം ഒന്നുമാത്രം ആയിരുന്നു അധികം വളിച്ചിട്ടില്ലെങ്കിൽ എങ്ങനെയെങ്കിലും ഇത് കഴിക്കണം.. വിശപ്പ് സഹിക്കാൻ പറ്റുന്നില്ല… തലേദിവസം രാത്രി ആഹാരം കഴിച്ചതാണ്..പത്ത് പതിനേഴു മണിക്കൂർ ആയി എന്തെങ്കിലും കഴിച്ചിട്ട്… ചോറ്റുപാത്രം തുറന്നപ്പോൾ ഒരു മണം എന്റെ മുഖത്തേക്ക് അടിച്ചു വന്ന്… ഇപ്പോഴും ഓർക്കുമ്പോൾ തല മരവിക്കും… ചോറ് സെമിത്തേരിയുടെ പുറകിലെ പുല്ലിൽ കളഞ്ഞിട്ട് കുളത്തിൽ പോയി പാത്രം കഴുകി ..തിരിച് ക്ലാസ്സിലേക്ക്…. മുഖം വാടി.. .കണ്ണ് നിറഞ്ഞ്… ഇനി നാല് മണി കഴിഞ്ഞു വിട്ടിൽ ചെന്നാലേ ആഹാരം കിട്ടുകയുള്ളു…. എന്നിൽ അവശേഷിച്ചിരുന്ന അല്പം അഹങ്കാരവും അതോടെ ശമിച്ചു… പിന്നീട് ഒരിക്കലും പ്രായോഗികമല്ലാത്ത ഒരു കാര്യത്തിനും ശ്രമിച്ചിട്ടില്ല…. സ്നേഹം പൂർവ്വം സുമേഷ്.K.R AKG