വില 2400 രൂപ; അലക്ക് കല്ല് കച്ചവടം പൊടിപൊടിക്കുന്നു
വസ്ത്രങ്ങള്‍ അലക്ക് കല്ലില്‍ അലക്കി പിഴിഞ്ഞ് വെയിലത്തിട്ടുണക്കുന്ന കാഴ്ച്ചകള്‍ നാട്ടിന്‍ പുറങ്ങളില്‍ ഇപ്പോഴും സുലഭമാണ്. നഗരത്തിലെ അലക്ക് സംസ്‌കാരം വാഷിങ് മെഷിനുകളിലേയ്ക്ക് മാറിയിട്ട് കാലങ്ങള്‍ ഏറെയായി. നഗരത്തിലെ ഫഌറ്റുകളിലും വീടുകളിലുമെല്ലാം വാഷിങ് മെഷിനുകള്‍ ഇടംപിടിച്ചെങ്കിലും അലക്ക് കല്ലിനും സ്ഥാനമുണ്ടെന്ന് തിരിച്ചറിവാണ് കൊച്ചി കത്രൃക്കടവ് സ്വദേശി ഷൈന്‍ ജോസിനെ വ്യത്യസ്ത കച്ചവടത്തിലേയ്ക്ക് കൈ പിടിച്ച് നടത്തിയത്. പ്രത്യേക സ്റ്റാന്‍ഡില്‍ എടുത്ത് വച്ച് മനോഹരമായി പെയിന്റ് ചെയ്താണ് ഷൈന്‍ അലക്ക് കല്ലുകള്‍ കച്ചവടം ചെയ്യുന്നത്. ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറായ ഷൈന്‍ ലോക്ഡൗണിനെ തുടര്‍ന്ന് വരുമാനം നിലച്ചതോടെയാണ് വേറിട്ടൊരു കച്ചവടത്തിന് ഇറങ്ങി തിരിച്ചത്. ഇത് എത് രീതിയില്‍ ചെന്നെത്തുമെന്ന് ആശങ്കയുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ കാര്യങ്ങള്‍ ഉഷാറായി പോകുന്നതിന്റെ സന്തോഷത്തിലാണ് ഷൈന്‍. കതൃക്കടവ് സെന്റ് ഫ്രാന്‍സീസ് പള്ളിക്ക് പിന്നിലുളള ഷൈനിിന്റെ വീട്ടില്‍ തന്നെയാണ് അലക്ക് കല്ലുകള്‍ കച്ചവടത്തിനായി തയാറാക്കിയിരിക്കുന്നത്. കര്‍ണാടകയില്‍ നിന്നാണ് ഇതിന് ആവശ്യമായ കല്ലുകള്‍ എത്തിക്കുന്നത്. അവിടെ നിന്ന് തന്നെ ചെത്തി മിനിക്കി ലോറിയില്‍ കൊച്ചിയിലെത്തിക്കുന്നു. പിന്നീട് സ്റ്റാന്‍ഡും പൈപ്പ് കല്ലുമായി ചേര്‍ത്തുവച്ചാണ് ആവശ്യക്കാര്‍ക്ക് വില്‍ക്കുന്നത്. രണ്ട് അളവിലാണ് അലക്ക് കല്ലുകള്‍ ഇവിടെ നിന്ന് നല്‍കുന്നത്. 30 സെന്റിമീറ്റര്‍ നീളമുള്ള കല്ലിന് വില 2400 രൂപയാണ്. 40 സെന്റീമീറ്റര്‍ നീളമാണെങ്കില്‍ വില 2700ല്‍ എത്തും. അലക്ക് കല്ല് തേടി ദൂരദേശത്ത് നിന്ന് പോലും ആളുകള്‍ ഇവിടേയ്ക്ക് എത്താറുണ്ടെന്ന് ഷൈന്‍ പറഞ്ഞു. കൂടുതലും വില്‍ക്കുന്നത് കൊച്ചി നഗരത്തിനുള്ളിലെ ഫഌറ്റുകളിലേയ്ക്കും മറ്റ് വീടുകളിലേയ്ക്കുമാണ്. എളുപ്പത്തില്‍ എടുത്ത് മാറ്റുവാനും എടുത്തുവയ്ക്കുവാനും സാധിക്കുന്ന അലക്ക് കല്ലുകള്‍ക്ക് ബാത്‌റൂമിനുള്ളില്‍ തന്നെ അധികം സ്ഥലം ആവശ്യമില്ല. ഷൈന്‍ ജോസിന്റെ ഫേസ്ബുക്ക് പേജിലൂടെയും കല്ലുകള്‍ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.