ഇന്ന് ലോക നാളികേരദിനം;തേങ്ങയുടെ ഈ ഗുണങ്ങള്‍ നിങ്ങള്‍ക്കറിയാമോ
തേങ്ങ ഉപയോഗിക്കാത്ത ഒരു ദിവസം പോലും ചിലപ്പോൾ നമ്മൾ മലയാളികളുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടാവില്ല. നാളികേരം വളരെ ആരോഗ്യകരമാണ് എന്ന് മാത്രമല്ല, അതിന്റെ ഭാഗങ്ങളെല്ലാം പല കാര്യങ്ങൾക്കായി നാം ഉപയോഗിക്കാറുമുണ്ട്.സെപ്റ്റംബർ 2നാണ് ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ലോക നാളികേര ദിനം ആഘോഷിക്കുന്നത്. പ്രകൃതിയുടെ ഏറ്റവുംമഹതത്തായ ഭക്ഷണങ്ങളിൽ ഒന്നായാണ് നാളികേരം അറിയപ്പെടുന്നത്.
കൂടാതെ തേങ്ങ പൂജകൾക്കും മറ്റും ഉപയോഗിക്കുകയും രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രസാദമായി തേങ്ങ നൽകുകയും ചെയ്യാറുണ്ട്. മധുര പലഹാരങ്ങൾ, കറികൾ, ചട്നികൾ എന്നിവ ഉണ്ടാക്കാൻ ഉണക്ക തേങ്ങ ഉപയോഗിക്കുന്നു. ഈ സൂപ്പർ-ഫുഡിന്റെ ഉപയോഗങ്ങൾ ഇവിടെ അവസാനിക്കുന്നില്ല ഭക്ഷണത്തിൽ തീർച്ചയായും വെളിച്ചെണ്ണ ഉപയോഗിക്കണമെന്നാണ് സസ്യാഹാരം മാത്രം കഴിക്കുന്നവരുടെ വാദം. വെളിച്ചെണ്ണ പാലുൽപ്പന്നങ്ങൾക്ക് ഒരു മികച്ച പകരക്കാരനാണെന്നും ചിലർ പറയുന്നു.
ഉയർന്ന അളവിലുള്ള ഗ്ലൂക്കോസ് അടങ്ങിയിട്ടുള്ളത് കാരണം തേങ്ങാവെള്ളം കുടിക്കുന്നത് നമുക്ക് തൽക്ഷണ ഊർജ്ജം നൽകുന്നുവെങ്കിൽ, അതിന്റെ അകത്തെ കാമ്പ് മധുരപലഹാരങ്ങളും രുചികരമായ വിഭവങ്ങളും ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. മനുഷ്യർക്ക് ഉപജീവനത്തിന് ആവശ്യമായ എല്ലാം നൽകുന്ന ഒരു കല്പവൃക്ഷം എന്നാണ് തെങ്ങിനെ നമ്മൾ വിളിക്കുന്നത് പോലും.
ശരീരത്തിലെ പല പ്രവർത്തനങ്ങൾക്കും സഹായകമാകുന്ന നാരുകൾ, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ തേങ്ങയിൽ അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, കൊളസ്ട്രോൾ എന്നിവയുടെ മെറ്റബോളിസം മെച്ചപ്പെടുത്തുവാനും അസ്ഥികളുടെ ആരോഗ്യത്തിനും അത്യാവശ്യമായ മാംഗനീസിന്റെ സമ്പുഷ്ടമായ ഉറവിടം കൂടിയാണ് തേങ്ങ. എന്തിനധികം, ഇതിൽ ആരോഗ്യകരമായ അളവിൽ ചുവന്ന രക്താണുക്കളുടെ രൂപവത്കരണത്തിന് സഹായിക്കുന്ന ചെമ്പ്, ഇരുമ്പ് എന്നിവയും, ആന്റിഓക്‌സിഡന്റായ സെലിനിയവും അടങ്ങിയിട്ടുണ്ട്.
തേങ്ങ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. വാസ്തവത്തിൽ, വെളിച്ചെണ്ണ ശരീരത്തിലെ കൊളസ്ട്രോൾ ആരോഗ്യകരമായ അളവിൽ നിലനിർത്തുന്നതിനും വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും നല്ലതാണെന്ന് അറിയപ്പെടുന്നു. വയറിലെ അമിത കൊഴുപ്പ് പ്രമേഹത്തിനും ഹൃദ്രോഗത്തിനും ഉള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
തേങ്ങയിൽ നാരുകളും കൊഴുപ്പും കൂടുതലാണ്, എന്നാൽ കാർബോഹൈഡ്രേറ്റുകളുടെ സാന്നിധ്യം കുറവാണ്. അതിനാൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ ഇത് സഹായിക്കും.തേങ്ങയിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള അർജിനൈൻ ബീറ്റാ സെൽ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. തേങ്ങയിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള ഫൈബർ അഥവാ നാരുകൾ ദഹന പ്രക്രിയയെ മന്ദീഭവിപ്പിക്കുകയും ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്തുകയും ചെയ്യും, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമാക്കുവാൻ സഹായിക്കുന്നു.
കോശങ്ങളെ ഓക്സിഡേറ്റീവ് നാശത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായി സഹായകരമെന്ന് അറിയപ്പെടുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകൾ തേങ്ങയിൽ ഉൾപ്പെടുന്നു. നാളികേരത്തിൽ കാണപ്പെടുന്ന ഫിനോളിക് സംയുക്തങ്ങളിൽ ഗാലിക് ആസിഡ്, കഫിക് ആസിഡ്, സാലിസിലിക് ആസിഡ്, പി-കൊമാറിക് ആസിഡ് എന്നിവ ഉൾപ്പെടുന്നു. ഇവ ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുകയും കോശങ്ങളുടെ നാശത്തിൽ നിന്ന് സംരക്ഷിക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ശരീരഭാരം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് കലോറി നിയന്ത്രിച്ച് രുചിയുള്ള ഭക്ഷണം കഴിക്കാനുള്ള ഉത്തമ മാർഗ്ഗമാണിത്. ഗോതമ്പ് മാവിന് പകരമായി തേങ്ങ മാവ് ഉപയോഗിക്കാറുണ്ട് ചിലർ. ഇത് ഗ്ലൂട്ടൺ രഹിതവും, പൂർണ്ണ സസ്യാഹാരം കഴിക്കുന്ന, കാർബോഹൈഡ്രേറ്റ് കുറച്ച് കഴിക്കുന്ന ആർക്കും കഴിക്കാവുന്ന ഒരു ഉത്തമ ഭക്ഷണം കൂടിയാണ്.