പട്ടേലും ഇന്ദിരയും വർത്തമാന ഇന്ത്യയിലും പ്രസക്തർ; ചരിത്രം തിരുത്താനാവില്ല

കടപ്പാട്: സുധാമേനോന്‍ ഫേസ്ബുക്ക് പോസ്റ്റ്

എല്ലാ വിമര്‍ശനങ്ങള്‍ക്കും, കുറ്റപ്പെടുത്തലുകള്‍ക്കും, വിയോജിപ്പുകൾക്കും അപ്പുറം ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യാചരിത്രത്തില്‍ അനന്യമായ ശോഭയോടെ ജ്വലിച്ചു നിന്നിരുന്ന രണ്ടു വന്മരങ്ങള്‍ ആയിരുന്നു സര്‍ദാര്‍ പട്ടേലും ഇന്ദിരാഗാന്ധിയും.. പട്ടേല്‍ മരണം വരെ ഗാന്ധിയനും കോണ്‍ഗ്രസ്സുകാരനും മാത്രമായിരുന്നു. അദ്ദേഹത്തിന്റെ പൈതൃകം ഉളുപ്പില്ലാതെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്ന വര്‍ഗീയവാദികള്‍ അവകാശപ്പെടുന്നത് പോലെ ഒരു കാലത്തും അദ്ദേഹം ഭൂരിപക്ഷ ഹൈന്ദവവര്‍ഗീയതയുമായി സന്ധി ചെയ്തിട്ടില്ല. നേരേമറിച്ചു, ശ്യാമപ്രസാദ് മുഖർജിക്ക് അയച്ച കത്തിലും മറ്റു ഔദ്യോഗികരേഖകളിലും ഗാന്ധിവധത്തിലേക്ക് വഴി തെളിയിച്ച സാഹചര്യം മുൻനിർത്തി RSS നെയും സവർക്കറിനെയും അതിനിശിതമായി കുറ്റപ്പെടുത്തുന്നുണ്ട്. മാത്രമല്ല, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കണ്ട ഏറ്റവും സമർത്ഥനായ സംഘാടകരിൽ ഒരാൾ ആയിരുന്നു പട്ടേൽ.

ഖേഡ, ബർദോളി സത്യാഗ്രഹങ്ങളെ ജനകീയ സമരം ആക്കി മാറ്റി വിജയിപ്പിച്ചു എന്നത് മാത്രമല്ല അതിന് കാരണം. 1921 ലെ നാഗപ്പൂർ സമ്മേളനത്തിൽ വെച്ച് കോൺഗ്രസ്സിനെ വരേണ്യസംഘടന എന്നതിൽ നിന്ന് മാറി ഒരു തൊഴിലാളികളും കർഷകരും അടങ്ങുന്ന നാലണ മെമ്പർമാരുടെ ഒരു വിശാല ജനകീയസംഘടന ആക്കി മാറ്റാൻ ഗാന്ധിജി തീരുമാനിച്ചപ്പോൾ പട്ടേൽ ഗ്രാമങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസിനെയും നിസ്സഹകരണപ്രസ്ഥാനത്തെയും സജീവവും ചലനാത്മകവുമാക്കി. മൂന്നുലക്ഷം അംഗങ്ങളെയാണ് പട്ടേൽ പുതുതായി ചേർത്തത്. ഒപ്പം പാർട്ടി ഫണ്ടിലേക്ക് പതിനഞ്ച് ലക്ഷത്തിലേറെ രൂപയും! അക്കാലത്തു അത് ചെറിയ തുകയല്ല. 1931ഇൽ കറാച്ചി സമ്മേളനത്തിൽ ആണ് പട്ടേൽ കോൺഗ്രസ്സ് അധ്യക്ഷൻ ആകുന്നത്.

ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു കർഷക- ഗ്രാമീണ പശ്ചാത്തലത്തിൽ നിന്നുള്ള ഒരു നേതാവ് കോൺഗ്രസ്സ് പ്രസിഡന്റ് ആയത്. ഇന്ത്യൻ സാമൂഹ്യ- രാഷ്ട്രീയ വ്യവസ്ഥയിൽ കർഷകർക്ക് സമുന്നതമായ സ്ഥാനം ഉണ്ടായിരിക്കണം എന്ന് എപ്പോഴും ആഗ്രഹിച്ച, അതിനായി പോരാടിയ, സർദാർ വല്ലഭായി പട്ടേൽ ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കിൽ കർഷകസമരത്തിന്റെ മുന്നിൽ മോഡിക്കെതിരെ സമരം ചെയ്യാൻ ഉണ്ടായിരുന്നേനെ!

ഇന്ത്യ മുഴുവനുമുള്ള കർഷകരെയും കോൺഗ്രസ്സ് പ്രസ്ഥാനത്തെയും ഒരു മഹാസമരത്തിന് സജ്ജരാക്കുമായിരുന്നു. ആ സർദാർ പട്ടേലിന്റെ പൈതൃകത്തെ ആണ് സംഘപരിവാർ യാതൊരു മനസാക്ഷികുത്തും ഇല്ലാതെ ഇന്ന് സ്വന്തമാക്കാൻ ശ്രമിക്കുന്നത്. കർഷകർക്കും കൃഷിക്കും ഒപ്പമായിരുന്നു ഇന്ദിരാഗാന്ധിയും. ഹരിതവിപ്ലവത്തിലൂടെ ഇന്ത്യക്കു ഭക്ഷ്യസുരക്ഷ ഉറപ്പിച്ച ഇന്ദിരാഗാന്ധിയാണ്, ബാങ്ക് ദേശസാല്ക്കരണത്തിലൂടെ ഇന്ത്യൻ ഗ്രാമീണകർഷകർക്ക് വായ്പ ഉറപ്പാക്കിയത്. വിയറ്റ്നാം യുദ്ധത്തിൽ അമേരിക്കക്കു എതിരെ ഇന്ദിരാ ഗാന്ധി ശക്തമായ നിലപാട് എടുത്തതിൽ പ്രതിഷേധിച്ചു കൊണ്ടാണ് ‘പിച്ചച്ചട്ടിയുമായി തെണ്ടാനിറങ്ങിയ’ ഇന്ത്യൻ പ്രധാനമന്ത്രിയെ തകർക്കാൻ അമേരിക്ക PL 480 വഴിയുള്ള ഭക്ഷ്യസഹായം വളരെ പതുക്കെ ആക്കിയത്. ഇന്ദിര ആ ചതിക്ക് പകരം വീട്ടിയത് ഹരിതവിപ്ലവത്തിലൂടെയും. ബംഗ്ളാദേശ് യുദ്ധവും, അഭയാർത്ഥി പ്രവാഹവും, രണ്ടു ക്ഷാമവും, ഓയിൽ പ്രതിസന്ധിയും ചേർന്നുണ്ടാക്കിയ തീരാദുരിതങ്ങൾക്കിടയിലും ഇന്ത്യയിലെ ഭക്ഷ്യോത്പാദനം 1971 ൽ 35% വർധിച്ചത് അതുകൊണ്ടായിരുന്നു.

അമേരിക്കയെ വെല്ലുവിളിച്ചു കൊണ്ട് സ്വതന്ത്രമായ വിദേശനയം പിന്തുടരാൻ ഇന്ത്യയെ സഹായിച്ചത് ഈ ഭക്ഷ്യസ്വയം പര്യാപ്തത തന്നെ ആയിരുന്നു. ഒപ്പം ശാസ്ത്രസാങ്കേതികരംഗത്ത് സമാനതകൾ ഇല്ലാത്ത കുതിച്ചു ചാട്ടത്തിനും സ്ഥാപനങ്ങൾ കെട്ടിഉയർത്തുന്നതിലും ഇന്ദിരാഗാന്ധി വഹിച്ച പങ്ക് നിസ്തുല്യമാണ്. വിക്രം സാരാഭായ് അപ്രതീക്ഷിതമായി മരിച്ച അടുത്ത നിമിഷത്തിൽ തന്നെ സതീഷ് ധവാനെപോലുള്ള പ്രതിഭാശാലിയായ പിൻഗാമിയെ കണ്ടെത്താനും, പിന്നീട് ഇന്ത്യൻ സ്‌പേസ് ഗവേഷണരംഗത്തു അസൂയാവഹമായ നേട്ടങ്ങൾ ഉണ്ടാക്കാനും അവർക്കു കഴിഞ്ഞത് പിതാവിന്റെ ശാസ്ത്രബോധം ഒരു പരിധിവരെ അവർ ഉൾക്കൊണ്ടത് കൊണ്ടാണ്. അത് പോലെ പരിസ്ഥിതി ചൂഷണത്തെ എല്ലായ്പ്പോഴും അവർ എതിർത്തിരുന്നു.

പാരിസ്ഥിതിക നയങ്ങളിൽ കൃത്യമായ ജാഗ്രത പുലർത്താൻ അവർ എന്നും ശ്രദ്ധിച്ചിരുന്നു. അതോടൊപ്പം എക്കാലത്തും പ്രതിഭയെയും അറിവിനെയും അംഗീകരിക്കാനും അവർ മടിച്ചില്ല. ഇന്ദിരാഗാന്ധിയെ അടിയന്തിരാവസ്ഥയുടെ കാലത്തു നിരന്തരം എതിർത്ത കാമ്പസ് ആയിരുന്നു JNU. 1977ൽ സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിൽ ഉള്ള വിദ്യാർഥികൾ പ്രതിഷേധിച്ചപ്പോൾ ചാൻസലർ സ്ഥാനം വരെ രാജി വെക്കാൻ തയ്യാറായ ഇന്ദിരാജി ഒരിക്കലും ജെഎൻയു വിന്റെ മൗലിക സ്വഭാവം നശിപ്പിക്കാനോ, സ്വതന്ത്ര ചിന്തയുടെ രാഷ്ട്രീയത്തെ ഉന്മൂലനം ചെയ്യാനോ ശ്രമിച്ചിട്ടില്ല എന്നോർക്കണം.

ചുരുക്കത്തിൽ നമ്മൾ ഇന്ന് ഓർമ്മിക്കുന്ന ഈ രണ്ടു മനുഷ്യരും സമാനതകള്‍ക്കോ താരതമ്യങ്ങൾക്കോ സാധ്യത ഇല്ലാത്ത വ്യക്തിത്വങ്ങള്‍ ആണെങ്കിലും സമകാലിക ഇന്ത്യയില്‍ സര്‍ദാര്‍ പട്ടേലിന്റെയും ഇന്ദിരാഗാന്ധിയുടെയും ഓര്‍മകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. പ്രത്യേകിച്ചും, കര്‍ഷകസമരത്തിന്റെയും, പരിധികൾ ഇല്ലാത്ത സ്വകാര്യവല്‍ക്കരണത്തിന്റെയും, ക്രോണിക്യാപ്പിറ്റലിസ്റ്റുകളുടെ അനിയന്ത്രിതമായ പ്രകൃതിചൂഷണത്തിന്റെയും കാലത്ത്.

കർഷകർക്കും, ഗ്രാമീണ ഇന്ത്യക്കും, സർവോപരി ശക്തവും അഖണ്ഡവുമായ മതേതരഇന്ത്യക്കും, ദേശസുരക്ഷക്കും വേണ്ടി നിലകൊണ്ടവരായിരുന്നു പട്ടേലും, ഇന്ദിരാഗാന്ധിയും. ഒപ്പം അവർ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ വേരുകൾ ശക്തിപെടുത്താൻ എല്ലായ്പ്പോഴും ഗ്രാമങ്ങളിലേക്ക് പോയി. ജനങ്ങളുടെ നാഡിസ്പന്ദനം നേരിട്ടു മനസിലാക്കാൻ ശ്രമിച്ചു. തിരികെ വരാനുള്ള ഊർജ്ജം അവർ കണ്ടെത്തിയത് സാധാരണജനങ്ങളിൽ നിന്നായിരുന്നു. മതം ഒരിക്കലും അവർ രാഷ്ട്രീയചതുരംഗത്തിലെ ‘കരു’ ആക്കിയില്ല. ഗിമ്മിക്കുകൾക്ക് പകരം അവർ ജനങ്ങളുമായി ജൈവികബന്ധം ഉണ്ടാക്കിയെടുത്തു. അതായിരുന്നു സർദാർ പട്ടേലിന്റെയും ഇന്ദിരാഗാന്ധിയുടെയും ഇന്ത്യൻ രാഷ്ട്രീയത്തിലെ ദീർഘകാല നിക്ഷേപം. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഈ ഗ്രീഷ്മകാലത്ത് അടിമുടി കോണ്‍ഗ്രസ്സുകാര്‍ മാത്രമായിരുന്ന ഈ രണ്ടു പേരുടെയും ഓര്‍മകളില്‍ നിന്ന് ഒരു പാട് പഠിക്കാനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *