മുത്തശ്ശി

സന്ധ്യ ജിതേഷ്.

     ഇതു  പോലെയൊരു  മുത്തശ്ശി  എനിക്കുമുണ്ടായിരുന്നു... ഞാൻ സ്കൂളിൽ  പോകുന്നതും  വരുന്നതും  നോക്കി  ഉമ്മറത്തൂണിൽ  പിടിച്ചു  കൊണ്ടു  നില്ക്കും.  എന്നിട്ട്  മുത്തശ്ശി പറയും  "മോളേ  സ്കൂളിൽ  വേഗം  എത്തണേ.. സ്കൂൾ വിട്ട്  വേഗം  വീട്ടിൽ  എത്തണേ... അവിടെ ഇവിടെയൊക്കെ  നോക്കി  നിൽക്കരുതേ..."  പക്ഷേ         ഞാൻ  അങ്ങനെയല്ലാട്ടോ... വഴിയിൽ   കാണുന്ന  പട്ടിയോടും   പൂച്ചയോടും  ആരെ കണ്ടാലും   ചിരിച്ചും  കളിച്ചേ  പോകുന്നതും   വരുന്നതും....

      ശരിക്കു പറഞ്ഞാ മുത്തശ്ശി   ആയിരുന്നു  എനിക്കെല്ലാം.... അച്ഛനുമമ്മയും  ഇല്ലാത്ത   ദു:ഖമറിയിക്കാതെ   മുത്തശ്ശി  എന്നെ  വളർത്തി.  അതു കൊണ്ട്   തന്നെ  മുത്തശ്ശിയിൽ  നിന്ന്  ഞാനെൻ്റ   സങ്കടം  മറച്ചു പിടിച്ചു...

     ഒരിക്കൽ  സ്കൂൾ വിട്ട്   വീട്ടിലെത്താൻ  കുറച്ചു  താമസിച്ചു.  മുത്തശ്ശി  വഴിയിൽ  കാണുന്ന  കുട്ടികളോടൊക്കെ  ചോദിച്ചു..   " ൻ്റെ  മോളേ 

കണ്ടോ.. മോളേ കണ്ടോ..”
അന്നു ഞാൻ കുറച്ചു താമസിച്ചൂട്ടോ… മുത്തശ്ശി കുറിമുണ്ടും ചുറ്റി വീട്ടിൽ നിന്ന് ഇറങ്ങി… സ്കൂളിൻ്റെ പകുതിക്കലും വീടിൻ്റെ പകുതിക്കലുമായി ഞാനും മുത്തശ്ശിയും മുഖത്തോടു മുഖം… പുറകിൽ ഒളിപ്പിച്ചുവച്ച പുളിക്കമ്പുകൊണ്ട് എനിക്ക് നല്ല വീക്ക് കിട്ടി. എൻ്റെ കൈയ്യും പിടിച്ച് മുത്തശ്ശി നിലവിളിച്ചു കൊണ്ട് ഞാനും….

       അന്നു   രാത്രി   മുത്തശ്ശിയെ  കെട്ടി പിടിച്ചു  കിടന്നപ്പോൾ  മുത്തശ്ശി  ഇടറിയ  സ്വരത്തിൽ. ചോദിച്ചു.    " ൻ്റെ  കുട്ടിക്ക്  വേദനിച്ചോ.. "  ഞാനൊന്നും  പറയാതെ  മുത്തശ്ശിയോട് കൂടുതൽ  ചേർന്ന്  കിടന്നു.... " എൻ്റെ  മോൾക്കിത്   മനസ്സിലാവണമെങ്കിൽ  മോളും  വലിയ  പെണ്ണായി, കല്യാണം  കഴിച്ച്  ഒരമ്മയാകുമ്പോൾ  മനസ്സിലാവും....

       അങ്ങനെ  കാലങ്ങൾ കഴിഞ്ഞു... മുത്തശ്ശി പറഞ്ഞ പോലെ  ഞാൻ വലിയ പെണ്ണായി  കല്യാണവും  കഴിഞ്ഞു അമ്മയുമായി... എൻ്റെ  മക്കൾ   സ്കൂൾ  വിട്ട്  വരാൻ  താമസിച്ചാ  അതേ ആധിയും  പരവശമൊക്കെ  എനിക്കു മുണ്ടായി  .   ഒരിക്കൽ ഞാനെൻ്റ   മോളോട്   പറഞ്ഞു.  " സ്കൂൾ  വിട്ടാ  വേഗം  വീട്ടിലെത്തിക്കോണം.. അവിടെ  ഇവിടെ  നോക്കി  നില്ക്കാതെ.. " അതുകേട്ട്  അപ്പോൾ  അവൾ  ചോദിച്ചു.  ''  അമ്മയെന്തിനാ  ഇങ്ങനെ  പേടിക്കുന്നേ.. ഞാൻ  ചെറിയ കുട്ടിയൊന്നുമല്ലല്ലോ..." ഞാനും  അവളോട്  മുത്തശ്ശി  പറഞ്ഞ അതേ വാചകം  പറഞ്ഞു കൊടുത്തു. മുത്തശ്ശിയുടെ  വാചകം അമ്മമാർ മക്കൾക്ക്  കൈമാറി കൊണ്ടിരിക്കുന്നു.. മക്കളൊന്നു  താമസിച്ചാൽ  അവർ  വീട്ടിൽ  വരാൻ   വൈകിയാൽ  ആധിയാവുന്ന  മുത്തശ്ശിയും, മുത്തച്ഛനുമുണ്ട് ... മാതാ പിതാക്കളും.... ''കാലം കെട്ട കാലം തന്നെ."

                          

Leave a Reply

Your email address will not be published. Required fields are marked *