ഗുരു നിത്യചൈതന്യയതി ഓർമ്മദിനം

അദ്വൈതവേദാന്ത ദർശനത്തിലും ശ്രീനാരായണദർശനത്തിലും പണ്ഡിതനായിരുന്ന എഴുത്തുകാരനും ആചാര്യനും തത്ത്വചിന്തകനുമായിരുന്നു ഗുരു നിത്യചൈതന്യ യതി. അദ്വൈത വേദാന്തത്തിന്റെയും ഭാരതീയ തത്വശാസ്ത്രത്തിന്റെയും ഒരു പ്രമുഖ വക്താവായിരുന്നു യതി. ശ്രീനാരായണ ഗുരുവിന്റെ ആത്മീയ ശൃംഖലയിൽ മൂന്നാമനായ നിത്യ ചൈതന്യയതി ഒരു കവിയും ചിന്തകനും മനശാസ്ത്ര വിദഗ്ദ്ധനും എഴുത്തുകാരനുമായിരുന്നു.

ശ്രീനാരായണഗുരുവിന്റെ ആത്മീയ ശൃംഖലയിൽ ഗുരുവിന്റെ പിൻഗാമിയായ നടരാജഗുരുവിനു ശേഷം മൂന്നാമൻ ആയിരുന്നു നിത്യചൈതന്യ യതി ശ്രീനാരായണ ദർശനങ്ങൾ പ്രചരിപ്പിക്കുവാനായി സ്ഥാപിക്കപ്പെട്ട നാരായണ ഗുരുകുലത്തിന്റെ തലവനായിരുന്നു. ഹൈന്ദവ സന്ന്യാസിയായിരുന്നെങ്കിലും ഇതര മതസ്ഥരുടെ ഇടയിലും യതി ഏറെ ബഹുമാനിക്കപ്പെട്ടിരുന്നു. ഭൗതികം, അധ്യാത്മികം, സാമൂഹികം, സമ്പദ് വ്യവസ്ഥ, വിദ്യാഭ്യാസം, ആരോഗ്യശാസ്ത്രം, സാഹിത്യം, സംഗീതം, ചിത്രകല, വാസ്തുശില്പം. തുടങ്ങി ഒട്ടേറെ വിഷയങ്ങൾ അദ്ദേഹം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു. മതങ്ങൾക്ക് അതീതമായ ആത്മീയതയിലും ശ്രീനാരായണ ദർശനത്തിലും അഗാധമായ അറിവുണ്ടായിരുന്നു.

ജയചന്ദ്രപ്പണിക്കർ എന്നായിരുന്നു അദ്ദേഹത്തിന്റെ പേരെങ്കിലും സന്യാസം സ്വീകരിച്ചതോടെ യതിയായി മാറുകയായിരുന്നു.

പത്തനംതിട്ട ജില്ലയിലെ വകയാറിനടുത്തുള്ള മുറിഞ്ഞകല്ലിൽ 1923 നവംബർ 2 നാണ് ജയചന്ദ്രപ്പണിക്കർ ജനിച്ചത്. പിതാവ് പന്തളം രാഘവപ്പണിക്കർ കവിയും അദ്ധ്യാപകനുമായിരുന്നു. ഹൈസ്കൂൾ മെട്രിക്കുലേഷനു ശേഷം അദ്ദേഹം വീടുവിട്ട് ഒരു സാധുവായി ഭാരതം മുഴുവൻ അലഞ്ഞു തിരിഞ്ഞു. ഇന്നത്തെ ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ മിക്കവാറും എല്ലാ സ്ഥലങ്ങളിലും അദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്. ഈ സഞ്ചാരത്തിനിടെ ഗാന്ധിജിയുമായും പ്രശസ്തരായ മറ്റുപല വ്യക്തികളുമായും അടുത്ത് ഇടപഴകാൻ അദ്ദേഹത്തിനു കഴിഞ്ഞു. രമണ മഹർഷിയിൽ നിന്ന് നിത്യ ചൈതന്യ എന്ന പേരിൽ സന്ന്യാസ ദീക്ഷ സ്വീകരിച്ചു.

സൂഫി ഫക്കീറുമാർ, ജൈന സന്ന്യാസികൾ, ബുദ്ധമത സന്യാസിമാർ, രമണ മഹർഷി തുടങ്ങി വളരെപ്പേരുമായി അദ്ദേഹത്തിൻ അടുത്ത ബന്ധമുണ്ടായിരുന്നു.

കേരളത്തിൽ തിരിച്ചെത്തിയ അദ്ദേഹം 1947-ൽ ആലുവ യൂ സി കോളേജിൽ തത്ത്വശാസ്ത്ര പഠനത്തിനായി ചേർന്നു. അതിനു ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ തത്വശാസ്ത്രവും മനശാസ്ത്രവും പഠനം തുടർന്നു. പഠനത്തിനു ശേഷം അദ്ദേഹം കൊല്ലം ശ്രീനാരായണാ കോളേജ് , ചെന്നൈ, (മദ്രാസ്സ് ) വിവേകാനന്ദാ കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായിരുന്നു. ഈ കാലയളവിൽ അദ്ദേഹം വേദാന്തം, സാംഖ്യം, യോഗം വിദ്യ, മീമാംസ, പുരാണങ്ങൾ, സാഹിത്യം എന്നിവ പഠിച്ചു.

1951-ൽ ‍ നടരാജഗുരുവിനെ തന്റെ ആത്മീയ ഗുരുവായി സ്വീകരിക്കുകയും, നടരാജ ഗുരുവിന്റെ ദേഹവിയോഗത്തിനു ശേഷം, നിത്യ ചൈതന്യ യതി, ശ്രീ നാരായണ ഗുരുവിന്റെയും നടരാജ ഗുരുവിന്റെയും പിൻ‌ഗാമിയായി, നാരായണ ഗുരുകുലത്തിന്റെ അധിപസ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. നാരായണ ഗുരുകുലത്തിന്റെ ദൈനം ദിന പ്രവർത്തനങ്ങളിലും ശിഷ്യരെ സ്വന്തം കർമമാർഗ്ഗം (സ്വധർമ്മം) തിരഞ്ഞെടുക്കുവാൻ വഴികാട്ടുന്നതിലും ഗുരു അവസാന നാളുകൾ വരെയും വ്യാപൃതനായിരുന്നു.

ശ്രീനാരായണ ഗുരു, നടരാജ ഗുരു, നിത്യ ചൈതന്യ യതി, എന്നീ മൂന്നു ദാർശനികർ ഇന്ത്യയുടെ ആത്മാവ്, ചിന്ത എന്നിവയെ സാധാരണക്കാരനു മനസ്സിലാവുന്ന ഭാഷയിൽ പ്രകാശിപ്പിച്ചു. ഭഗവദ്ഗീത, മഹർഷി വ്യാസന്റെ ഒരു നിശ്ശബ്ദ പ്രാർത്ഥന, ബൃഹദാരണ്യകോപനിഷദ്, ഏകലോകാനുഭവം, പ്രേമവും അർപ്പണവും, ഇതോ അതോ അല്ല ഓം, നാരായണഗുരുവിന്റെ ആത്മോപദേശശതകത്തെ ആസ്പദമാക്കിയ നൂറു ധ്യാനങ്ങൾ, ദർശനമാലയുടെ മനശാസ്ത്രം, അതുമാത്രം, ജ്ഞാനത്തിന്റെ ഉറവിടം, ആത്മോപദേശശതകത്തിന് ഒരു അടിക്കുറിപ്പ്, പ്രേമവും അനുഗ്രഹങ്ങളും, ഭാരതീയ മനശാസ്ത്രത്തിന് ഒരു ആമുഖം, ഭാരതീയ മനശാസ്ത്രം, യതിചരിതം, ആത്മകഥ, സ്നേഹസംവാദം, മരണം എന്ന വാതിലിനപ്പുറം, വിശുദ്ധ ഖുർആന് ഹൃദയാഞ്ജലി, ലാവണ്യനുഭവവും സൗന്ദര്യനുഭൂതിയും എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന പുസ്തകങ്ങൾ.

തത്ത്വശാസ്ത്രം, മനശാസ്ത്രം, സൗന്ദര്യ ശാസ്ത്രം, സാമൂഹികാചാരങ്ങൾ എന്നിവയെ കുറിച്ച് ഗുരു മലയാളത്തിൽ 120 പുസ്തകങ്ങളും ഇംഗ്ലീഷിൽ 80 പുസ്തകങ്ങളും രചിച്ചു. അദ്ദേഹം തന്നെ സ്ഥാപിച്ച “ഈസ്റ്റ് വെസ്റ്റ് യൂണിവേഴ്സിറ്റി ഓഫ് ബ്രഹ്മവിദ്യ”യുടെ ചെയർപേഴ്‌സണായും ലോക പൗരന്മാ‍രുടെ ലോക ഗവർൺമെന്റ്’ എന്ന സംഘടനയുടെ മേൽനോട്ടക്കാരനായും അദ്ദേഹം പ്രവർത്തിച്ചു. 1999 മേയ് 14 ന് ഊട്ടിയിലെ തന്റെ ആശ്രമത്തിൽ താമസിക്കുമ്പോഴാണ് യതി വിടപറഞ്ഞത്. 75 വയസ്സായിരുന്നു അദ്ദേഹത്തിന്. ഭൗതികശരീരം ഊട്ടിയിൽ തന്നെ സമാധിയിരുത്തി.

കടപ്പാട്: അശോകൻ അക്ഷരമാല

Leave a Reply

Your email address will not be published. Required fields are marked *