ഇമ്മിണി വല്ല്യ കഥാകൃത്തിന് ഇന്ന് അനുസ്മരണ ദിനം


സിബി അനീഷ്
അധ്യാപിക

മലയാള സാഹിത്യത്തിലെ അപൂര്‍വ്വ പ്രതിഭാസമാണ് ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന് അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീര്‍. ആ സുല്‍ത്താന്റെ ഓര്‍മ്മദിനമാണ് ഇന്ന്. മലയാള സാഹിത്യ മണ്ഡലത്തില്‍ ഇതിഹാസതുല്യമായ സ്ഥാനം അലങ്കരിക്കുന്ന ഒരു കഥാകൃത്താണ് അദ്ദേഹം. അതിന് കാരണം അദ്ദേഹത്തിന്റെ രചനാരീതിയും ഭാഷാശൈലിയും തന്നെയാണ്. മലയാള ഭാഷയില്‍ അദ്ദേഹം ഒരു ഉപഭാഷ തന്നെ സൃഷ്ടിച്ചു എന്ന് പറയാം. എഴുത്തച്ഛനും കുഞ്ചന്‍ നമ്പ്യാര്‍ക്കും ശേഷം ഏവര്‍ക്കും മനസ്സിലാകുന്ന ആത്മതേജസുള്ള ഒരു ഭാഷയാണ് അദ്ദേഹം സൃഷ്ടിച്ചത്. തികച്ചും യഥാര്‍ത്ഥമായ ജീവിതാനുഭവങ്ങളുടെ ആകെത്തുകയാണ് അദ്ദേഹത്തിന്റെ ഓരോ രചനയും. മറ്റുള്ളവര്‍ ഭാവനയില്‍ നിന്ന് കഥ മെനഞ്ഞപ്പോള്‍ ബഷീര്‍ തന്റെ ജീവിതാനുഭവങ്ങള്‍ പ്രമേയമാക്കി കഥകള്‍ സൃഷ്ടിച്ചു.

യാതൊരുവിധ ഭാവനസൃഷ്ടിയും ഇല്ലാതെ സ്വഭാഷയില്‍ അദ്ദേഹം തന്റെ ജീവിതം കുറിച്ചിട്ടു. ജീവിതത്തെ അതിന്റെ തനിമയില്‍ പച്ചയായി തന്നെ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
ബഷീറിന്റെ ഓരോ കൃതിയും വായനക്കാര്‍ക്ക് വ്യത്യസ്തമായ അനുഭവങ്ങളാണ് പ്രദാനം ചെയ്തത്. നുള്ളിപ്പറിക്കുന്ന വേദനകളോടെ കിന്നാരം പറയുന്ന ഐറണികളുടെ അപൂര്‍വ്വമായ ഭാഷ ബഷീര്‍ നമ്മെ പഠിപ്പിച്ചു. ഞാന്‍ തന്നെയാണ് എന്റെ ഭാഷ എന്ന് അദ്ദേഹം നമ്മെ ഓര്‍മ്മിപ്പിച്ചു. ദാരിദ്ര്യം, പ്രണയം, പരുക്കന്‍ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ എന്നിങ്ങനെ ബഷീറിന്റെ തൂലികയ്ക്ക് വിഷയീഭവിക്കാത്തതും വഴങ്ങാത്തതുമായി ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള തലയോലപ്പറമ്പിലെ ഒരു തടി വ്യാപാരിയുടെ മൂത്തമകനായി ജനിച്ച ബഷീറിനെ ബാല്യത്തില്‍ തന്നെ ഗാന്ധിയന്‍ ആദര്‍ശങ്ങളും ചിന്തകളും സ്വാധീനിച്ചിരുന്നു. അതു കൊണ്ടു തന്നെയാവാം അദ്ദേഹം സ്വാതന്ത്ര്യ സമര രംഗത്ത് പ്രവർത്തിക്കുകയും ഉപ്പ് സത്യാഗ്രഹത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിക്കുകയും ചെയ്തത്.ഈ അനുഭവങ്ങള്‍ എല്ലാം തന്നെ അദ്ദേഹത്തിന്റെ രചനകള്‍ക്ക് ഏറെ പ്രചോദനമേകിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കൃതികള്‍ അന്യഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ളത് ഇദ്ദേഹത്തിന്റേതാണ്. അങ്ങനെയാണ് വൈക്കം മുഹമ്മദ് ബഷീര്‍ എന്ന സാഹിത്യകാരന്റെ കീര്‍ത്തി ലോകം മുഴുവന്‍ എത്തുന്നത്. പാത്തുമ്മയുടെ ആട്, ബാല്യകാല സഖി, മതിലുകള്‍, ശബ്ദങ്ങള്‍, പ്രേമലേഖനം, അനുരാഗത്തിന്റെ ദിനങ്ങള്‍, ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്, ഭൂമിയുടെ അവകാശികള്‍, ആനവാരിയും പൊന്‍കുരിശും, നീലവെളിച്ചം, പൂവമ്പഴം, ജന്മദിനം ഇവയൊക്കെയാണ് ബഷീറിന്റെ പ്രധാന കൃതികള്‍. മലയാള സാഹിത്യത്തില്‍ ഇത്രയധികം കഥാപാത്രങ്ങളെ സൃഷ്ടിച്ച ഒരു കഥാകൃത്ത് വേറെ ഉണ്ടാവില്ല.


ഒരു കഥാകൃത്ത് എന്നതിലുപരി ബഷീർ ഒരു പ്രകൃതി സ്നേഹി കൂടിയായിരുന്നു .അദ്ദേഹത്തിന്‍റെ പ്രകൃതിയോടുള്ള ആത്മബന്ധം നമുക്ക് അദ്ദേഹത്തിൻ്റെ പല കൃതികളിൽ നിന്നും വ്യക്തമാക്കുന്നുണ്ട്. ഗർഭിണിയായ പാത്തുമ്മയുടെ ആടിന് സ്വന്തം പുസ്തകങ്ങൾ തന്നെ തിന്നാൻ കൊടുക്കുന്ന ബഷീർ അങ്ങനെ നിരവധി ഉദാഹരണങ്ങൾ…. തൊടിയിൽ എത്തിയ മൂർഖനെ അടിച്ചു കൊല്ലാൻ പറയുന്ന ഭാര്യയോട് ഇല്ല അതും ഭവതിയെ പോലെ ഈശ്വര സൃഷ്ടിയാണ് അതിനും ഈ ഭൂമിയിൽ ജീവിക്കാൻ അവകാശമുണ്ട് .ഭൂമിയുടെ അവകാശികളായി കുറേയേറെ ജീവികളെ ദൈവം സൃഷ്ടിച്ചിരിക്കുന്നു , എന്ന് ഭൂമിയുടെ അവകാശികൾ എന്ന കൃതിയിൽ ബഷീർ തന്‍റെ ഭാര്യയോട് പറയുന്നുണ്ട്. ഇതിൽനിന്നൊക്കെ അദ്ദേഹത്തിന്‍റെ പ്രകൃതിയോടുള്ള സ്നേഹം നമുക്ക് മനസ്സിലാക്കാൻ സാധിക്കും .ചിരിയും ചിന്തയും ഒരുമിച്ചു പകർത്തിയ ഒരു എഴുത്തുകാരനാണ് അദ്ദേഹം അതുകൊണ്ടുതന്നെ ആസ്വാദക ഹൃദയങ്ങളിൽ നല്ലൊരു സൃഷ്ടാവായി അദ്ദേഹം ജീവിക്കുന്നു


ഉന്നത കുലജാതീയനായ കേശവന്‍ നായരുടേയും തൊഴില്‍ രഹിതയായ നസ്രാണി സാറാമ്മയുടേയും നര്‍മ്മം തുളുമ്പുന്ന പ്രണയകഥയായ പ്രേമ ലേഖനത്തോടെയാണ് ബഷീര്‍ സാഹിത്യ രംഗത്ത് പ്രവേശനം നടത്തിയത്. അദ്ദേഹത്തിന്റെ കൃതികള്‍ മിക്കതും സിനിമയയിട്ടുണ്ട്. തീഷ്ണമായ അനുഭവങ്ങളുടെ തീവ്രത തന്നെയാണ് അദ്ദേഹത്തിന്റെ കൃതികളെ ഇന്നും അനശ്വരമാക്കുന്നത്. കാലയവനികയ്ക്കുള്ളില്‍ സുല്‍ത്താന്‍ മറഞ്ഞിട്ടും ഇന്നും അദ്ദേഹത്തിന്‍റെ കൃതികളിലൂടെ അദ്ദേഹം നമുക്കിടയില്‍ ജീവിക്കുന്നു. പാരമ്പര്യത്തിന്‍റെ പൗരാണികതയുടെയും മതസാമൂഹിക ചട്ടകൂടുകളുടേയും, ഭാഷയുടേയും എല്ലാ നിയമങ്ങളേയും കാറ്റില്‍പ്പറത്തിക്കൊണ്ട് പുതുമയുടെ വെളിച്ചം കയറാന്‍ ജനല്‍ പാളികള്‍ തുറന്നിട്ട ഒരു കഥാകൃത്ത് തന്നെയാണ് ബഷീര്‍.

One thought on “ഇമ്മിണി വല്ല്യ കഥാകൃത്തിന് ഇന്ന് അനുസ്മരണ ദിനം

Leave a Reply

Your email address will not be published. Required fields are marked *