‘ഒരുവാക്കാല്‍ മാറ്റപ്പെട്ട ജീവിതം’

മറ്റ് സ്ത്രീകള്‍ക്ക് ഊര്‍ജ്ജമായി ജിബി എന്ന എഴുത്തുകാരി

വായിക്കാൻ തുടങ്ങിയ നാളിൽ തന്നെ ഭാവനയുടെ ലോകം ജിബിയെ ആകർഷിച്ചിരുന്നു.കുഞ്ഞു നാളിൽ കുത്തിക്കുറിച്ചിട്ട വാക്കുകൾ കവിതകളായും കഥകളയും മാറി. ഭാവനയുടെ മാരിവില്ലഴകായി മാറിയ രചനകൾ മറ്റാരാലും കാണാതെ മാറ്റിവെച്ച് ജിബിക്ക് എല്ലാം തന്‍റെ പൊട്ടത്തരമായി മാത്രമേ അന്ന് തോന്നിയുള്ളൂ.

‘നിന്നില്‍ അഗ്നിയുണ്ട് ആ അഗ്നിയെ ജ്വലിപ്പിച്ചെടുക്കണം’. പറവൂര്‍ ബാബു എന്ന എഴുത്തുകാരന്‍ നല്‍കിയ ഊര്‍ജ്ജമാണ് ജിബി കെ.ബിക്ക് തൂലികയെടുക്കാന്‍ പ്രേരിപ്പിച്ചത് . ജിബിയുടെ വാക്കുകള്‍ കടമെടുത്ത് പറഞ്ഞാല്‍ തളര്‍ത്താനും വളര്‍ത്താനും ഒരാളുടെ വാക്കുകള്‍ക്ക് ശക്തിയുണ്ട്. പറവൂര്‍ ബാബുവിന്‍റെ ആ വാക്കുകളാണ് മുന്നോട്ട് നടക്കാന്‍ തനിക്ക് പ്രേരണയായതെന്നും ജിബി

കുട്ടിക്കാലംതൊട്ടെ വാക്കുകളുടെ അര്‍ത്ഥവും വ്യാപ്തിയും നോക്കാതെ കവിത രചിച്ചിരുന്നു. രചനകളൊക്കെയും മറ്റുള്ളവരില്‍ നിന്ന് മറച്ച് പിടിക്കാന്‍ എപ്പോഴും ജിബിയുടെ ഉള്ളിലെ അപകര്‍ഷതാബോധം എന്നും വെമ്പല്‍ കൊണ്ടിരുന്നു. തന്‍റെ എഴുത്തുകള്‍ ഒക്കെയും പരിഹാസ്യമാണെന്നും മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്ന തോന്നലും ധൈര്യമില്ലായ്മയും എഴുത്തുകള്‍ ഒക്കെ പുറംലോകം കാണിക്കാതെ മറച്ചുപിടിക്കാന്‍ ജിബിയെ പ്രേരിപ്പിച്ചത്.

2016 ല്‍ വലിയ ട്വിസ്റ്റ് ജിബിയുടെ ജീവിതത്തില്‍ സംഭവിച്ചു. പറവൂര്‍ ബാബുവിന്‍റെ വീട്ടിലാണ് വണ്ടി വെച്ചിട്ട് ബസ് കയറി പോയിരുന്നത്. താന്‍ വണ്ടി പാര്‍ക്ക് ചെയ്യുന്ന വീട് പറവൂര്‍ ബാബു എന്ന എഴുത്തുകാരന്‍റെ വീടാണ് എന്നത് ജിബിക്ക് അജ്ഞാതമായിരുന്നു. പറവൂര്‍ക്ക് വന്നിട്ട് കുറച്ച് നാളുകളേ അന്ന് അയിട്ടുള്ളു. ഒരു ദിവസം ആ വീട്ടില്‍ ആള്‍കൂട്ടം കാണുകയും അവിടെ നിന്നിരുന്ന ഒരാളോട് എന്താ സംഭവം എന്ന് അന്വേഷിക്കുകയും ചെയ്തു. പറവൂര്‍ ബാബുവിന് അവാര്‍ഡ് കിട്ടി അതാണ് ആള്‍ക്കൂട്ടം. ആരാണ് പറവൂര്‍ ബാബു എന്ന ജിബിയുടെ മറുചോദ്യം കേട്ട്ഞെട്ടിയത് സാക്ഷാല്‍ പറവൂര്‍ ബാബു തന്നെയായിരുന്നു. അന്നാണ് ജിബിക്ക് മനസ്സിലായത് അത് എഴുത്തുകാരന്‍റെ വീടാണെന്നും അദ്ദേഹത്തിന്‍റെ ഒറ്റുകാരന്‍റെ സുവിശേഷം എന്ന നോവലിന് അവാര്‍ഡ് കിട്ടിയെന്നും മനസ്സിലായത്. അവിടെ നിന്നാണ് സാംസ്കാരിക കേരളത്തിന് നല്ലൊരു എഴുത്തുകാരിയെ കിട്ടിയത് എന്ന് വേണമെങ്കില്‍ പറയാം. തന്‍റെ രചനകളൊക്കെയും വീണുകിട്ടിയ ധൈര്യത്തിന്‍റെ പുറത്ത് പറവൂര്‍ ബാബുവിനെ ജിബി കാണിച്ചു. കണ്ട മാത്രയില്‍ അദ്ദേഹം പറഞ്ഞു ധൈര്യമായി തൂലികയേന്തിക്കൊള്ളു എന്ന് അദ്ദേഹത്തില്‍ നിന്ന് അടര്‍ന്ന് വീണ ആ വാക്കുകള്‍ ധാരാളം മതിയായിരുന്നു ജിബിയുടെ ഉള്ളിലെ പ്രതിഭയ്ക്ക് സധൈര്യം മുന്നോട്ട് വരുവാന്‍.


ഭാവനയുടെ മേമ്പൊടിയില്‍ ഉള്ളിലെ ആശയങ്ങള്‍ അതിലേക്ക് ചാലിച്ച് കവിതകള്‍ എഴുതി തുടങ്ങി ജിബി. അന്ന് എഴുതിയ പ്രണയ കവിതകള്‍ക്ക് മഴവില്ലിന്‍റെ ഏഴുനിറങ്ങള്‍ പോലെ ശോഭയുള്ളതായിരുന്നു ജിബിയുടെ ഒരോ കവിതയും. പിന്നീട് അങ്ങോട്ട് ജിബി എന്ന എഴുത്തുകാരിക്ക് ഒരിക്കലും തിരിഞ്ഞ് നോക്കേണ്ടിവന്നിട്ടില്ല. മുന്നോട്ടുള്ള പാതയില്‍ അവര്‍ സധൈര്യം മുന്നേറി. നോവലും കവിതകളും വിവര്‍ത്തനങ്ങളുംമൊക്കെ ജിബിയുടെ തൂലികയില്‍ നിന്ന് പിറന്നു വീണുകൊണ്ടേയിരുന്നു.

മാധവിക്കുട്ടിയുടെ എഴുത്തും അതിലെ സ്ത്രീജീവിതങ്ങളും തന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്ന് ജിബി. മാധവിക്കുട്ടിയുടെ ഓര്‍മ്മകുറിപ്പുകളിലൂടെ കടന്ന് പോകുമ്പോള്‍ എവിടെയൊക്കൊയേ തന്‍റെ ചിന്താഗതികളും ആയി സാമ്യം തോന്നിയിട്ടുണ്ട്.. ആ സാമ്യമാണ് അവരുടെ എഴുത്തുകള്‍ തെരഞ്ഞുപിടിച്ച് ആവേശത്തോടെ വായിക്കാനുള്ള ത്വര തന്നില്‍ ഉണ്ടായെന്നും ജിബി പറയുന്നു. ഹിന്ദിസാഹിത്യത്തില്‍ മംമത കാലിയ എന്ന എഴുത്തുകാരിയും തന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന് പറഞ്ഞുവയ്ക്കുന്ന ജിബി രണ്ടു എഴുത്തുകാരിലും മിഡില്‍ ക്ലാസ് ഫാമിലിയിലെ സ്ത്രീ ജീവിതങ്ങളാണ് പോയന്‍റ് ഔട്ട് ചെയ്ത് കാണിക്കുന്നത്.

മിഡില്‍ ക്ലാസ് ഫാമിലിയില്‍ നിന്ന് വന്ന സ്ത്രീയാണ് താന്‍ എന്നതുകൊണ്ടും തന്‍റെ പ്രശ്നങ്ങളാണ് മാധവിക്കുട്ടിയും മംമതകാലിയും തങ്ങളുടെ രചനകളിലൂടെ വരച്ചുകാട്ടുന്നതെന്നും അതിനെ പറ്റി കൂടുതല്‍ പഠനം നടത്താന്‍ പ്രേരിപ്പിക്കുകയും അത് തന്നെ ഗവേഷണവിഷയമായി തെരഞ്ഞെടുത്തെതെന്നും ജിബി പറയുന്നു. 2016- 17 കാലയളവില്‍ തന്നെ ജിബിയുടെ ഒട്ടുമിക്ക രചനകളും വെളിച്ചം കണ്ടു. ‘മഴ നനഞ്ഞ് നനഞ്ഞ് ‘എന്നതാണ് ജിബിയുടെ ആദ്യ പ്രണയകഥ സമാഹരം. ‘ ചില കാലാവസ്ഥ മാറ്റങ്ങള്‍’, ‘പതിവ് തെറ്റാതെ വന്ന തുലാമഴ’,’ വെളിച്ചത്തിലേക്ക് തുറക്കുന്ന ചില്ല് ജാലകങ്ങള്‍’ എന്നിങ്ങനെയുള്ള മൂന്ന് കഥാസമാഹരങ്ങളും തൊട്ടുപിറകെ അച്ചടിച്ച് വന്നു. ‘വാര്‍ത്തയാകാത്ത ചിലത്’ ഗുരുനാഥനായ പറവൂര്‍ ബാബുവും ജിബിയും ചേര്‍ന്നെഴുതി. എംജി യൂണിവേഴ്സിറ്റിയിലെ ബി കോമിന്‍റെ ഒരു ടെക്സറ്റ് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത് പരിഭാഷകയായും ജിബി തന്‍റെ സാന്നിദ്ധ്യം അറിയിച്ചു. ഗവേഷണം പൂര്‍ത്തിയാക്കിയതിന് ശേഷം കൂടുതല്‍ ഗൌരവംമായി തന്നെ വിവര്‍ത്തനം കൈകാര്യം ചെയ്യുംമെന്നും ജിബി.

എഴുത്തുകാരി എന്ന നിലയില്‍ വീട്ടില്‍ നിന്ന് ലഭിക്കുന്ന പിന്തുണയേക്കാള്‍ പതിന്‍ മടങ്ങ് നാട്ടില്‍ നിന്നും സുഹൃത്തുക്കളില്‍നിന്നും തനിക്ക് ലഭിക്കുന്നുണ്ടെന്നും ജിബി സാക്ഷ്യപ്പെടുത്തുന്നു. തനിക്ക് കിട്ടിയ അംഗീകാരങ്ങളും പുരസ്കാരങ്ങളും വീട്ടുകാരുടെ മനോഭാവത്തിന് മാറ്റം വരുത്തിയിട്ടുണ്ട് തന്നിലെ കഴിവുകളെ അവരും ഇപ്പോള്‍ പ്രോത്സാഹനം നല്‍കുന്നുണ്ട്.

എഴുത്തിലേക്ക് കടന്നപ്പോള്‍ എല്ലാരീതിയിലും തന്‍റെ വ്യക്തിത്വം വികാസം പ്രാപിച്ചു. ഉള്‍വലിഞ്ഞ പ്രകൃതക്കാരിയായ തന്നെ ബോള്‍ഡാക്കി തീര്‍ത്തതും തന്നിലെ ആശയങ്ങള്‍ മടികൂടാതെ തന്നെ മറ്റുള്ളവരിലേക്ക് പ്രതിഫലിപ്പിക്കാന്‍ സാധിച്ചതും ഈ മേഖലയില്‍ വന്നതിന് ശേഷമാണെന്ന് ജിബി അടിവരയിട്ട് പറയുന്നു.
സ്വപ്നങ്ങള്‍ക്ക് പരിധിയില്ലാത്ത ഒരാളായ താന്‍ മികച്ച കോളജില്‍ നല്ലൊരു അധ്യാപികയായി പേരെടുക്കണമെന്നും മാതൃക അധ്യാപികയായി മാറുകയെന്നതാണ് തന്‍റെ ലക്ഷ്യം. എഴുത്തുകളില്‍ സ്ത്രീവിഷയം കൈകാര്യം ചെയ്ത് പിന്‍വലിഞ്ഞ് നില്‍ക്കുന്ന സ്ത്രീകളെ മുന്‍ധാരയിലേക്ക് കൊണ്ടുവരുകയെന്നതും തന്‍റെ മോഹമാണെന്ന് ജിബി.

മലയാള മനോരമ നടത്തിയ എഴുത്ത് ഉത്സവത്തില്‍ പ്രശസ്തിപത്രം, വി.ടി നന്ദകുമാര്‍ കഥാരചനാമത്സരത്തില്‍ മൂന്നാം സമ്മാനം, ദേവജ മാസിക നടത്തിയ കഥാരചനമത്സരത്തില്‍ പ്രോത്സാഹനസമ്മാനം, ആമ്പല്ലൂര്‍ കെഎസ്പിയു ഏര്‍പ്പെടുത്തിയ യുവപ്രതിഭ പുരസ്കാരം,2018 ലെ ഹൃദയ കുമാരി പുരസ്കാരം,കെഎംഎം കോളജ് ഏര്‍പ്പെടുത്തിയ മികച്ച അധ്യാപിക എന്നിങ്ങനെയുള്ള പുരസ്കാരങ്ങള്‍ ജിബിയെ തേടിയെത്തി.

2007 ല്‍ MA bed M. Phil കംപ്ലീറ്റ് ചെയ്ത ജിബി ഇടക്കൊച്ചി അക്വിനാന്‍സ് കോളജില്‍ ഗസ്റ്റ് ലക്ചറര്‍ ആയാണ് ആദ്യം വര്‍ക്ക് ചെയ്തു. പിന്നീട് അവരുടെ തന്നെ സെല്‍ഫ് ഫിനാന്‍സ് കോളജ് ആയ സിയന്ന കോളജില്‍ തന്നെ ഹിന്ദി അസിറ്റന്‍റ് പ്രൊഫസറാണ് ജിബി ജോലിനോക്കുകയാണ് ജിബി. 2017 സെറ്റും നെറ്റും എടുത്ത ജിബി മാധവികുട്ടിയുടെ മംമത കാലിയായുടെയും സ്ത്രീജിവിതം എന്ന വിഷയത്തില്‍ റിസര്‍ച്ച്ന ടത്തിക്കൊണ്ടിരിക്കുകയാണ്.ഡോ.ശ്യാമപ്രസാദിന്‍റെ കീഴിൽ ഭക്ഷിണ ഭാരത ഹിന്ദി പ്രചാര സഭയിലാണ് ഗവേഷണം നടത്തികൊണ്ടിരിക്കുന്നത് .ജിബിയുടെ സ്വദേശം എറണാകുളം ജില്ലയിലെ കെടാമംഗലം ആണ്. ഇരുപത്തിരണ്ട് വര്‍ഷം ആര്‍മിയില്‍ സേവനം അനുഷ്ടിച്ച കെ.സി ബേബിയാണ് അച്ഛന്‍. ഹൈസ്കൂള്‍ അധ്യാപികയായ ജലജറാണിയാണ് അമ്മ. ഭര്‍ത്താവ് ദീപക് പഞ്ചാബ് നാഷ്ണല്‍ ബാങ്ക് വൈറ്റില പൊന്നുരുന്നി ബ്രാഞ്ച് സീനിയര്‍ മാനേജറായി സേവനം അനുഷ്ടിക്കുന്നു. മക്കൾ ദേവ് സൂര്യ, ദേവ് ആദിത്യ

കൃഷ്ണ അര്‍ജുന്‍

One thought on “‘ഒരുവാക്കാല്‍ മാറ്റപ്പെട്ട ജീവിതം’

Leave a Reply

Your email address will not be published. Required fields are marked *