മര്‍ഡര്‍ ഇന്‍ ലോക്ക്ഡൗണ്‍

അധ്യായം ഒന്ന്

വിനോദ് നാരായണന്‍

boonsenter@gmail.com

2020 ഒക്ടോബര്‍ മാസം

തുലാവര്‍ഷം തകര്‍ത്തു പെയ്യുന്ന ഒരു രാത്രിയായിരുന്നു അത്‌.

കോവിഡ് 19 ലോക്ഡൗണ്‍ കാലമാണ്. ജീവിതം സാധാരണനിലയിലേക്കു വരാന്‍ ഇനിയും സമയമെടുക്കും. ജനങ്ങള്‍ എല്ലാവരും അവരവരുടെ വീടുകളില്‍ തന്നെ തമ്പടിച്ചിരിക്കുന്നു. റോഡ് തികച്ചും വിജനമാണ്. ഇടക്കിടെ പാഞ്ഞുപോകുന്ന ആംബുലന്‍സുകളും പോലീസ് വണ്ടികളം ഒഴിച്ചാല്‍ മറ്റൊരു ചലനവും എവിടേയുമില്ല.

തൃശൂര്‍ നഗരത്തിന്‍റെ പ്രാന്തപ്രദേശത്തെവിടേയോ ഉള്ള ഒരു വീടിന്‍റെ രണ്ടാം നിലയിലെ ജനാലയിലൂടെ നേരിയ പ്രകാശം അരിച്ചിറങ്ങിക്കൊണ്ടിരുന്നു.

ദീപക്ക് എന്ന യുവാവിന്‍റെ മുറിയായിരുന്നു അത്. അയാള്‍ ലാപ്ടോപ്പില്‍ ഏതോ സിനിമ ആസ്വദിക്കുകയാണ്.

ലോക്ക് ഡൗണ്‍ കാലത്തെ ആ രാത്രിയില്‍ വിരസമായി സമയം തള്ളി നീക്കുകയാണ് ദീപക്ക്. അയാളെപ്പോലെ എല്ലാ ചെറുപ്പക്കാരും അതുതന്നെയാണ് കോവിഡ് കാലത്ത് ചെയ്തുകൊണ്ടിരിക്കുന്നത്. 

ദീപക്കിന് ആ സമയം ഫോണില്‍ ഒരു മെസേജ് വന്നു.

അനുഷയുടെ മെസേജാണ്

ദീപക് താല്പര്യത്തോടെ ഫോണില്‍ നോക്കി.

“വേഗം സ്കൈപ്പില്‍ വരൂ.”

അതായിരുന്നു മെസേജ്

ദീപക്കിന്‍റെ സുഹൃത്താണ് അനൂഷ. പലപ്പോഴും ഫോണിലും വീഡിയോകോളിലുമായി ചാറ്റ് നടത്താറുണ്ട് അവര്‍.

ദീപക് ഉത്സാഹത്തോടെ ലാപടോപ് തുറന്ന് സ്കൈപ്പില്‍ അനൂഷയുടെ വീഡിയോ കോളിലേക്ക് വന്നു.

സ്ക്രീനില്‍ അനൂഷയെ കണ്ടു. 

പക്ഷേ അനൂഷ പതിവില്ലാത്തവിധം പരിഭ്രാന്തയാണ്.

അവളുമായി അല്പനേരം സൊറ പറയാം എന്നുകരുതിയ ദീപക്ക് ആശങ്കയോടെ അവളെ നോക്കി.

“ഹായ് അനൂഷ…”

അനൂഷ പറഞ്ഞു:  “ദീപക്, ഞാനൊരു കുരുക്കില്‍പ്പെട്ടു, എന്നെ രക്ഷിക്കണം.”

“കുരുക്കോ എന്തു കുരുക്ക്. നീ കാര്യം പറയ്..”

“ദയവുചെയ്ത് നീയിതാരോടും പറയരുത്.”

“നീ കാര്യം പറയൂ.”

“നീ എനിക്കു വാക്കു തരൂ ദീപക്ക്. കാരണം നിന്നെ ഞാന്‍ അത്രക്കു വിശ്വസിക്കുന്നു. നീയല്ലാകെ എനിക്കിപ്പോള്‍ മറ്റാരും ആശ്രയമില്ല.”

അതുകേട്ട് ദീപക്ക് ഒന്നു വിയര്‍ത്തു. എന്തു വള്ളിക്കെട്ടാണാവോ ഇത്?”

“അനൂഷ കാര്യം പറയൂ.”

“അവള്‍ മരിച്ചു കിടക്കുന്നു.”

അനൂഷ പൊടുന്നനെ പറഞ്ഞു.

ദീപക് ഞെട്ടി.

“മരിച്ചുകിടക്കുന്നെന്നോ… ആര്?”

“എന്‍റെ ഹോസ്റ്റല്‍ മേറ്റാണ്. പിന്നെ കൂട്ടുകാരിയാണ്..”

“അനൂഷ നീ നോക്കിയിരിക്കാതെ വേഗം പോലീസിനെ വിളിക്ക്.”

“അതു നടക്കില്ല ദീപക്.. പ്രശ്നമാണ്.”

“കാരണം?”

“ഇന്നലെ അവളുടെ വീട്ടില്‍ നിന്നും ഞാനാണവളെ കടത്തിക്കൊണ്ടു വന്നത്..അതും സെക്യൂരിറ്റിയുടെ കണ്ണുവെട്ടിച്ച് ഒരു ട്രാവല്‍ ബാഗില്‍..”

“എന്തിന്..?”

അനൂഷ പരുങ്ങലോടെ പറഞ്ഞു

“ചുമ്മാ ഒരു രസത്തിന്.. അവള്‍ ഒറ്റക്ക് ഒരു വാടക ഫ്ളാറ്റില്‍ താമസിക്കുകയാണ്. ഞാന്‍ അവളുടെ ഫ്ളാറ്റില്‍ ചെല്ലുന്നതും മറ്റും സിസിടിവിയില്‍ കാണും. പിന്നെ സെക്യൂരിറ്റിക്കുമറിയാം. മാത്രമല്ല അവള്‍ എന്‍റെ ഹോസ്റ്റലിലെ മെംബറുമല്ല. എന്‍റെ റൂമില്‍ അവളെ അനധികൃതമായി താമസിപ്പിച്ചതിനും ഞാന്‍ കാരണം ബോധിപ്പിക്കേണ്ടി വരും.  ഞാനെന്തു ചെയ്യും..?”

ദീപക് തലയില്‍ കൈ വച്ചു.

“എന്‍റെ ദൈവമേ..എന്തൊക്കെ ഗുലുമാലാണ് അനൂഷ നീയൊപ്പിച്ചിരിക്കുന്നത്.”

“ദീപക്ക് നീയെന്നെ പഴി പറഞ്ഞുകൊണ്ടിരിക്കാതെ ഇതിനൊരു വഴി പറഞ്ഞുതാ.”

“അവളെങ്ങനെ മരിച്ചു?”

“ഐ ഡോണ്ട് നോ….”

ദീപക്ക് അങ്കലാപ്പിലായി.

“മൈഗോഡ് ….. അനൂഷ നീയിതെത്ര നിസാരമായി പറയുന്നു. ആരാണ് കൊന്നത്.. എവിടെ.. ബോഡി എവിടെ?”

“ബെഡ്റൂമില്‍.”

“അതൊന്നു കാണിക്കൂ..”

അനൂഷ മൊബൈല്‍ ഫോണ്‍ ക്യാമറ കൊണ്ട്  ബോഡിയുടെ ദൃശ്യം ചുറ്റി നടന്ന് കാണിച്ചു.

കട്ടിലില്‍ ആര്യയുടെ മൃതശരീരം കണ്ടു. ഒരു ടീ ഷര്‍ട്ടും ഒരു ബോട്ടവും ധരിച്ചിട്ടുണ്ട്..

ദേഹത്ത് രക്തപ്പാടുകളൊന്നും ഇല്ല. പക്ഷേ കണ്ണുകള്‍ തുറിച്ച നാക്കുനീട്ടി ഭയനാകമായ അവസ്ഥയിലാണ് ബോഡിയുടെ കിടപ്പ്.

ദീപക് അമ്പരപ്പോടെ പറഞ്ഞു:

“ശ്വാസം മുട്ടിയുള്ള മരണമാണെന്ന് തോന്നുന്നു. നീയല്ലാതെ വേറേയാരാ അവിടെയുള്ളത്..?”

“ആരുമില്ല…ഇങ്ങോട്ടാരും വന്നിട്ടില്ല…ഞാനും അവളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ കുളിക്കാനായി ബാത്തറൂമില്‍ പോയതാണ് തിരികെ വരുമ്പോള്‍ കാണുന്ന കാഴ്ച ഇതാണ്..”

“എപ്പോഴായിരുന്നു അത്?”

“ഒരു അരമണിക്കൂറായി കാണും. നീ എന്നെ എങ്ങനെയെങ്കിലും രക്ഷിക്കണം.”

അനൂഷ കേണു.

ദീപക് ആലോചനയില്‍ മുഴുകി.

“ഞാന്‍ നോക്കട്ടെ.. നീ ശാന്തമായി ഇരിക്ക്..ഞാന്‍ വരുണ്‍ നമ്പ്യാരെ വിളിക്കട്ടെ. അവനൊരു പത്രപ്രവര്‍ത്തകനാണ്.”

“ദീപക്കേ കുളമാക്കരുത്…എന്‍റെ ലൈഫ് ഇപ്പോള്‍ നിന്‍റെ കൈയിലാണ്.”

“നീ പേടിക്കാതെ.”

ദീപക് മൊബൈല്‍ കൈയിലെടുത്ത് കോണ്ടാക്ട് ലിസ്റ്റ് പരതി.

000000000  0000000

ആ സമയം വരുണ്‍ നമ്പ്യാരുടെ ഫ്ളാറ്റില്‍ അയാളും ഉറക്കമൊഴിഞ്ഞിരിക്കുകയായിരുന്നു.

ലാപ്ടോപ്പില്‍ കാമുകി മെറിനുമായി വീഡിയോ കോളിലായിരുന്നു വരുണ്‍.

അവന്‍ മെറിനോട് പറഞ്ഞു:

“മെറിന്‍, നിന്നെ ഇനി എത്ര നാളു കഴിഞ്ഞാലാണ് ബാംഗ്ലൂരില്‍ വന്നു കാണാന്‍ പറ്റുന്നത്.. ഒന്നു കൂടാന്‍ പറ്റുന്നത്…?” 

“ഐ മിസ് യൂ വരുണ്‍…”

“ഒരു കിസ് തരൂ ഡിയര്‍..”

മെറിന്‍ ആംഗ്യത്തിലൂടെ കിസ് കൊടുക്കുന്നു.

“ഞാനൊരു കിസ് തരട്ടെ.”

“താടാ..”

“ങും.. വലിയ മടുപ്പാണെടി ഈ വീഡിയോ കോള്‍ വഴിയുള്ള കിസ് പരിപാടി?”

“ഉം…അങ്ങനെ തോന്നുന്നുണ്ടെങ്കില്‍ എന്നോടുള്ള നിന്‍റെ സ്നേഹം കുറഞ്ഞു എന്നാണര്‍ത്ഥം.”

“ഏയ്.. ,സ്നേഹം കുറഞ്ഞിട്ടൊന്നുമില്ല…. നിന്നോടുള്ള സ്നേഹം കുറയാനോ എനിക്കോ.. നല്ല കഥയായി..”

“പിന്നേ..വെറുതെ ചെളി പറയാതെ..”

“ഷൂവര്‍.. പിന്നെ.. നിനക്കിനിയെന്നാണ് ലീവ് കിട്ടുന്നത്.”

“പതിനഞ്ചാം തീയതി കഴിയും.”

“ശ്ശൊ…ഇനിയും എട്ടു പത്തു ദിവസം കാത്തിരിക്കണം… മൂന്നാറു പോയാലോ?”

“അവിടെ എന്തിരുന്നിട്ടാ… കോവിഡ് കാരണം റിസോര്‍ട്ടെല്ലാം അടച്ചിട്ടിരിക്കുകയാണ് ബൂദ്ധൂസെ..”

“ഹോ അതു ഞാനങ്ങു മറന്നുപോയി..”

“ബാംഗ്ലൂരിലില്‍ നിനക്കെന്‍റെ ഫ്ളാറ്റിലേക്ക് വരാല്ലോ.. രേവതിയും ഫെബിനും പോകുന്ന ദിവസം ഞാന്‍ പറയാം. അതു നോക്കി വന്നാല് മതി.”

“അതിനിയെന്നാണാവോ.. അപ്പോഴേക്കും നിന്‍റെ ലീവ് കിട്ടുമോ?”

“നോക്കാം..”

ആ സമത്ത് വരുണിന് ദീപക്കിന്‍റെ കോള്‍ വന്നു.

“ശല്യം.. ഇവന് വിളിക്കാന്‍ കണ്ട നേരം.”

 വരുണ്‍ ഫോണെടുത്ത് കോള്‍ കട്ടു ചെയ്തു.

 മെറിന്‍ സംശയ ദൃഷ്ടിയോടെ വരുണിനെ നോക്കി,

“ആരാ ഈ പാതിരാത്രിക്ക് ഞാനല്ലാതെ നിന്നെ വിളിക്കാന്‍ ..”

വരുണ്‍ കൈ കൂപ്പിക്കൊണ്ട് മെറിനോട് പറഞ്ഞു

“പെണ്ണല്ല ഒരു ആണ്‍കോന്തനാ…”

“ഹും..”

മെറില്‍ അമര്‍ത്തിയൊന്നു മൂളി.

അവള്‍ പറഞ്ഞു

“നിന്നെ എനിക്കത്ര വിശ്വാസം പോരാ കേട്ടോ..”

“എന്തേയ്..”

“നിന്‍റെ ഫോണ്‍ കോണ്‍ടാക്ട്സ് മൊത്തം എനിക്കൊന്നു പരിശോധിക്കേണ്ടി വരും.”

“പരിശോധിച്ചോളൂ..”

ആ സമയം വരുണിന്‍റെ ഫോണില്‍ മഴത്തുള്ളിക്കിലുക്കം കേട്ടു.

ഒരു മെസെജ് വന്നു വീണതാണ്.

വരുണ്‍ മെസേജ് നോക്കി

ദീപക്കിന്‍റെ മെസേജ്

“അര്‍ജന്‍റ് ..പ്ലീസ്.”

വീണ്ടു ദീപക്കിന്‍റെ വീഡിയോ കോള്‍.

“എന്തോ അത്യാവശ്യമുണ്ട്.”

വരുണ്‍ മെറിനോട് പറഞ്ഞു:

“മെറിന്‍ ..പ്ലീസ് ഹോള്‍ഡ് ദ ലൈന്‍.. ഐ വില്‍ ബി ബാക്ക്..”

വരുണ്‍ മെറിന്‍റെ കോള്‍ കട്ടു ചെയ്തു ദീപക്കിന്‍റെ കോളെടുത്തു.

ദീപക്ക് വീഡിയോ കോളിലൂടെ വിവരങ്ങള്‍ അനൂഷയുടെ വിവരങ്ങള്‍ പറഞ്ഞു.

വരുണിന്‍റെ മുഖം ആകാംക്ഷ കൊണ്ടും പരിഭ്രമം കൊണ്ടും നിറഞ്ഞു.

വരുണ്‍ ഞെട്ടലോടെ ചോദിച്ചു 

“ആരും കടക്കാത്ത അനൂഷയുടെ ഹോസ്റ്റല്‍ റൂം. അവിടെ അവളുടെ കൂട്ടുകാരിയുടെ കൊലപാതകം നടക്കുന്നു. അതാരു ചെയ്തു.”

ദീപകിന് പരിഭ്രമം വിട്ടുമാറിയിട്ടില്ല.

“അതുതന്നെയാണ് ഞാനും തിരയുന്നത്.”

വരുണ്‍ ചോദിച്ചു:

“അനൂഷ ലൈനിലുണ്ടോ?”

“ഉണ്ട്.”

“എന്നാല്‍ വീഡിയോ കോണ്‍ഫറന്സിലൂടെ അവളോട് ആ ബോഡി എന്നു കാണിക്കാന്‍ പറയൂ..”

ദീപക്, ലൈനില്‍ തുടരുന്ന അനൂഷയോട് സംസാരിച്ചു..

പരിഭ്രമിച്ച മുഖവുമായി അനൂഷ സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടു.

“ദീപക്കേ എന്തെങ്കിലും ഹോപ്പുണ്ടോ..?”

ദീപക് പറഞ്ഞു

“എന്‍റെ സുഹൃത്താണ് വരുണ്‍.. ജോര്‍ണലിസ്റ്റാണ്.”

അനൂഷ ഞെട്ടി

“ജേര്‍ണലിസ്റ്റോ.. എടാ ചതിക്കരുത്.. ഇതൊക്കെ ന്യൂസായാല്‍ ഞാന്‍ പെട്ടുപോകും.”

ദീപക് അവളെ സമാധാനിപ്പി്ച്ചു.

“നീ പേടിക്കണ്ട.. ന്യൂസാകില്ല. നിനക്കിതില്‍ നിന്ന് തലയൂരാനുള്ള മാര്‍ഗം അവന്‍ പറയും.’

വരുണ്‍ ലൈനില്‍ വന്നു.

വരുണ്‍ അനൂഷയോട് പറഞ്ഞു

“അനൂഷാ ആ ബോഡി ഒന്നു കാണിക്കൂ.”

അനൂഷ അതു സമ്മതിച്ചു.

“ഓക്കേ.”

അനൂഷ മൊബൈല്‍ ക്യാമറയില്‍ മൃതദേഹം കാണിക്കാന്‍ തുടങ്ങി.

ഇളം ചാര നിറമുള്ള ടോ്പ്പും മെറൂണ്‍ ബോട്ടവുമാണ് ആ യുവതിയുടെ വേഷം

“അനൂഷാ സ്റ്റോപ്പ് ബോഡിയുടെ കവിള്‍ത്തടം ഒന്നു കാണിക്കൂ.. വലതു ഭാഗം..”

വരുണ്‍ ആവശ്യപ്പെട്ടു.

അനൂഷ മൊബൈല്‍ ക്യാമറ മൃതദേഹത്തിന്‍റെ വലതു കവിളിനോട് അടുപ്പിച്ചു പിടിച്ചു.

കവിളില്‍ ഒരു ചുവപ്പുപാട്..

വരുണ്‍ പറഞ്ഞു:

“അത് ലിപസ്റ്റിക് ആണ്..”

അനൂഷ ആശങ്കയിലായി

“ഗോഡ്…”

വരുണ്‍ തെല്ലു പരുങ്ങലോടെ ചോദിച്ചു

“ഞാനൊന്നു ചോദിച്ചോട്ടെ, … അത് അനൂഷയുടേതാണോ?”

“നിങ്ങളെന്താ ഉദ്ദേശിച്ചത്?”

“അനൂഷയുടേതാണോ ആ ലിപ്സ്റ്റിക്കിന്‍റെ പാട് എന്ന്.. തുറന്നു പറയൂ..”

അനൂഷ ദേഷ്യത്തോടെ മറുപടി പറഞ്ഞു

“നോണ്‍സെന്‍സ് …. ഐ ആം നോട്ട് എ ഹോമോ സെക്ഷ്വല്‍…പിന്നെ ആ ലിപ്സറ്റിക്.. അതെന്‍റേയല്ല. അതവളുടെ സ്വന്തം ലിപ്സ്റ്റിക്കും അല്ല…ഇത് കടും ചുവപ്പാണ്. അതിവിടെ ആരും ഉപയോഗിക്കുന്നില്ല.”

വരുണ്‍ അവളെ സമാധാനിപ്പിച്ചു.

“ഇറ്റ് ഈസ് ഓക്കേ. ഇനി ഞാന്‍ ഒരു സത്യം പറയട്ടെ ..”

“പറയൂ.”

“കേട്ടാല്‍ നിങ്ങള്‍ ഞെട്ടരുത്.”

“നിങ്ങള്‍ ഭയപ്പെടുത്താതെ കാര്യം പറയൂ.”

വരുണ്‍ ഏതാനും നിമിഷങ്ങള്‍ അനൂഷയെ നോക്കി നിന്നു. വീഡിയോ കോളില്‍ അവളുടെ ഹൃദയം പടപടാ മിടിക്കുന്നത് അവനു തൊട്ടറിയാമായിരുന്നു.

വരുണ്‍ പറഞ്ഞു.

“അതൊരു കൊലപാതകമാണ്.. കൊലപാതകം നടത്തിയത് ഒരു സ്ത്രീയും.”

അനൂഷ ഞെട്ടി 

“വാട്ട്.”

“യേസ്.. ആ കോലപാതകി നിങ്ങളുടെ അപ്പാര്‍ട്ട്മെന്‍റില്‍ തന്നെയുണ്ട്.”

അനൂഷ ഭയത്തോടെ ചുറ്റം നോക്കി

“ദൈവമേ..”

വരുണ്‍ പറഞ്ഞു

“അനൂഷ ഭയപ്പെടാതെ… ഇനിയെന്നെ നിങ്ങളുടെ ഹോസ്റ്റല്‍ റൂമിന്‍റ മുഴുവന്‍ ഭാഗങ്ങളും കാണിക്കണം. ഓക്കേ.”

“ഓക്കേ..”

അനൂഷ ധൈര്യം സംഭരിച്ചു.

വരുണ്‍ പറഞ്ഞു:

“കട്ടിലിന്‍റെ അടിയില്‍ നോക്കൂ.”

അനൂഷയുടെ മൊബൈല്‍ ക്യാമറ കട്ടിലിനടിയില്‍ ആശങ്കയോടെ പരതി.

അതിനടിയില്‍ ഒന്നുമില്ലായിരുന്നു.

വരുണ്‍ നിര്‍ദേശിച്ചു:

“ഇനി കര്‍ട്ടന്‍റെ ബാക്കില്‍… ആ ഹോസ്റ്റല്‍ റൂമില്‍ വേറേ സ്പേസുണ്ടോ?”

“ഇല്ല ഈ രണ്ട് കട്ടില്‍ മാത്രം. ഒരാള്‍ അവധിയില്‍ നാട്ടില്‍ പോയിരിക്കുന്നു. ആ ഗ്യാപ്പിലാണ് ഞാനിവളെ കൊണ്ടു വന്നത്. പിന്നെ ഇവിടെ ബാത്ത്റൂം സ്പേസും കബോര്‍ഡ് സ്പേസും ഉണ്ട്.”

“കബോര്‍ഡ് നോക്കൂ.”

അവള്‍ കബോര്‍ഡ് തുറന്നു നോക്കി.

“ഒന്നുമില്ല.”

“ഇനി ബാത്ത് റൂം നോക്കൂ അനൂഷ.”

വരുണ്‍ നമ്പ്യാര്‍ പറഞ്ഞു.

അനൂഷ ചങ്കിടിപ്പോടെ ബാത്ത്റൂം തുറന്നു.

അവള്‍ മൊബൈല്‍ ക്യാമറ നീട്ടിപ്പിടിച്ചുകൊണ്ട് അതിനകത്തേക്ക് മെല്ലെ കടന്നു.

പൊടുന്നനെ മൊബൈല്‍ ക്യാമറയില്‍ ഒരു ഇരുണ്ടരൂപം പ്രത്യക്ഷമായി..

അത് ക്യാമറയില്‍ ആഞ്ഞുപ്രഹരിച്ചു.

വരുണിന്‍റേയും. ദീപക്കിന്‍റേയും സ്ക്രീനുകളില്‍ പരിപൂര്‍ണ അന്ധകാരം നിറഞ്ഞു.

അനൂഷയുടെ നിലവിളി മുറിയുന്നതു കേട്ടു.

വരുണും ദീപക്കും പരിഭ്രാന്തരായി.

തുടരും

One thought on “മര്‍ഡര്‍ ഇന്‍ ലോക്ക്ഡൗണ്‍

Leave a Reply

Your email address will not be published. Required fields are marked *